അച്ഛനും അമ്മയുമൊന്നുമില്ലാത്ത ഒരു പാവം കുട്ടിയായിരുന്നു കുഞ്ഞിക്കീരന്‍.
കുഞ്ഞിക്കീരന് ആകെയുണ്ടായിരുന്ന സ്വത്ത് ഒരു തുണ്ടു പാടമായിരുന്നു . ഒറ്റക്കാണെങ്കിലും അവന്‍ പാടത്ത് വിത്തു വിതച്ചു . കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍ച്ചെടികള്‍ മുളച്ചു പൊങ്ങി .
നെല്ലുവിളയുന്നതുവരെ ലോകമൊക്കെ ഒന്നു ചുറ്റി കാണാമെന്നു കുഞ്ഞിക്കീരന്‍ തീരുമാനിച്ചു . നടന്നു നടന്ന് അവന്‍ കടുഞ്ചേരി മലയുടെ താഴ്വരയിലെത്തി. അപ്പോള്‍ അവിടെ മരം കോച്ചുന്ന തണുപ്പായിരുന്നു . ഇനി എങ്ങോട്ടാണു പോവുക? അപ്പോഴതാ എവിടെ നിന്നോ ചെണ്ട മേളം കേള്‍ക്കുന്നു ! കുഞ്ഞിക്കീരന്‍ വേഗം അങ്ങോട്ടു നടന്നു . കടുഞ്ചേരി മലയില്‍ അന്ന് മലങ്കാളിയമ്മയുടെ ഉത്സവം നടക്കുകയായിരുന്നു. മലങ്കുറവന്‍മാരും കുറത്തികളും ചേര്‍ന്ന് ഒരു വലിയ കാട്ടാടിനെ കൊന്ന് സദ്യ നടത്തുന്ന നേരത്താണ് കുഞ്ഞിക്കീരന്‍ അവിടെ എത്തിയത്. വിശന്നു വലഞ്ഞ കുഞ്ഞിക്കീരന്‍ അവരോടു ആഹാരം ചോദിച്ചു പക്ഷെ അപ്പോഴേക്കും ഭക്ഷണമെല്ലാം തീര്ന്നിരുന്നു. തണുത്തു വിറക്കുന്ന കുഞ്ഞിക്കീരനെ കണ്ട് കുറവന്മാര്ക്കും കുറത്തിമാര്ക്കും സങ്കടം തോന്നി. അവരുടെ തലവനായ കാട്ടുമൂപ്പന്‍ പറഞ്ഞു.
” ചോറും കറിയുമെല്ലാം തീര്‍ന്നു പോയി എന്നാലും തണുപ്പു മാറ്റാന്‍ നിനക്കൊരു കാട്ടാടിന്‍ തോല്‍ നല്കാം ”
കാട്ടുമൂപ്പന്‍ നല്കിയ ആട്ടിന്‍ തോല്‍ പുതച്ചതോടെ കുഞ്ഞിക്കീരന്റെ തണുപ്പെല്ലാം മാറി. അവന്‍ ഉത്സാഹത്തോടെ തന്റെ കുടിലില്‍ തിരിച്ചെത്തി. എന്നിട്ട് ആട്ടിന്‍ തോല്‍ ഒരു മൂലക്കു തൂക്കിയിട്ടു.
പിറ്റേന്ന് പാടത്തു പോയി തിരിച്ചെത്തിയ കുഞ്ഞിക്കീരന്‍ കണ്ടത് ചോറും കറിയുമെല്ലാം അടുക്കളയില്‍ ആരോ വിളമ്പി വച്ചിരിക്കുന്നതാണ് . അവന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി ആരാണിതെല്ലാം വിളമ്പി വച്ചത്? പക്ഷെ ആരേയും കണ്ടില്ല. ഒടുവില്‍ അവന്‍ വിളിച്ചു ചോദിച്ചു.
” ചോറും കറിയും വിളമ്പി വച്ചത് ആരാണെന്നു പറയാമോ ?”
അപ്പോള്‍ കുടിലിന്റെ മൂലക്കിരിക്കുന്ന ആട്ടിന്‍ തോല്‍ പറഞ്ഞു.
” ചോറും കറിയുമൊക്കെ വിളമ്പി വച്ചത് ഞാനാ ”
ഇതു കേട്ടു കുഞ്ഞിക്കീരനു സന്തോഷമായി . തനിക്കു കിട്ടിയിരിക്കുന്നത് ഒരു മാന്ത്രികത്തോലാണെന്ന് അവനു മനസിലായി.
ഒരു ദിവസം പാടത്തു ചെന്നപ്പോള്‍ നെല്‍ക്കതിരുകള്‍ ആരോ മുറിച്ചെടുത്തതായി കുഞ്ഞിക്കീരനു തോന്നി. അന്നു രാത്രി പാടത്ത് അവനൊരു കെണി വച്ചു.
