കൂനിയും നീലാണ്ടനും പിന്നെ ഷാഡോയും

kooniഇതാ, ഇപ്പോള്‍ ഒരു പ്രതിനിധിയേയും നായ്ക്കള്‍ ആക്രമിച്ചിരിക്കുന്നു. മൂന്നു നാലു മാസം മുമ്പുണ്ടായ ഒരു വര്‍ത്തയും മനസ്സിലേക്ക് ഓടിയെത്തി. ഒരു പാവം വൃദ്ധ സ്‌ത്രീയെ പട്ടികള്‍ കടിച്ച്‌കൊന്ന്‌ ഭക്ഷിച്ചു തീര്‍ത്തുവെന്നയിരുന്നു അത്. ഡിസ്‌കവറി ചാനലിലും നാഷണല്‍ ജ്യോഗ്രഫി ചാനലിലും തല്‍പരനായ എന്റെ മകന്‍ പറഞ്ഞത്‌ എനിക്ക്‌ ഓര്‍മ്മ വന്നു. ഏറ്റവും ക്രൂരമായ വേട്ടയാടല്‍ നായ്‌ക്കളുടേതാണത്രെ. സിംഹം, കടുവ, പുലി മുതലായ മാര്‍ജാര വര്‍ഗ്ഗങ്ങള്‍ കഴുത്തിലുള്ള രക്തക്കുഴല്‍ (ജുഗുലാര്‍ വെയ്‌ന്‍) മുറിച്ച്‌ രക്തം ഒഴുക്കി ഇരയെ കൊന്നശേഷം മാത്രമേ അവയെ ഭക്ഷിക്കുകയുള്ളൂ. പക്ഷെ നായ്‌ക്കള്‍ കൂട്ടം കൂടി ആക്രമിച്ച്‌ ജീവനുള്ളവയുടെ മാംസം കടിച്ച്‌ പറിച്ച്‌ തിന്നും. ഇരയ്‌ക്കുണ്ടാകുന്ന വേദന അതി ഭയങ്കരമായിരിക്കും. ആ അമ്മ എന്തുമാത്രം വേദന തിന്നുകാണും എന്ന്‌ വേദനയോടെ ഞാനോര്‍ത്തു. ഈ ഓര്‍മ്മകള്‍ എന്നെ എന്റെ കുട്ടിക്കാലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്റെ വീട്ടില്‍ രണ്ട്‌ പട്ടികള്‍ ഉണ്ടായിരുന്നു. കൂനി എന്ന സുന്ദരിയും നീലാണ്ടന്‍ എന്ന മുണ്ടനും. തനി ആദിവാസികള്‍. ആദ്യം വന്നുകയറിയവള്‍ കൂനി. വെളുത്ത രോമക്കാരിയായിരുന്നു കൂനി. മുതുകിന്‌ വളവ്‌ വന്ന അവളെ കണ്ട്‌ ദയ തോന്നിയ അച്ചാച്ചന്‍ വീട്ടിലേക്ക്‌ എടുത്തുകൊണ്ടു വന്നതാണ്‌. മുതുക്‌ വളഞ്ഞതു കാരണം അവള്‍ക്ക്‌ കൂനിയെന്ന്‌ പേരിട്ടു. വീട്ടിലെ എച്ചില്‍ ആയിരുന്നു അവളുടെ പ്രധാന ഭക്ഷണം. ആവതായപ്പോള്‍ അവള്‍ ഞങ്ങള്‍ കുട്ടികളുടെ കൂടെ ഓടാനൊക്കെ തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍കൊടുക്കുന്ന ഭക്ഷണം മാത്രമായിരുന്നില്ല അവളുടെ ആരോഗ്യത്തിന്റെ രഹസ്യം. അച്ചായന്റെ ഭക്ഷണത്തിലെ ഒരു പങ്ക്‌ അവള്‍ക്ക്‌ കിട്ടുന്നുണ്ടായിരുന്നു എന്ന്‌ ഒരിക്കല്‍ ഞാന്‍ മനസ്സിലാക്കി. അക്കാലത്ത്‌ ഇന്നത്തെപോലെയല്ല വീട്ടിലെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ അച്ചാച്ചന്‌ കൊടുത്തിട്ടേ അമ്മച്ചി ബാക്കിയുള്ള മക്കള്‍ക്ക്‌ നല്‍കൂ. ഈ പങ്കിടലില്‍ അവസാനം എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം അമ്മച്ചിയും കഴിക്കും.

ഒരു എട്ടു മാസം കൊണ്ട്‌ കൂനി വലിയ വെളുത്ത സുന്ദരിയായി മാറി. അങ്ങനെയിരിക്കവെ ഒരു ദിവസം, സ്ഥലത്തെ പ്രധാന റൗഡിയായ വിജയന്‍നായയുടെ നേതൃത്വത്തില്‍ ഒരു പറ്റം നായക്കള്‍ കൂനിയുടെ പിറകെ വീടിന്റെ മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ കൂടി ഓടിനടക്കുന്നത്‌ കണ്ടപ്പോള്‍ എനിക്ക്‌ ദേഷ്യം വന്നു. കൂനിയെ ആ കശ്‌മലന്‍മാര്‍ ഉപദ്രവിക്കുമോ?, ഞാന്‍ ഭയന്നു. കല്ലെടുത്തെറിയാന്‍ ശ്രമിച്ച എന്നെ അച്ചാച്ചന്‍ തടഞ്ഞു. “പട്ടികളെ കല്ലെടുത്ത്‌ എറിയരുത്‌ “ എന്ന്‌ അച്ചാച്ചന്‍ പറഞ്ഞപ്പോള്‍ എന്താ എറിഞ്ഞാല്‍ എന്ന്‌ എന്റെ കലിപ്പ്‌ മനസ്സ്‌ പിറുപിറുത്തു. ഇപ്പൊ ഇങ്ങനെ ഇരുന്ന്‌ ആലോചിക്കുമ്പോള്‍ അച്ചാച്ചനെപോലെയുള്ളവര്‍ വലിയ മനസ്സ്‌ ഉള്ളവരായിരുന്നു എന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ കൂനി പരിയമ്പുറത്തെ മുറ്റത്ത്‌ കുഴിയുണ്ടാക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. അതെന്തുവേണമെങ്കിലും ചെയ്യട്ടെ എന്ന്‌ ഞാന്‍ വിചാരിച്ചു. ഈ പെണ്‍ പട്ടികളോട്‌ എനിക്ക്‌ അത്ര താല്‍പര്യം പോര. പിന്നെന്താച്ചാല്‍ രാത്രികാലത്തും കൂനി അറിയാതെ ഒരാളും നമ്മുടെ പറമ്പില്‍ കയറില്ല. അവള്‍ മനുഷ്യരെ കടിക്കില്ലായിരുന്നുവെങ്കിലും കുരച്ച്‌ ബഹളം വെക്കും. അന്നത്തെ കോഴിക്കള്ളന്‍മാരൊന്നും കുര ശല്യം കാരണം ഞങ്ങളുടെ പറമ്പിലേക്ക്‌ വരില്ല. വല്ലപ്പോഴും കോഴിമുട്ട ഞങ്ങള്‍ കുട്ടികള്‍ക്കും ലഭിക്കുമായിരുന്നു.

