കുപ്പുസ്വാമിയും കട്ടുറുമ്പും

 

 

 

 

 

 

 

കട്ടപ്പനക്കാരൻ കുട്ടൻ കട്ടുറുമ്പിനു ഒരു കെട്ട് പപ്പടം കിട്ടി .

കട്ടുറുമ്പ് പപ്പടക്കെട്ടും ചുമന്ന് വീട്ടിലെത്തി . അപ്പോഴാണ് കട്ടുറുമ്പിന്റെ കെട്ടിയവൾ കുട്ടിചീരുവിനു പപ്പടം വറുത്ത് തിന്നാൻ വല്ലാത്ത കൊതി തോന്നിയത് .

കട്ടുറുമ്പിന്റെ വീട്ടിൽ പപ്പടം വറുക്കാൻ ഒരു തുള്ളി എന്ന പോലും ഉണ്ടായിരുന്നില്ല .

കട്ടുറുമ്പ് എണ്ണ വിൽപ്പനക്കാരൻ കുപ്പുസ്വാമിയുടെ എണ്ണക്കടയിൽ ചെന്നു . എന്നിട്ട് സ്വാമിയോട് ചോദിച്ചു.

” കുപ്പുവമ്മാവാ കുപ്പുവമ്മാവാ എനിക്ക് ഒരു കെട്ട് പപ്പടം കിട്ടി. പപ്പടം വറുക്കാൻ ഇരുനാഴി എണ്ണ തരാമോ?”

” എണ്ണ തരാം പക്ഷെ പണം ഇപ്പോൾ കിട്ടണം …” കുപ്പുസ്വാമി, നിർബന്ധിച്ചു. .

” എന്റെ കയ്യിൽ പണമില്ല. കൊയ്ത്തു കഴിഞ്ഞാൽ രണ്ട് പറ അരിമണി കൊണ്ട് വന്നു തരാം ” കട്ടുറുമ്പ് വിനയത്തോടെ പറഞ്ഞു .

” പണമില്ലെങ്കിൽ പപ്പടം പച്ചക്കു തിന്നാൽ മതി” കുപ്പുസ്വാമി കട്ടുറുമ്പിനെ ആട്ടിപ്പായിച്ചു .

എണ്ണ കിട്ടാതെ കുട്ടൻ കട്ടുറുമ്പ് പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്കു പോയി . കുപ്പുസ്വാമിയോട് ഇതിനു പകരം വീട്ടണമെന്ന് കുട്ടൻ കട്ടുറുമ്പ് തീർച്ചയാക്കി .

അന്ന് സന്ധ്യക്ക് മുമ്പായി കുട്ടനുറുമ്പ് കുപ്പുസ്വാമിയുടെ വീട്ടിലേക്കു യാത്രയായി . കുട്ടൻ കട്ടുറുമ്പ് സങ്കടപ്പെട്ട് പോകുന്നത് കാലിതൊഴുത്തിൽ പാർക്കുന്ന നീലൻ കൊതുകു കണ്ടു.

നീലൻ കൊതുകു ചോദിച്ചു.

” കട്ടുറുമ്പേ കട്ടുറുമ്പേ കൂനി കൂനി എങ്ങോട്ടാ ?”

” എണ്ണക്കാരൻ കുപ്പുസ്വാമി എന്നെ വല്ലാതെ നാണം കെടുത്തി ഞാൻ അയാളോട് പകരം ചോദിക്കാൻ പോകയാണ് ” കട്ടുറുമ്പ് അറിയിച്ചു.

” എങ്കിൽ നിന്നെ സഹായിക്കാൻ ഞാനും വരാം ” നീലൻ കൊതുക് കട്ടുറുമ്പിന്റെ കൂടെ യാത്രയായി.

കുട്ടൻ കട്ടുറുമ്പും നീലൻ കൊതുകും കൂടി പോകുന്നത് അമ്മൻ കോവിലിലെ അമ്മിക്കല്ലു കണ്ടു . അമ്മിക്കല്ലു ചോദിച്ചു.

” രണ്ട് പേരും കൂടി എങ്ങോട്ടാ? ;;”

;” എണ്ണക്കാരൻ കുപ്പുസ്വാമി എന്നെ നാണം കെടുത്തി ഞാൻ അയാളോട് പകരം ചോദിയ്ക്കാൻ പോകയാണ് ” കട്ടുറുമ്പ് അറിയിച്ചു .