പിറ്റേന്നു നോക്കിയപ്പോള്‍ ഒരു കുരങ്ങുണ്ണിയമ്മാവനും കണ്ടന്‍ ചുണ്ടെലിയും കെണിക്കകത്തു വീണു കിടക്കുന്നതാണ് കുഞ്ഞിക്കീരന്‍ കണ്ടത് . രണ്ടിനേയും വെള്ളത്തില്‍ മുക്കിക്കൊല്ലാമെന്നു കുഞ്ഞിക്കീരന്‍ വിചാരിച്ചു.
” ഞങ്ങളെ കൊല്ലാതെ വിട്ടാല്‍ പിന്നീട് നിന്നെ ഞങ്ങള്‍ സഹായിക്കാം ”
ഇതുകേട്ട കുഞ്ഞിക്കീരന്‍ അവരെ വെറുതെ വിട്ടു. അന്നു വൈകീട്ട് കുഞ്ഞിക്കീരന്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ഒരു മഞ്ഞത്തവളയെ കിട്ടി.
” എന്നെ വെറുതെ വിട്ടാല്‍ പിന്നീട് നിന്നെ ഞാന്‍ സഹായിക്കാം ”
ഇതു കേട്ടു കുഞ്ഞിക്കീരന്‍ മഞ്ഞത്തവളയെ വിട്ടയച്ചു.
ഇതിനിടയിലാണ് പെരുങ്കണ്ണന്‍ എന്ന ഭയങ്കരനായ ഒരു രാക്ഷസന്‍ കുഞ്ഞിക്കീരനെ പിടികൂടി ഒരു മരത്തില്‍ കെട്ടിയിട്ട് മാന്ത്രികത്തോലും കൊണ്ടു കടന്നു കളഞ്ഞത് .
കുഞ്ഞിക്കീരന്‍ പെട്ടന്ന് കുരങ്ങുണ്ണിയമ്മാവന്റെയും കണ്ടന്‍ ചുണ്ടെലിയുടേയും മഞ്ഞത്തവളയുടേയും കാര്യം ഓര്‍ത്തു . അവന്‍ അവരെ ഉറക്കെ വിളീച്ചു കുഞ്ഞിക്കീരന്റെ വിളീകേട്ട് കുരങ്ങുണ്ണിയമ്മാവനും കണ്ടന്‍ ചുണ്ടെലിയും മഞ്ഞത്തവളയും ഓടി വന്നു കയറെല്ലാം കടിച്ചു മുറിച്ച് അവര്‍ കുഞ്ഞിക്കീരനെ രക്ഷിച്ചു. മാന്ത്രികത്തോല്‍ തിരിച്ചെടുത്തു കൊടുക്കാമെന്ന് പറഞ്ഞ് കുരങ്ങുണ്ണിയമ്മാവന്‍ ചുണ്ടെലിയെയും മഞ്ഞത്തവളയേയും കൂട്ടി പെരുങ്കണ്ണന്‍ രാക്ഷസന്റെ താവളത്തിലേക്കു കുതിച്ചു.
മാന്ത്രികത്തോല്‍ ഒരു അയയില്‍ തൂക്കിയിട്ടിട്ട് രാക്ഷസന്‍ ഒരു മൂലയ്ക്കു കിടന്നു ഉറങ്ങുന്നതാണ് അവര്‍ കണ്ടത്. കണ്ടന്‍ ചുണ്ടെലി ഉടനെ അയക്കയര്‍ കരണ്ടു മുറിച്ചു . അയ പൊട്ടി വീണപ്പോള്‍ കുരങ്ങുണ്ണിയമ്മാവന്‍ മാന്ത്രികത്തോല്‍ കയ്യിലാക്കി.
വഴിക്കു വച്ച് കുരങ്ങുണ്ണീയമ്മാവന്റെ കയ്യില്‍ നിന്നും മാന്ത്രികത്തോല്‍ നദിയില്‍ വീണൂ പോയി. എങ്കിലും മഞ്ഞത്തവള അതു മുങ്ങിയെടുത്തു. വൈകാതെ അവര്‍ കുഞ്ഞിക്കീരന്റെ അടുത്തെത്തി തോല്‍ തിരികെ ഏല്പ്പിച്ചു.
പെട്ടന്ന് ഒരു രാജകുമാരി അവിടെ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു.
” കുഞ്ഞിക്കീര ചങ്ങാതീ നീ മന്ത്രത്തോലു കുടഞ്ഞാട്ടെ ”
കുഞ്ഞിക്കീരന്‍ ഉടനെ തോലെടുത്തു കുടഞ്ഞു അതില്‍ നിന്നും പൊന്നും വെള്ളിയും രത്നങ്ങളും വീഴാന്‍ തുടങ്ങി . കുഞ്ഞിക്കീരന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു അവന്‍ മൂന്നു ചങ്ങാതിമാരോടും നന്ദി പറഞ്ഞു എന്നിട്ട് രാജകുമാരിയെ വിവാഹം ചെയ്തു ഒരു രാജകുമാരനേപ്പോലെ കഴിഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English