അങ്ങനെയിരിക്കെ കൂനി പ്രസവിച്ചു. നല്ല രണ്ടു തക്കുടുകള്‍ വെളുത്ത കൂനി പെറ്റപ്പോള്‍ റൗഡിവിജയന്റെ കറുപ്പ്‌ കുട്ടികള്‍ക്ക്‌ കിട്ടിയത്‌ എങ്ങിനെയെന്ന്‌ എത്ര ആലോച്ചിട്ടും മനസ്സിലായിരുന്നില്ല. രണ്ടും ആണുങ്ങളാണ്‌ അച്ചാച്ചന്‍ പറഞ്ഞു. “ നമ്മള്‍ക്ക്‌ ഇനി ആണ്‍ പട്ടികളെ വളര്‍ത്തിയാല്‍ മതി “ ഞാന്‍ പറഞ്ഞു. ഈ പെണ്ണുങ്ങളെ എനിക്ക്‌ ഇഷ്‌ടമല്ല. സ്വതവേ അധികം ചിരിക്കാത്ത അച്ചാച്ചന്റെ മുഖത്ത്‌ ഒരു നേരിയ മന്ദഹാസം കണ്ടു. നീ കൊച്ചല്ലെ ഇതൊക്ക മാറിക്കൊള്ളും എന്ന്‌
വിചാരിച്ചിട്ടുണ്ടാവും.

കൂനിയുടെ കുട്ടികള്‍ കളിക്കുന്നതു കാണുമ്പോള്‍ രസം തോന്നും. പക്ഷെ എനിക്കിഷ്‌ടം കിളിത്തട്ട്‌ കളിയും, ഞൊണ്ടിക്കളിയും ആറ്റില്‍ ചാട്ടവുമായിരുന്നു. ആയതിനാല്‍ ഈ ജീവികളെയൊന്നും ഞാന്‍ അത്ര ഗൗനിച്ചില്ല. കുറച്ച്‌ നാള്‍ കഴിഞ്ഞപ്പോള്‍ തക്കുടുകളെ ഒന്നും മുറ്റത്ത്‌ കാണാന്‍ ഇല്ല. “അവയൊക്കെ എവിടെപ്പോയി?” അമ്മച്ചിയോട്‌ ഞാന്‍ അന്വേഷിച്ചു. “ അവയില്‍ ഒരെണ്ണത്തെ പൂച്ചാലിലെ ജോയിക്കുട്ടിയും മറ്റേതിനെ കറ്റോട്ട്‌ മലയിലെ തോമാചേട്ടനും കൊണ്ടുപോയി. അവര്‍ക്ക്‌ അവിടെ കള്ളന്‍മാരുടെ ശല്യം കൂടിയത്ര” ,അമ്മച്ചി പറഞ്ഞു. തക്കിടുകളോട്‌ എനിക്ക്‌ ഇഷ്‌ടമുണ്ടായിരുന്നുവെന്ന്‌ അവറ്റകള്‍ പോയപ്പോഴാണ്‌ മനസ്സിലായത്‌. സ്‌കൂളടുത്തായിരുന്നതിനാല്‍ ദിവസവും ഉച്ചയൂണിന്‌ ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു. ഒരുദിവസം ഉച്ചക്ക്‌ വീട്ടില്‍ ചോറുണ്ണാന്‍ വന്നപ്പോള്‍ അമ്മച്ചി വ്യസനിച്ചിരിക്കുന്നതു കണ്ടു. “എന്താമ്മെ ഒരു സങ്കടം.?“. ഞാന്‍ ചോദിച്ചു. “കൂനിയെ പഞ്ചായത്തീന്ന്‌ വന്ന പട്ടി പിടുത്തക്കാര്‍ പിടിച്ചോണ്ടുപോയി. അവളുള്ളപ്പോള്‍ രാത്രിയിലൊക്കെ മുറ്റത്ത്‌ ഇറങ്ങാന്‍ പേടിക്കണ്ടായിരുന്നു“, അമ്മച്ചി പറഞ്ഞു.