” എങ്കിൽ നിന്നെ സഹായിക്കാൻ ഞാനും വരാം ” അമ്മിക്കല്ലും അവരുടെ കൂടെ യാത്രയായി .

കുട്ടൻ കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും കൂടി സന്തോഷത്തോടെ നടന്നു പോകുന്നത് വേലിപ്പൊത്തിലെ വാലൻ തേൾ കണ്ടു . വാലൻ തേൾ ചോദിച്ചു .

” കുട്ടൻ കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും കൂടി എങ്ങോട്ടാ?”

”എണ്ണക്കാരൻ കുപ്പുസാമിഎന്നെ നാണം കെടുത്തി ഞാൻ അയാളോട് പകരം വീട്ടാൻ പോകയാണ് ” കട്ടുറുമ്പ് അറിയിച്ചു .

” എങ്കിൽ നിന്നെ സഹായിക്കാൻ ഞാനും വരാം ” വാലൻ തേൾ അവരുടെ കൂടെ യാത്രയായി.

കുട്ടൻ കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും വാലൻ തേളും കൂടി നടന്നു പോകുന്നത് പാമ്പാടി മുക്കിലെ പാമ്പാമ്മാവൻ കണ്ടു . പാമ്പമ്മാവൻ ചോദിച്ചു.

‘ ‘ കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും വാലൻ തേളും കൂടി എങ്ങോട്ടാ?”

” എണ്ണക്കാരൻ കുപ്പുസ്വാമി എന്നെ നാണം കെടുത്തി . ഞാൻ അയാളോട് പകരം വീട്ടാൻ പോകയാണ് ” കട്ടുറുമ്പ് അറിയിച്ചു .

” എങ്കിൽ നിന്നെ സഹായിക്കാൻ ഞാനും വരാം ” പാമ്പാമ്മാവൻ പത്തി വിടർത്തിക്കൊണ്ട് അവരുടെ കൂടെ യാത്രയായി.

കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും വാലൻ തേളും പാമ്പമ്മാവനും കൂടി പോകുന്നത് മുതലകൂപ്പിലെ മുറി മൂക്കൻ മുതല കണ്ടു . മുറി മൂക്കൻ മുതല ഉറക്കെ വിളിച്ചു ചോദിച്ചു.

” കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും വാലൻ തേളും പാമ്പമ്മാവനും കൂടി എങ്ങോട്ടാ?”

” എന്നെ എണ്ണക്കാരൻ കുപ്പുസ്വാമി എന്നെ നാണം കെടുത്തി ഞാൻ അയാളോട് പകരം വീട്ടാൻ പോകയാണ്”

കട്ടുറുമ്പ് അറിയിച്ചു.

” എങ്കിൽ നിന്നെ സഹായിക്കാൻ ഞാനും വരാം” മുറി മൂക്കൻ മുതല അവരുടെ കൂടെ യാത്രയായി .

കട്ടുറുമ്പും നീലൻ കൊതുകും അമ്മിക്കല്ലും വാലൻ തേളും പാമ്പമ്മാവനും മുറി മൂക്കൻ മുതലയും കൂടി രാത്രിയായപ്പോൾ കുപ്പുസ്വാമിയുടെ വീട്ടിലെത്തി.

കുപ്പുസ്വാമി രാത്രിയിലെ ശാപ്പാടും കഴിഞ്ഞ് കിടക്കയിൽ വന്നു കിടന്നു . ഈ തക്കം നോക്കി കട്ടുറുമ്പ് കിടക്കയുടെ അടിയിൽ ചെന്നിരുന്നു . നീലൻ കൊതുക് കൊതുകുവലയുടെ മുകളിൽ സ്ഥാനം പിടിച്ചു. അമ്മിക്കല്ലു വിറകിനു മീതെ കയറി പറ്റി . വാലൻ തേൾ സ്വാമിയുടെ തീപ്പട്ടിക്കുള്ളിൽ നുഴഞ്ഞു കയറി . പാമ്പമ്മാവൻ അടിച്ചു വാരുന്ന ചൂലിനുള്ളിൽ മറഞ്ഞിരുന്നു. മുറി മൂക്കൻ മുതല മാത്രം അകത്ത് കയറാതെ വാതിക്കൽ പായ വിരിച്ച് കിടന്നു.

