കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍

 

bk_8930ശക്തമായ രാഷ്ട്രീയ നിലപാടുകളാൽ ശ്രദ്ധേയയായ അദ്ധ്യാപിക ദീപ നിഷാന്ത് എഴുത്തുകാരി എന്ന നിലയിലും മലയാളികൾക്ക് പ്രിയപ്പെട്ട ഒരാളായിട്ടു അധികകാലമായിട്ടില്ല. ഇവരുടെ രണ്ടു അനുഭവക്കുറിപ്പുകൾ ഏറെ വായിക്കപ്പെട്ടവയായണ്. ഗൃഹാതുരതയും, രാഷ്ട്രീയവും, പ്രണയവും എല്ലാം കടന്നു വരുന്ന വ്യത്യസ്തത നിറഞ്ഞ പുസ്തകമായ കുന്നോളമുണ്ടല്ലോ ഭൂതകൾക്കുളിർ എന്ന പുസ്തകത്തിന് നിരൂപകയും പ്രഭാഷകയുമായ ശാരദക്കുട്ടി എഴുതിയ ചെറുകുറിപ്പ് വായിക്കാം

ദീപയുടെ ചെറുകുറിപ്പുകളില്‍ ചിലപ്പോള്‍ ഞാന്‍ എന്നെത്തന്നെ കാണുന്നുണ്ട്. ഒരു കൗമാരമനസ്സിന്റെ തിടുക്കങ്ങളും വെപ്രാളങ്ങളുമാണ് അവയില്‍ ഏറ്റവും ആകര്‍ഷണീയമായി ഞാന്‍ കാണുന്നത്. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് യേശുദാസ് നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയായി ദീപ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പ്രതികരണം എനിക്ക് വളരെ ശ്രദ്ധേയമായി തോന്നിയിരുന്നു. അതിലെ നര്‍മവും സാമൂഹികവിമര്‍ശനവും ഒരുപാടു പേര്‍ കയ്യടിച്ചു സ്വീകരിച്ചുവെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. ഒരു പെണ്ണിനുമാത്രം വശമുള്ളതായിരുന്നു അതിലെ പ്രഹരശേഷിയുള്ള ആക്ഷേപം.

നിത്യജീവിതത്തില്‍ ഓരോ സംഭവത്തിനോടും പ്രതികരിക്കുന്നതിനിടയില്‍ സ്ത്രീ തെളിയിക്കാറുണ്ട്, ഭാഷകൊണ്ടുള്ള ഒരു കളിയാണ് തങ്ങളുടെ ജീവിതമെന്ന്. ഓരോ നാരിനും നൂറു നാവുകളുള്ള ഭാഷയിലൂടെ അവള്‍ ജീവിതത്തിലെ നൂറായിരം പ്രശ്‌നങ്ങളെ ചിലപ്പോള്‍ ചിരിച്ചുതള്ളുന്നു. മറ്റുചിലപ്പോള്‍ അടിച്ചൊതുക്കുന്നു. പിന്നെ ചിലപ്പോള്‍ വരുതിയിലാക്കുന്നു. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞു നല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ്. വായനാസുഖമുള്ള, സാമൂഹികബോധമുള്ള കുറിപ്പുകളാണ് ഇവ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here