പിറ്റേ ദിവസം രാവിലെ കട്ടന്‍കാപ്പി കുടിക്കുന്ന അച്ചാച്ചനെ കണ്ടപ്പോള്‍ “നമ്മുടെ കൂനിയെ പഞ്ചായത്ത്‌കാര്‌ പിടിച്ചോണ്ട്‌ പോയത്‌ അച്ചാച്ചനറിഞ്ഞോ?“ എന്ന്‌ തെല്ല്‌ ഈര്‍ഷ്യയോടെ ഞാന്‍ ചോദിച്ചു. അപ്പോഴും മറുപടി ഒരു നേരിയ ചിരി മാത്രം. അങ്ങനെ കുറച്ച്‌ ദിവസങ്ങള്‍ കടന്നു പോയി. ഇടയ്‌ക്കിടെ കോഴികള്‍ അപ്രത്യക്ഷമായി തുടങ്ങി. അമ്മച്ചി പ്രയാസപ്പെട്ടു. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ നീലാണ്ടനെത്തി. തവിട്ടും വെളുപ്പും കലര്‍ന്നവന്‍. അച്ചായന്‍ തന്നെയാണ്‌ എല്ലാത്തിനും പേരിടുന്നത്‌. എന്താണ്‌ മാനദണ്‌ഡം എന്നുമാത്രം മനസ്സിലാവില്ല. ഞങ്ങള്‍ എട്ടു മക്കളെ കൂടാതെ ചിന്ന, മോളി എന്ന ആടുകളും കുഞ്ഞുകറുമ്പി എന്ന പശുവും. പശുവിനും ആടിനും കൂടുണ്ടായിരുന്നു. നീലാണ്ടനും കൂനിയ്‌ക്കും കൂട്‌ ഇല്ലായിരുന്നു. നീലാണ്ടന്‍ മുറ്റത്തും തിണ്ണയിലുമായി കഴിഞ്ഞുകൂടി. തണുപ്പുദിവസങ്ങളില്‍ ഒരു ചാക്കും അവന്‌ ലഭിച്ചിരുന്നു. നീലാണ്ടനെ എനിക്കിഷ്‌ടമായിരുന്നു. അതുപോലെ എന്റെ മൂത്തവര്‍ക്കും. ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം , ഒരുള ചോറ്‌ വീതം അവന്‌ കൊടുത്തിരുന്നു. ചോറ്‌ കൊടുത്ത്‌ ഉടനെ അവന്‍ കഴിച്ചാല്‍ ഞങ്ങള്‍ക്ക്‌ ഇഷ്‌ടമാകില്ല. “കഴിച്ചോ“ എന്നു പറഞ്ഞാല്‍ മാത്രമേ കഴിക്കാവൂ. അതാണ്‌ ഞങ്ങളുടെ കണ്ടീഷന്‍. ഞങ്ങള്‍ കഴിച്ചോ എന്നു പറയുന്നതുവരെ അവന്‍ ഭക്ഷണത്തെ നോക്കി വാലാട്ടി നില്‍ക്കും. ഭക്ഷണം കൊടുത്ത ശേഷം “കഴിച്ചോ“ എന്നു പറയാന്‍ താമസിച്ചാല്‍ അമ്മച്ചി വഴക്ക്‌ പറയും. തുണിയലക്കാന്‍ തോട്ടില്‍ പോകുമ്പോഴും , ചേമ്പിന്‍താള്‍ അറക്കാന്‍ പറമ്പില്‍ പോകുമ്പോഴെല്ലാം നീലാണ്ടന്‍ അമ്മച്ചിക്ക്‌ കൂട്ടിനു പോകും. അവനെ വിളിക്കണ്ട കാര്യമില്ല. എപ്പോഴും അവന്‍ റെഡി,മണി,മുണ്ടക്കയം. നീലാണ്ടന്‍ വലുതായി തുടങ്ങി. ഞങ്ങള്‍ക്ക്‌
കിട്ടുന്ന മുട്ടകളുടെ എണ്ണവും കൂടിത്തൊടങ്ങി.

ഒരു ദിവസം ,ഞായറാഴ്‌ച വേദപാഠം കഴിഞ്ഞു വരുമ്പോള്‍ വഴിയരികില്‍ നായ്‌ക്കളുടെ ഒരു കൂട്ടം. അടുത്ത വീടുകളിലെ പട്ടികള്‍ തന്നെ. അതിനാല്‍ പേടി തോന്നിയില്ല. റൗഡി വിജയന്റെ മോനാണ്‌ അതില്‍ തലയെടുപ്പ്‌. കരോട്ടെ വിജയമ്മപ്പട്ടിയുടെ പിറകെയാണ്‌ എല്ലാവരുടെയും ഓട്ടം. വിജയമ്മ ഒരു കള്ളച്ചിരിയോടെ അങ്ങോട്ടും ഇങ്ങോട്ടും റബ്ബര്‍ തോട്ടത്തില്‍ കൂടെ ഓടും. റൗഡി വിജയന്റെ മകനും കൂട്ടരും പിറകെ. ഇങ്ങനെ നോക്കിയിരിക്കെ ഒരു ഇളിഭ്യച്ചിരിയോടെ ഏറ്റവും പിറകിലായി ഒരു മുണ്ടന്‍പട്ടി. അതെന്റെ നീലാണ്ടനായിരുന്നു. അവന്‍ വീട്ടിലേക്ക്‌ വരട്ടെ, ഞാന്‍ ഇന്ന്‌ എന്റെ ചോറിന്റെ പങ്ക്‌ കൊടുക്കില്ല. അത്ര തന്നെ.ഞാന്‍ മനസ്സിലുറപ്പിച്ചു. നീലാണ്ടന്‍ ഏതായാലും അന്ന്‌ വന്നില്ല. അവനൊരു കൊള്ളരുതാത്തവനായിപ്പോയല്ലോ എന്ന്‌ ചിന്തിച്ച്‌ ഞാന്‍ കിടന്നുറങ്ങി. പിറ്റെ ദിവസം നീലാണ്ടന്‍ ഉമ്മറത്ത്‌ വാലാട്ടി നില്‍ക്കുന്നു. ഒരു കൂസലുമില്ല. എന്റെ ദേഷ്യവും പരിഭവവും അലിഞ്ഞ്‌ ഇല്ലാതായിരിക്കുന്നു. ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കള്‍.
അന്നും പതിവുപോലെ കഴിക്കുന്ന ചോറില്‍ നിന്ന്‌ മിച്ചം വച്ച്‌ ഉരുളയാക്കി അടുക്കളയ്‌ക്ക്‌ പുറത്തു വന്നപ്പോള്‍ നീലാണ്ടനെ കണ്ടില്ല. അവന്‍ പതിവുപോലെ ഊരുതെണ്ടാന്‍ പോയിക്കാണുമെന്ന്‌ വിചാരിച്ചു. എനിക്ക്‌ ദേഷ്യം വന്നു. ഞാന്‍ അമ്മച്ചിയുടെ മുഖത്തേക്ക്‌ നോക്കി. കണ്ണുനീര്‍ ധാരയായി ഒഴുകുന്നു. ദേഷ്യം ആശ്ചര്യമായി മാറിക്കൊണ്ടിരിക്കവേ അഞ്ചാം ക്‌ളാസ്സിലെ കൂട്ടുകാരന്‍ നോബിള്‍ പറഞ്ഞത്‌ എന്റെ ഓര്‍മ്മയില്‍ വന്നു. ഇന്ന്‌ പഞ്ചായത്തീന്ന്‌ പട്ടിപിടുത്തക്കാര്‍ ഇറങ്ങിയിട്ടുന്നെ്‌ കേട്ടു. അമ്മച്ചിയുടെ മുഖത്തോട്ടുള്ള നോട്ടം ഞാന്‍ പിന്‍വലിച്ചു. ചോറുരുള വലിച്ചെറിഞ്ഞു. എന്റെ കണ്ണില്‍ നിന്ന്‌ വെള്ളം വന്നുവോ. എനിക്കറിയില്ല. ഏതായാലും അച്ചായന്‍ നീലാണ്ടനു ശേഷം പട്ടിക്കുട്ടിയെ കൊണ്ടുവന്നിട്ടേയില്ല. പട്ടിയെ വളര്‍ത്താന്‍ ലൈസന്‍സ്‌ വേണമെന്നും കേട്ടു.

