കുന്നിറങ്ങുന്ന പോക്കുവെയിൽ..

 

 

 

 

 

 

 

കവിയും കഥാകാരനുമായ ക്ളാപ്പന ഷൺമുഖന്റെ ഓർമ്മക്കുറിപ്പുകളാണ് മെലിൻഡ ബുക്സ് പ്രസിദ്ധീകരിച്ച ‘’പോക്കുവെയിൽ കുന്നിറങ്ങുന്നു’’’.ഹൃദയത്തോട് ചേർത്തു വെച്ച ഓർമ്മകളിലൂടെ ഗ്രന്ഥകാരനോടൊപ്പം വായനക്കാരനും കടന്നു പോകുന്നു.

’’ഹൃദയത്തിലൊഴുകുന്ന സുബാൻസാരി’’ എന്ന അധ്യായത്തൊടെയാണ് ഓർമ്മകൾക്ക് തുടക്കമാകുന്നത്. സൈനികനായിരിക്കെ അലഹബാദിൽ ചിലവഴിച്ച അവിസ്മരണീയമായ മൂന്നു വർഷങ്ങളാണ് പ്രഥമ ലേഖനത്തിൽ അനുസ്മരിക്കുന്നത്. വലിയ മതിലുകളും കൂററൻ ഗേറ്റുമുള്ള കെട്ടിടത്തിൽ രാത്രി കഴിച്ചു കൂട്ടിയത് ഭീതിയോടെയായിരുന്നു എന്ന് ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു.കാട്ടാനകളുടെ ശല്യം കാരണം എപ്പോഴും പേടിയോടെയായിരുന്നു ഉറക്കം.. ആഴ്ച്ചയിലൊരിക്കൽ ടൗണിൽ പോകുന്നത് മാത്രമായിരുന്നു പുറം ലോകവുമായുണ്ടായിരുന്ന ബന്ധം.അങ്ങനെ പോകവെ ചായ കുടിച്ചിരുന്ന മലബാറുകാരായ തോമസും ഭാര്യയും നടത്തിയിരുന്ന ചായക്കടയുടെ കാര്യം ലേഖകൻ ഓർക്കുന്നു.ഈ ദുർഘട പാതയിലും മലയാളികളെ കണ്ടു മുട്ടിയപ്പോൾ ആശ്ചര്യപ്പെട്ടില്ല,ചൊവ്വയിൽ ചെന്നാലും അവിടെയും ഒരു മലയാളി കാണുമെന്നാണല്ലോ ചൊല്ല്? പക്ഷേ,ഒരു ദിവസം അവിടെ കട കാണാനില്ല.അന്യേഷണത്തിലാണറിയുന്നത്,കാട്ടാനയുടെ ആക്രമണത്തിൽ അവർ മരിച്ചുവെന്ന്. അതറിഞ്ഞപ്പോൾ ലേഖകനുണ്ടായ ദുഖം വായനക്കരന്റെതുമായി മാറുന്നു. ഇങ്ങനെ നിരവധി ദുർഘട നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞതെങ്കിലും അവിടുത്തെ ക്യാമ്പ് അവസാനിച്ച് പോകാറായപ്പോൾ വല്ലാത്ത വിഷമമായി പ്രകൃതി ഭംഗിയും വനക്കാഴ്ച്ചകളും സുബാൻസാരി നദിയുമൊക്കെ അത്രമേൽ മനസ്സിനോട് ചേർത്തു വെക്കപ്പട്ടതിനാലാണ് വിരഹം വേദനയായി മാറിയത്.

പത്ര ഏജന്റായും വിതരണക്കാരനായും പ്രവർത്തിച്ചിരുന്ന ജ്യേഷ്ടനെ സഹായിക്കൻ ഇറങ്ങിയ കാര്യം അനുസ്മരിച്ചു കൊണ്ട് അന്നത്തെയും ഇന്നത്തെയും പത്ര വിതരണത്തിൽ വന്ന വ്യതിയാനങ്ങളുടെ നിരീക്ഷണമാണ് ‘’പത്രങ്ങളും പത്രവിതരണവും കയറി വന്ന വഴികൾ ‘’ എന്ന ലേഖനത്തിൽ അക്കാലത്ത് ഞായറാഴ്ച്ച അവധിയായതിനാൽ . തിങ്കളാഴ്ച്ച ഒരു പത്രവും ഉണ്ടായിരുന്നില്ലെന്നും,അതിന് മാറ്റം വരാൻ തുടങ്ങിയത് കേരള കൗമുദി മൺഡേ മാഗസിൻ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയാണെന്നും ഗ്രന്ഥ കർത്താവ് ചൂണ്ടിക്കാണിക്കുന്നു.കേശവദേവിന്റെ ആത്മകഥയായ എതിർപ്പ് പ്രസിദ്ധീകരിച്ചത് മൺഡേ മാഗസിനിലായിരുന്നു.

