ഈ കഥയിലെ ഹീറോ അല്ലെങ്കിൽ വില്ലൻ കുഞ്ഞപ്പൻ . 91 വർഷം പഴക്കമുള്ള ഈ കഥയിലെ കഥാപാത്രങ്ങളിൽ ഒരാൾ ഒഴികെ ഇപ്പോൾ ആരും ജീവിച്ചിരിപ്പില്ല.
കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു സ്ഥലത്തുതന്നെ. വർഷം: 1929. സ്ഥലം: പത്രോസ്‌ളീഹയുടെ പേരിൽ പുതുതായി പണിത പള്ളിയും അതിന്റെ സെമിത്തേരിയും.
കുഞ്ഞപ്പൻ സെമിത്തേരിയിലേക്ക് നോക്കി മറ്റുള്ളവരെ വെല്ലുവിളിക്കും പോലെ വിളിച്ചു പറഞ്ഞു.
“ഈ സെമിത്തേരിയിൽ ആദ്യ ശവം എന്റെ കുടുംബത്തിൽ നിന്നും ആയിരിയ്ക്കും. അതെന്തിനെന്നു ചോദിച്ചാൽ ഈ പള്ളിയിലെ വരുന്ന തലമുറകൾ ഞങ്ങളുടെ കുടുംബം ഈ പള്ളിക്കുവേണ്ടി ചെയ്തതൊക്കെയും ഓർത്തിരിക്കുവാൻ വേണ്ടി മാത്രം.”
കൂടി നിന്ന കുടുംബക്കാർക്കതു പിടിച്ചില്ല. വാക്ക് തർക്കമായി….ആകെയുള്ള 3 കുടുംബക്കാർ തമ്മിൽ സെമിത്തേരിയിൽ കിടന്നു പൊരിഞ്ഞ അടിയായി.
ബഹളം കേട്ട് അച്ഛൻ ഓടിയെത്തി…. എല്ലാവരെയും സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു… മൂന്നു കുടുംബക്കാരും ഒരേ ശപഥമെടുത്തു പിരിഞ്ഞു…. ആദ്യ ശവം വീഴുന്നത് ഞങ്ങളുടെ കുടുംബത്തിൽ നിന്നായിരിക്കും….
കുഞ്ഞപ്പൻ വീട്ടിൽ പോയില്ല… രാത്രിയിൽ മൂക്കറ്റം കുടിച്ചു വീട്ടിലേക്കു കയറിച്ചെന്നു. അസുഖമായിക്കിടന്ന അപ്പനെ തോളിലേറ്റി സെമിത്തേരിയിലേക്ക് നടന്നു.
“കുഞ്ഞപ്പാ നീയെന്നെ എവിടേക്കൊണ്ട്പോവ.” അപ്പൻ ചോദിച്ചു.
“സെമിത്തേരിയിലേക്ക്..” കുഞ്ഞപ്പൻ.
“അതിനു ഞാൻ ചത്തില്ലല്ലോട..” അയാൾ കരഞ്ഞു.
“അവിടെത്തുമ്പോഴേക്കും ചത്തോളും..” കുഞ്ഞപ്പൻ പറഞ്ഞു.
മഴ ഇരച്ചു പെയ്തു…അവന്റെ അപ്പന്റെ കരച്ചിൽ ആരും കേട്ടില്ല. അവൻ വെല്ലുവിളിച്ചു പറഞ്ഞത് പോലെ ചെയ്തു….
ഇന്ന് കുഞ്ഞപ്പന്റെ ജീവനുള്ള ശവവുമായി അയാളുടെ 2 മക്കൾ സെമിത്തേരിയുടെ സ്ലാബ് ഇളക്കുന്നത് എനിക്ക് കാണാം… ഞാൻ അത് നോക്കി സെമിത്തേരിയുടെ വെളിയിൽ നിന്നു…
മഴ പെയ്തു തുടങ്ങിയിരുന്നു കുഞ്ഞപ്പന്റെ കരച്ചിൽ ആ മഴയിൽ ആരും കേട്ടില്ല.