കാലവും കോലവും മാറി. ഞാന്‍ രണ്ട്‌ ആണ്‍കുട്ടികളുടെ അച്ചാച്ചനായിരിക്കുന്നു. ഇളയ കുട്ടിക്ക്‌ , കൂനിയെ അദ്യമായി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ എനിക്കന്നുണ്ടായിരുന്ന അതേ വയസ്സായി. ഞാന്‍ അവരോട്‌ കൂനിയുടെയും നീലാണ്ടന്റെയും വീരകഥകള്‍ പറഞ്ഞുകൊടുത്തുതുടങ്ങി. കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ തുരത്തിയോടിച്ചതും , കപ്പ മാന്തി തിന്നുന്ന തുരപ്പന്റെ മാളങ്ങള്‍ മാന്തി അവയെക്കൊന്നതും ഒക്കെ അത്ഭുതത്തോടെ കുട്ടികള്‍ കേട്ടിരുന്നു. പട്ടിയെ കാണുമ്പോള്‍ പേടിച്ച്‌ വിറച്ചിരുന്ന ഭാര്യയും എന്റെ പട്ടിക്കഥകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ വന്നപ്പോള്‍ എന്റെ ഭാര്യയും കുട്ടികളും പറഞ്ഞു. “ നമുക്ക്‌ ഒരു പട്ടിയെ വളര്‍ത്തണം “.

അങ്ങനെയിരിക്കെ ഞങ്ങളുടെ വീട്ടില്‍ നിന്നും 4-5 വീടുകള്‍ക്കപ്പുറത്തുള്ള വീട്ടില്‍ പട്ടിക്കുട്ടികള്‍ ഉണ്ട്‌, കൊടുക്കാറായി എന്നറിഞ്ഞു. കറുത്ത തക്കുടുകള്‍ 6 എണ്ണം അവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. നാല്‌ പെണ്ണും രണ്ട്‌ ആണും. “ആണുമതി “ എന്റെ കൂടെ വന്ന ഇളയവന്‍ പറഞ്ഞു. “പെണ്ണുമതി അതാ നല്ലത്‌“ ഞാന്‍ പറഞ്ഞു. “അവറ്റകള്‍ അമ്മിഞ്ഞയൊക്കെ കാണിച്ച്‌ നടക്കും, അതുകൊണ്ട്‌ ആണുമതി“. ഇളയവന്‍ ഉറച്ചു നിന്നു. ഞാന്‍ ചിരിച്ചു. ഇതൊക്കെ മാറിക്കൊള്ളും എന്നര്‍ത്ഥത്തില്‍. അങ്ങനെ കറുത്ത സുന്ദരനായ ഒരു പട്ടികുട്ടന്‍ “ഷാഡോ“ എന്റെ വീട്ടിലെ അംഗമായി. രൂപ 3000 എണ്ണിക്കൊടുത്തു. കൊച്ചു പിള്ളാരെ എങ്ങനെ പരിപാലിക്കണം, അതുപോലെതന്നെ പട്ടിക്കുട്ടനെയും നോക്കണം.