പ്രസിദ്ധ നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എ.പി.കളയ്ക്കാടിനെ അനുസ്മരിക്കുകയാണ് ‘’തീക്കനൽ ചവുട്ടി നടന്നു പോയൊരാൾ’’ എന്ന ലേഖനത്തിൽ. അതു പോലെ പരശസ്ത നിരൂപകനായിരുന്ന പ്രൊ.എം.കൃഷ്ണൻ നായരെ ‘’മഹാമേരുവിന്റെ താഴ്വരയിൽ’’ എന്ന ലേഖനത്തിൽ  അനുസ്മരിക്കുന്നുണ്ട്. നിരൂപകനെന്ന നിലയിലുണ്ടായിരുന്ന കാർക്കശ്യമൊന്നും സൗഹൃദങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് സ്വന്തം അനുഭവം വിവരിച്ചു കൊണ്ട് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. നേരിട്ട് വീട്ടിൽ ചെന്ന് പരിചയപ്പെട്ട തന്നോട് വളരെ നേരം സാഹിത്യപരവും വ്യക്തിപരവുമായ കാര്യങ്ങൾ സംസാരിച്ച അദ്ദേഹം എത്രമാത്രം സ്നേഹസമ്പന്നനായിരുന്നുവെന്ന് ലേഖകൻ അനുസ്മരിക്കുന്നു.
നമ്മൾ പുറമെ അറിയുന്നതു പോലെ ആരും അത്ര പരുക്കൻമാരല്ല എന്ന കാര്യം ഇ.വി.ശ്രീധരൻ.ഇ.വാസു,ജി.എൻ.പണിക്കർ തുടങ്ങിയവരുമായുള്ള അനുഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു.തന്റെ ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഇവരുമായൊക്കെ ഇടപഴകേണ്ടി വന്നപ്പോഴാണ് അവരുടെ മനസ്സ് അറിയാൻ കഴിഞ്ഞതും പുറമെ പ്രചരിപ്പിക്കപ്പെടുന്ന കാർക്കശ്യങ്ങൾക്കപ്പുറം സ്നേഹം നിറഞ്ഞ ഒരു മനസ്സും സമീപനവുമാണ് അവർക്കുള്ളതെന്ന് അറിയാൻ കഴിഞ്ഞതെന്നും ഗ്രന്ഥകാരൻ പറയുന്നു.

എൺപതുകളിൽ കേരളത്തിൽ സജീവമായിരുന്ന മിനിമാസികകളുടെ ചരിത്രം പറയുകയാണ് ‘’കുഞ്ഞുമാസികകൾക്കിടയിലെ സമത’’ എന്ന ലേഖനത്തിൽ. വൻകിട പ്രസിദ്ധീകരണങ്ങളുടെ അവഗണനയിൽ നിന്നാകണം ഇവയുടെ തുടക്കം  എന്ന് ലേഖകൻ വിലയിരുത്തുന്നു. ഇന്ന്, ഉൺമ തുടങ്ങി ഏതാനും മാസികകൾ മാത്രമാണ് പ്രതിസന്ധികളെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നത്. തുടക്കക്കാരായ പല എഴുത്തുകാരുടെയും ആശയും ആവേശവുമായിരുന്നു ഇത്തരം കുഞ്ഞു മാസികകൾ.അതോടൊപ്പം വലിയ സാഹിത്യകാരൻമാരുടെ കുഞ്ഞു രചനകളും ഇവയിൽ വന്നിരുന്നു.കെൽട്രോണിൽ ജോലി ചെയ്യുമ്പോൾ തന്റെ പത്രാധിപത്യത്തിൽ നടന്നു വന്ന സമത എന്ന മാസികയുടെ കഥ ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു.അവിടെ നിന്നു തന്നെ നിദേശം എന്ന മറ്റൊരു മാസികയും ഇറങ്ങിയിരുന്നു അവസരമില്ലാതിരുന്ന തുടക്കക്കാർക്ക് തുറന്നു കിട്ടിയ വാതിലായിരുന്നു ഇൻലൻഡ് രൂപം മുതൽ ഫോൾഡ് രൂപത്തിൽ വരെ 4 മുതൽ 8 പേജുകളുള്ള ഈ മാസികകൾ. കേരളത്തിൽ അങ്ങോളമിങ്ങോളം സൃഷ്ടിച്ച ചലനങ്ങൾ ഗ്രന്ഥകാരൻ വിശദമാക്കുന്നു.ഒടുവിൽ നിരവധി പുതിയ പ്രസിദ്ധീകരണങ്ങൾ രംഗത്തു വരികയും എഴുത്തുകാർക്ക് അവസരങ്ങൾ കിട്ടിത്തുടങ്ങുകയും ചെയ്തതോടെ കുഞ്ഞു മാസികകൾ പലതും നിലച്ചു.എങ്കിലും നിരവധി സൗഹൃദങൾക്ക് വഴി തെളിച്ച ആ മിനിമാസികാക്കാലം അവിസ്മരണയീമായിരുന്നുവെന്ന് ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു.