കുപ്പുസ്വാമി ഉറക്കമായെന്നു കണ്ടപ്പോൾ കട്ടുറുമ്പ് ചെന്ന് കണങ്കാലിൽ കടിച്ചു. നീലൻ കൊതുക് മൂളിപ്പാട്ടും പാടി വന്ന് മൂക്കിനിട്ട് കുത്തി. കുത്തും കടിയും സഹിക്കാനാവാതെ വന്നപ്പോൾ കുപ്പുസ്വാമി തീപ്പട്ടി തപ്പിയെടുത്ത് തുറന്നു. ഈ തക്കം നോക്കി വാലൻ തേൾ സ്വാമിയുടെ കൈയിലൊരു കുത്തു കൊടുത്തു . കുപ്പുസ്വാമി വിളക്കു കത്തിച്ചു നോക്കിയപ്പോൾ തേളിനെ കണ്ടു . . തേളിനെ കൊല്ലാൻ ഓടിച്ചെന്ന് മൂലയ്ക്ക് ചാരി വച്ചിരുന്ന ചൂൽ കൈയിലെടുത്തു . ഇതുകണ്ട് ചൂലിനത്ത് ഒളിച്ചിരുന്ന പാമ്പമ്മാവൻ കുപ്പുസ്വാമിയുടെ കൈത്തണ്ടക്കിട്ട് ഒരു കൊത്ത് കൊടുത്തു.

പാമ്പിനെ കൊല്ലാൻ കുപ്പുസ്വാമി തട്ടുമ്പുറത്തിരുന്ന വിറകു വലിച്ചു . പെട്ടന്ന് വിറകിനു മേലെയിരുന്ന അമ്മിക്കല്ലു തത്തിപ്പൊത്തി കുപ്പുസ്വാമിയുടെ മൊട്ടത്തലയിൽ വീണു . മൊട്ടത്തല പൊട്ടിയത് കണ്ട് കുപ്പുസ്വാമി പേടിച്ച് വാതിൽ തള്ളിത്തുറന്നു പുറത്ത് കടന്നു.

ഈ സമയത്ത് വാതിൽക്കൽ കിടന്ന മുറി മൂക്കൻ മുതല കുപ്പുസ്വാമിയെ പിടി കൂടി. സ്വാമിയെ കിട്ടിയെന്ന് കണ്ടപ്പോൾ കട്ടുറുമ്പും അമ്മിക്കല്ലും വാലൻ തേളും പാമ്പമ്മാവനുമെല്ലാം ഓടിയെത്തി അയാളെ വളഞ്ഞു . കു പ്പുസ്വാമി നിലവിളിച്ചുകൊണ്ട് പറഞ്ഞു.

” പൊന്നു കൂട്ടുകാരെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തരാം എന്നെ കൊല്ലരുത് ”

ഇതുകേട്ട മുറിമൂക്കൻ മുതല സ്വാമിയോട് പറഞ്ഞു .

” കുപ്പുവമ്മാവാ , നിങ്ങൾ കട്ടുറുമ്പിനെ എണ്ണ കൊടുക്കാതെ നാണം കെടുത്തിയില്ലേ അതിന് അവനോട് മാപ്പുചോദിക്കണം ”

” ചോദിക്കാം ” കുപ്പുസ്വാമി സമ്മതിച്ചു.

” ഒരു വീപ്പ എണ്ണയും കൊടുക്കണം ” അവർ പറഞ്ഞു..

” കൊടുക്കാം ” സ്വാമി തലകുലുക്കി . അയാൾ കട്ടുറുമ്പിനു എണ്ണ കൊടുത്തു അവർ കട്ടുറുമ്പിന്റെ വീട്ടിലെത്തി . എന്നിട്ട് പപ്പടം വറുത്ത് പങ്കു വച്ച് തിന്നു.

ചെറിയവർ ഒത്തു ചേർന്നാൽ വലിയ കാര്യുങ്ങൾ നേടാമെന്ന് അവർക്കു മനസിലായി .,

 

 

.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English