പാലുകൊടുത്താല്‍ മൂത്രമൊഴുപ്പിക്കാന്‍ പുറത്തുകൊണ്ടുപോകണം. പിന്നെ സുഖമായി അത്‌ ഉറങ്ങിക്കൊള്ളും. ഇത്‌ ദിവസം 5-6 തവണ. ഇതെല്ലാം എന്റെ ജോലിയായി മുദ്ര കുത്തപ്പെട്ടു. ഇങ്ങനെ കഷ്‌ടപ്പെടവേ ഒരു കാര്യം ഞാനറിഞ്ഞു. ചേട്ടാനുജന്‍മാര്‍ തമ്മിലുള്ള “പ്‌തും ,പ്‌തും“ എന്നുള്ള ഇടി ശബ്‌ദവും, കരച്ചിലും, ബഹളവും ഇപ്പോള്‍ വീട്ടില്‍ ഒട്ടുമേയില്ല. കുട്ടികളുടെ അറ്റന്‍ഷന്‍ മുഴുവനും പട്ടിയെ കളിപ്പിക്കലിലായി. എന്റെ കൂട്ടുകാരന്‍ രാമന്‍കുട്ടി ഡോക്‌ടറെ പോയി കണ്ടു. അദ്ദേഹം മരുന്നുകളുടെയും വാക്‌സിനേഷന്റെയും ഒരു നീണ്ട ലിസ്റ്റ്‌ തന്നു. വിരമരുന്നുകള്‍ ,ടോണിക്കുകള്‍ അങ്ങിനെ. തല്‍ക്കാലം വീട്ടിലെ ഒരു കുളിമുറി അവന്റെ വീടാക്കിമാറ്റി. നായ്‌ക്കുട്ടി വളര്‍ന്നുവന്നു. കറുപ്പന്‍ ലാബ്രഡോര്‍. അവന്‌ കോക്കര്‍ സ്‌പാനിയിലിന്റേതുപോലെ രോമവും ഉണ്ടായിരുന്നു. ഇനി കൂട്‌ ഉണ്ടാക്കാതെ തരമില്ല. വീട്ടില്‍ പണിക്കുവരുന്ന രാജന്‍ ഒരു ഇരുമ്പിന്‍ കൂട്‌ ഉണ്ടാക്കികൊണ്ടുവന്നു. “കൂടില്ലെങ്കില്‍ പട്ടിക്കുട്ടിയെ വല്ലവരും തട്ടിക്കൊണ്ട് പോകൂം” എന്ന് പറഞ്ഞു പേടിപ്പിച്ചരുന്നു രാജന്‍‌. അതിനാല്‍ 8000 രൂപ വേഗെന്ന് ചിലവാക്കി ഞാന്‍. അടിഭാഗത്ത്‌ മരത്തിന്റെ പലകകള്‍ വച്ചു. സിമന്റ്‌ തറ നല്ലതല്ല ; മനുഷ്യനും മൃഗങ്ങള്‍ക്കും. കൂനിയേയും നീലാണ്ടനേയും ഓര്‍മ്മവന്നു. ആ നാടന്‍ സുന്ദരിക്കും സുന്ദരനും ഒരു കീറ ചാക്ക്‌തന്നെ ധാരാളമായിരുന്നു. ഒരു കുട്ടയില്‍ ചാക്കിട്ട്‌ കാടുത്താല്‍ ധാരാളം. ഫൈവ്‌ സ്റ്റാര്‍ ഫെസിലിറ്റിയെക്കാള്‍ സുഖം അവര്‍ക്ക്‌. കൂനിക്കും നീലാണ്ടനും വിരമരുന്നോ വാക്‌സിനേഷനോ ഒന്നുംതന്നെകൊടുത്തിരുന്നില്ല. ശരീരത്ത്‌ പേനൊണ്ടോ എന്ന്‌ ആരും തിരഞ്ഞിരുന്നില്ല. അവരുടെ മുതുകത്ത്‌ ചില ചൊറികള്‍ വരുമായിരുന്നു. അപ്പോള്‍ അച്ചായന്‍, കുറച്ച്‌ ചാരത്തില്‍ കുറച്ച്‌ വെളുത്ത നാറ്റമുള്ള പൊടിയും ഇട്ട്‌ ഇളക്കിയിടും. അത്രതന്നെ. അതുശരിയാകും. ഞങ്ങള്‍ വീട്ടില്‍ 3-4 ദിവസം ഇല്ലെങ്കിലും കൂനിക്കും നീലാണ്ടനും ഒരു വെപ്രാളവും ഇല്ലായിരുന്നു. അവറ്റകള്‍ എവിടെ നിന്നെങ്കിലും ഭക്ഷണം സമ്പാദിച്ചരുന്നു. ഞങ്ങള്‍ എവിടെയെങ്കിലും പോയി തിരിച്ചു വരുമ്പോള്‍ സന്തോഷംകൊണ്ട് അവര്‍ വാലാട്ടുമായിരുന്നു.
ഇടയ്ക്കിടെ പേന്‍, ചെള്ള് എന്നിവയുടെ കടിയാല്‍ മാന്താന്‍ തുടങ്ങും ഷാഡോ. ഞായറാഴ്ചകളില്‍ പേന്‍നാശിനി ഉപയോഗിച്ചുള്ള ഷാഡോയുടെ കുളിയും എന്‍റെ ചുമതലയായി. ആഴ്ചയില്‍ ഇറച്ചി വാങ്ങി കൊടുക്കണം. കുറച്ചു എല്ലു കിട്ടാന്‍ അറവുകാരന്‍റെ അടുത്ത് അയാളുടെ ദയക്കായി കാത്ത് ഇളിഭ്യതയോടെ നില്‍ക്കേണ്ടിയും വന്നു. എന്തായാലും ഷാഡോ മിടുക്കനായി വളര്‍ന്നു . കഴുത്തില്‍ രോമമുള്ളതിനാല്‍ ഒരു സിംഹത്തിന്റെ ഗെറ്റപ്പ്. ആരെയും ഗേറ്റിനുളളില്‍ കടത്തില്ല ഷാഡോ. അവനെ പേടിച്ച് തെണ്ടല്‍കാരും, പിരിവുകാരും വീട്ടിലേയ്ക്ക് വരാതെയായി. പക്ഷേ പിച്ചക്കാര്‍ക്കും പിരിവുകാര്‍ക്കും കൊടുക്കുന്നതിന്‍റ്‍റെ ഇരട്ടി പൈസ ഷാഡോയുടെ മരുന്നിനും ഇറച്ചിയ്ക്കും എല്ലിനും വേണ്ടിവന്നു എന്നതാണു വാസ്തവം. ചൂട്കാലത്ത് ബുദ്ധിമുട്ടിയ ഷാഡോയെ വീട്ടിനുള്ളില്‍ ഫാനിനടിയില്‍ കിടക്കാന്‍ അനുവദിച്ചു. പിന്നെ പിന്നെ വീട്ടിനുള്ളില്‍ അവന് സര്‍വ്വ സ്വാതന്ത്രമായി. വീട് അവന്‍റേതുകൂടിയായി മാറി. എന്നെ കൂടുതല്‍ അവന്‍ അനുസരിച്ചിരുന്നു. പക്ഷേ പിള്ളാരെ വഴക്കുപറയുംപോള്‍ അതു വേണ്ടെടുന്ന് ഷാഡോ എന്നെ വിലക്കി. “വഴക്കൊന്നും ഈ വീട്ടില്‍ വേണ്ട“ എന്നര്‍ത്ഥത്തില്‍ എന്നെ നോക്കി ആവന്‍ കുരയ്ക്കും. എന്‍റെ വീടുതന്നെ ഷാഡോയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഷാഡോയുടെ പേരില്‍ കൂടുതല്‍ പേര്‍ എന്നെ അറിഞ്ഞു എന്നതാണ്‌ വാസ്‌തവം. “ ആ കറുത്ത പട്ടിയുള്ള വീടല്ലേ” ആള്‍ക്കാര്‍ ചോദിച്ചുതുടങ്ങി. പിന്നെ പിന്നെ ഞാനും പറയാന്‍ തുടങ്ങി “ആ കറുത്ത പട്ടിയുള്ള വീട്, അതാണ്‌ എന്‍റെ വീട്. ഒരിക്കലും കൂനിയടേയൊ നീലാണ്ടയോ വീട് എന്ന് എന്‍റെ തറവാട് അറിയപ്പെടുന്നിരുന്നില്ല. പാപ്പച്ചന്റെ വീട് എന്നേ ആള്‍ക്കാര്‍ പറയാറുള്ളു എന്ന് ഞാനോര്‍ത്തു.