എഴുത്തിന്റെ ആദ്യാനുഭവങ്ങൾ തികഞ്ഞ സത്യസന്ധതയോടെ ഗ്രന്ഥകാരൻ വരച്ചിടുന്നു.പല എഴുത്തുകാരുടെയും തുടക്കം പോലെ നാട്ടീലെ ഗ്രന്ഥശാല തെളിയിച്ചു കൊടുത്ത അക്ഷരദീപത്തിൽ നിന്നായിരുന്നു യുടക്കം. പതിനെട്ടാം വയസ്സിൽ നേവിയിൽ ചേരാൻ പോകും വരെ ഒട്ടനവധി പുസ്തകങ്ങൾ വായിച്ചു തീർത്തു.തലങ്ങും വിലങ്ങും യുദ്ധ വിമാനങ്ങൾ പായുന്നതിനിടയിലും കവിതയെഴുതാൻ സമയം കണ്ടെത്തി,സർഗ്ഗ വാസന വിടരാൻ ഏകാന്തത വേണമെന്ന് നിർബന്ധമില്ലെന്ന് അനുഭവത്തിലൂടെ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.
ഒരു കാലത്ത് നാട്ടിലെ പ്രസിദ്ധീകരണങ്ങളെക്കാൾ മറുനാട്ടിലെ പ്രസിദ്ധീകരണങ്ങളായിരുന്നു വളർന്നു വരുന്ന സാഹിത്യകാരൻമാരുടെ ആശ്രയം.അതിൽ പ്രമുഖമായ വാരികയായിരുന്നു അന്യേഷണമെന്ന് ലേഖകൻ അനുസ്മരിക്കുന്നു,വിശ്വകേരളം, ബോംബേ കേരളം, ബോബെ വേദി, മുദ്ര തുടങ്ങിയ അക്കാലത്ത് ശ്രദ്ധേയമായിരുന്ന പ്രസിദ്ധീകരണങ്ങളുടെ ചരിത്രം ലേഖകൻ ഓർത്തെടുക്കുന്നു. മറുനാട്ടിൽ ജോലിയ്ക്കായി പോയി ജീവിതം പറിച്ചു നട്ടവർക്ക് വിരസമായ നിമിഷങ്ങളിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ പകർന്നിരുന്ന ആശ്വാസം ചെറുതല്ല. മൊബൈൽ ഫോണും വാട്ട്സ് ആപ്പും ഫെയ്സ് ബുക്കുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഇതൊക്കെയായിരുന്നല്ലോ മറുനാടൻ മലയാളികളുടെ ആശ്രയം.

ബോംബെയിൽ നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന വിശാല കേരളം, കൽക്കട്ടയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള രശ്മി, രാജധാനി തുടങ്ങി മറുനാട്ടിലും നാട്ടിലുമുണ്ടായിരുന്ന പല പ്രസിദ്ധീകരണങ്ങളെയും കാര്യം ഗ്രന്ഥകർത്താവ് ’’നുങ്കം പക്കത്ത് ലഭിച്ച സൽക്കാരം’’’ എന്ന കുറിപ്പിൽ പരാമർശിക്കുന്നു.
ഇത്തരം നിരവധി അനുഭവങ്ങളിലൂടെ ഗ്രന്ഥകർത്താവ് നമ്മെയും ഒപ്പം കൊണ്ടുപോകുന്നു. ബാല്യകൗമാര യൗവ്വനങ്ങളിലെ ജീവിതത്തിന്റെ,സാഹിത്യപ്രവർത്തനത്തിന്റെ,ജോലിയിടങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന ക്ളാപ്പന ഷൺമുഖന്റെ ‘’പോക്കുവെയിൽ കുന്നിറങ്ങുന്നു’’എന്ന ഓർമ്മക്കുറിപ്പുകൾ അതീവ ഹൃദ്യമായ ഒരു വായനാനുഭവം തന്നെയാണ്.

പ്രസിദ്ധീകരണം. മെലിൻഡ ബുക്സ്, തിരുവനന്തപുരം. 33.

വില 130 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസമൃദ്ധി
Next articleതടങ്കൽ സഞ്ചാരങ്ങൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English