ഷാഡോയുടെ വീട് പതുക്കെ പതുക്കെ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങി. ബന്ധുജനങ്ങള്‍ പോലും ഫോണ്‍ വിളിക്കുമ്പാള്‍ കുട്ടികളുടെ വിവരം തിരക്കുന്നതിനു പകരം ഷാഡോയുടെ വിവരം തിരക്കാനാണ് താല്‍പര്യം എന്ന് തെല്ലു ജ്യാളിതയോടെ ഞാന്‍ മനസ്സിലാക്കി. എന്‍റെ വീട്ടുകാര്‍ വരുമ്പോൾ അവന്‍ അവരോടു ഒരുപ്രത്യേക മമത കാട്ടി. എന്നാല്‍ ഭാര്യയുടെ വീട്ടുകാര്‍ വരുമ്പോൾ ഷാഡോ കോക്കാച്ചിയുടെ മുഖം കാട്ടി. “ നായകള്‍ക്ക് കുടുംബനാഥന്‍റെ മനസ്സറിഞ്ഞു പെരുമാറാന്‍ പറ്റുമത്രെ“ എന്നൊരാള്‍, ഞാനീകാര്യങ്ങള്‍ വിളമ്പിയപ്പോള്‍ എന്നെ കളിയാക്കി പറഞ്ഞു.

എന്‍റെ വീടിന്റെ വഴിയെ പോകുന്ന കുട്ടികളും സ്ത്രീജനങ്ങളും ഷാഡോയുടെ ആരാധകരായി മാറി. കുരച്ചുകൊണ്ടുള്ള അവന്‍റെ പാഞ്ഞുള്ള വരവ് കണ്ടാല്‍ ദേഹം മുഴുവന്‍ തിരിച്ചുപോകുമത്രേ. എന്നാല്‍ ആണുങ്ങള്‍ അങ്ങനെയല്ല. പലരും പലതരത്തിലാണ് പ്രതികരിക്കുന്നത്. ചിലര്‍ ആവന്‍ടെ ശൌര്യം കാണുമ്പോള്‍ അത് ആസ്വദിച്ചു ചിരിച്ചുകൊണ്ടു പോകും. മറ്റു ചിലര്‍ ശാപവാക്കുകളും തെറിയും പറയും. ഒരു പട്ടിയ്ക്ക് ഒരു പട്ടിയെ കാണരുത് എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നും, അപ്പോള്‍. ഷാഡോ ഒരിക്കലും ഗേറ്റ് ചാടി കടക്കില്ല. അതിനാല്‍ വീടിന്റെ ചുറ്റുമതിലിന് ഉള്ളില്‍ ആയിരുന്നു അവന്‍റെ അഭ്യാസങ്ങള്‍. ഒരു ദിവസം ഒരാള്‍ സിഗരറ്റ്‌ ആസ്വദിച്ച് വലിച്ചു വരികയായിരുന്നു. ഗേറ്റിന്‍റെ അടുത്ത് എത്തിയപ്പോള്‍ ഷാഡോ കുരച്ചുകൊണ്ടൊരു ചാട്ടം. പെട്ടെന്ന് സിഗരറ്റ്‌ അയാളുടെ ചുണ്ടില്‍ല്‍കൂടി ഉരുമ്മി കയ്യില്‍ നിന്നും തെറിച്ചുപോയി. സിഗരറ്റ്‌ തീപ്പൊരിയാല്‍ അയാളുടെ മുഖം പൊള്ളിയെന്നു തോന്നുന്നു. “ പോടാ പുലയാടി മോനേ” അയാള്‍ ആക്രോശിച്ചു. ഞാന്‍ വീടിനുള്ളിലയ്ക്ക് പൂണ്ടു. ഷാഡോയ്ക്ക് ഒരു കൂസലുമില്ല.

കുടുംബം ടൂറിന് പോകുമ്പോള്‍ പ്രശ്നമാണ്. എല്ലാവരും എന്നെ നോക്കൂം. പട്ടിയെ നോക്കാന്‍ ഒരാളുവേണ്‍ടെ എന്നവര്‍ ചോദിക്കുന്നതുപോലെ തോന്നും. ഭാര്യാവീട്ടുകാരുടെ ഭാവം കണ്ടാല്‍ അതു തന്നെ. അങ്ങനെ ഷാഡോയും ഞാനും തന്നെയാകുന്ന ദിവസങ്ങള്‍ കൂടി. എന്‍റെ മനസ്സു പറയും “ എടാ ഷാഡോ എന്‍റെയും നിന്‍റെയും ജോലി ഒന്നു തന്നെ. വീടുകാവല്‍”.

അങ്ങനെയിരിക്കെ ഒരാള്‍ എന്നോടു ചോദിച്ചു “ സാറിന്റെ നായയെ ബ്റീഡു ചെയ്യിക്കാറായോ.? , എന്‍റെ പട്ടീനെ കൊണ്ടുവിടട്ടെ ”. ഞാന്‍ ഞെട്ടിപ്പോയി. “ഷാഡോയ്ക്ക് ഒരുവയസ്സ് പ്രായമാകുന്നു. പക്ഷേ അവന്‍ കാര്യം സാധിക്കുമോ എന്നെനിക്കറിയില്ല.” തെല്ലു ജ്യാളിതയോടെ ഞാന്‍ പറഞ്ഞു. ഏതായാലും അയാളുടെ പെണ്‍പട്ടിയെ (സൂസി) അന്ന് രാത്രി എന്‍റെ വീടുവളപ്പിനുള്ളിലാക്കാക്കി. “ഇരുട്ടിക്കഴിഞ്ഞു കൊണ്ടുവന്നാല്‍ മതി” എന്ന് ഞാനയാളോട് പറഞ്ഞിരുന്നു. ആരും കാണില്ലല്ലോ. വീഡിയോയും എടുക്കില്ലല്ലോ. ഇപ്പോഴത്തെ കാലമല്ലേ. ഞാനിങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്‌ പിള്ളാരുടെ അമ്മ അവരോടു പറഞ്ഞപ്പോള്‍ മൂത്തവന്‍ വളിച്ച ചിരിയോടെ മുറിയിലേക്ക് പോയെങ്കിലും ഇളയവന്‍ എന്നോടു കോപിച്ചു. “ പോടാ പൊട്ടാ “ എന്ന് മനസ്സില്‍ ഞാന്‍ പറഞ്ഞു.
ഞാന്‍ ഭയപ്പെട്ടതുപോലെ ഷാഡോ മണത്തുനടന്നതല്ലാതെ ഒന്നും ഉണ്ടായില്ല. സൂസി ഷാഡോയ്ക്ക് പിടികൊടുക്കാതെ ഓടിനടന്നു. സൂസിക്ക് സമയം ആകാഞ്ഞിട്ടാണോ ഷാഡോയ്ക്ക് പറ്റാഞ്ഞിട്ടാണോ എന്നെനിക്കറിയില്ല. ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സൂസിയെ കൊണ്ടുപോകാന്‍ അതിന്റെ ഉടമസ്ഥന്‍ വന്നു. ആകാശം ഇടിഞ്ഞുപോയാലും കുഴപ്പമില്ല എന്നവസ്ഥയിലായി ഞാന്‍. “ ഒന്നും സംഭവിച്ചില്ല “ ഒരു വളിച്ച ചിരിയോടെ ഞാന്‍ പറഞ്ഞൊപ്പിച്ചു. എന്‍റെ കൂനിയും നീലാണ്ടനും ഒക്കെ ഈവിധം ഒരു നാണക്കേട് ഞങ്ങള്‍ക്ക് തന്നിട്ടില്ല എന്നു ഞാനോര്‍ത്തു. അറിവില്ലായ്മ പരിഹരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്‍റെ ഉറ്റ സുഹൃത്തുക്കളോട് ആൺ പട്ടികള്‍ ഇണചേരാറായോ എന്ന് എങ്ങനെ അറിയാം എന്നു ചോദിച്ചു. രാമന്‍കുട്ടി സാറിന്റെ അടുത്ത് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു. “എടാ അതിനു ഒരു സൂത്രമുണ്ട്, പ്രായപൂര്‍ത്തിയായാല്‍ ആൺ പട്ടികള്‍ കാല്‍ പൊക്കി മൂത്രമൊഴിക്കാന്‍ തുടങ്ങും. നീ അതു ശ്രദ്ധിക്കുക.” അദ്ദേഹം പറഞ്ഞു.

ഒരുനാള്‍ ഷാഡോ കാല്‍ പൊക്കി മൂത്രമൊഴിക്കാന്‍ തുടങ്ങി. സൂസിയുടെ ഉടമസ്ഥന്‍റെ അടുത്തേക്ക് ഞാനോടി. “അവന്‍ കഴിവുള്ളവനായി, ഇനീ ഇണചേര്‍ക്കാറാവുമ്പോൾ കൊണ്ടുപോരൂ,” ഞാന്‍ പറഞ്ഞു. അതിനുശേഷം സൂസി ഈ വഴി വന്നില്ല. സൂസീനെ ആരോ മോഷ്ടിച്ചോണ്ടു പോയി എന്ന് തിരക്കിയപ്പോള്‍ മറുപടി കിട്ടി. എനിക്കു ഇച്ഛാഭംഗമായി. ദിവസങ്ങള്‍ കടന്നുപോയി. ആരും ഷാഡോയെ ഇക്കാരൃത്തിന് അന്വേഷിച്ചുവന്നില്ല. ഞാന്‍ ഇച്ഛാഭംഗത്തിന്റെ നീര്‍ക്കയങ്ങളിലേയ്ക്കു മുങ്ങിപ്പോയി. അങ്ങനെയിരിക്കെ, ഒരു നാടത്തി മദ്ധ്യവയസ്കപ്പട്ടി ഷാഡോയെ താല്പര്യത്തോടെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവളെ സോഫി എന്ന് ഞാന്‍ വിളിച്ചു. സോഫി 3-4 പ്റാവശ്യമെന്കിലും പെറ്റിട്ടുണ്ടാകുമെന്ന് കാഴ്ചയില്‍ തന്നെ അറിയാം. “ഇക്കാര്യത്തില്‍ ഇത്തിരി പരിചയമുള്ള പെണ്ണുങ്ങള്‍ തന്നെയാണ്‌ നല്ലത്” എന്ന് ഒരു കാര്‍ന്നോരു ബസ്സ്റ്റോപ്പില്‍ വച്ച് പറഞ്ഞത് ഞാനോര്‍ത്തു. കന്നി മാസം പിറന്നു. ശുനകമനസ്സില്‍ വര്‍ണങ്ങള്‍ വിരിയും കാലം. സമയം അറിഞ്ഞെത്തിയ ലോക്കല്‍സ്‌ എല്ലാം മദാലസയായ സോഫിയുടെ പിറകെ കൂടാന്‍ തുടങ്ങി. അവള്‍ ആര്‍ക്കും വഴങ്ങിയില്ല. ഷാഡോയ്ക്കു മുന്നില്‍ കൂടി, ഗേറ്റിന്റെ മുന്നിലെ വഴിയില്‍ കൂടി ലോക്കല്‍ നേതാക്കളെ അവഗണിച്ച് എല്ലാവരെയും കൊതിപ്പിച്ചു അവള്‍ ഓടിനടന്നു. ഗേറ്റിനരികില്‍ , ചാടിപോകാതിരിക്കുവാന്‍ കഴിയാതെ വികാരവിജ്റുംഭിതനായി ഷാഡോ നിന്നു. “എടോ തന്തെ , എന്താടോ എന്നെ പുറത്ത് വിടാത്തതെന്നമട്ടില്‍” ബഹളം വച്ചു. അങ്ങനെയിരിക്കെ സൂര്യന്‍ അസ്തമിച്ചു. സന്ധ്യയായി. ഇരുട്ടു വ്യാപിച്ചു. പിള്ളേര്‍ക്ക്‌ നല്ല തമാശ ടിവി പ്രാഗ്രാം വച്ചു കൊടുത്തു. ഷാഡോയെ പൂട്ടിയിട്ടു. എന്നിട്ട്‌ ഗേറ്റ്‌ തുറന്നിട്ടു. ഉമ്മറത്തെ ലൈറ്റ്‌ അണച്ചു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ഷാഡോയെ തിരക്കി സോഫിക്കുട്ടി വന്നിരിക്കുന്നു. കാമത്തിന്റെ മൂര്‍മത്‌രൂപിണിയായി,ലാസ്യ മദാലസയായി. സോഫി ഗേറ്റിനുള്ളില്‍ കടന്ന ഉടനെ ഞാന്‍ ഗേറ്റ്‌ പൂട്ടിയിട്ടു. ഷാഡേയെ കൂട്ടില്‍ നിന്നും സ്വതന്ത്രനാക്കി. “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ “ എന്ന ഭാവത്തില്‍വീട്ടിനുള്ളില്‍ കടന്ന ഞാന്‍ ഭാര്യയുടെ മുഖത്ത്‌ നിന്നും ഉണ്ടായ അര്‍ത്ഥഗര്‍ഭമായ നോട്ടത്തില്‍ ചൂളിപ്പോയി. ഈ മനുഷ്യന്‌ എപ്പോഴും ഇതുതന്നെ വിചാരം എന്ന്‌ ആ നോട്ടത്തിലുണ്ടോ?.

സംഗതി ജനലില്‍കൂടി ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഷാഡോയും സോഫിയും പൊക്കത്തില്‍ വ്യത്യാസം ഉണ്ടായിരുന്നു. ഷാഡോ ഉസൈന്‍ബോള്‍ട്ടെങ്കില്‍ സോഫി വെറും പക്രു. അതുകൊണ്ട്‌ വല്ല പ്രയാസവും… ഞാന്‍ വ്യാകുലപ്പെട്ടു. അങ്ങനെയിരുന്ന്‌ ഞാന്‍ ഉറങ്ങിപ്പോയി. പെട്ടെന്ന്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. ഞാന്‍ വ്യക്തമായി കണ്ടു. ഷാഡോയും സോഫിയും ടെയില്‍-ടു-ടെയില്‍ പൊസിഷനില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു. ഞാന്‍ ഷാഡോയെ പൂട്ടിയിട്ടു. സോഫിയെ ആ രാത്രി തന്നെ പുറത്താക്കി. സോഫി സംതൃപ്‌തിയോടെ പുറത്തേക്ക്‌ പോകുന്നതു കുറച്ച്‌ നേരം നോക്കി നിന്നു. ഞാന്‍ ഷാഡോയെ നോക്കി. ഇപ്പോഴാണ്‌ നിങ്ങള്‍ എന്റെ അച്ചനായത്‌ എന്ന മട്ടില്‍ ഷാഡോയും എന്നെ നോക്കി. തെല്ലഭിമാനത്തോടെ ഞാന്‍ പിറ്റേ ദിവസം എഴുന്നേറ്റു. ഒരു ചോദ്യചിഹ്നമായി എന്നെ നോക്കിയ ഭാര്യയോട്‌ ഒക്കെ ‘ഒ. കെ.’ ആയി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ചായ കുടിച്ചു നടക്കാനിറങ്ങിയപ്പോള്‍ തെല്ലകലെ താമസിക്കുന്ന സണ്ണിയേട്ടന്‍ എന്നോട്‌ രഹസ്യമായി ആരാഞ്ഞു. “സാറിന്റെ നായയും മറ്റെ നാടന്‍ പട്ടിയും തമ്മില്‍ ഇണ ചേര്‍ന്നോ എന്നെനിക്ക്‌ സംശയം. ഇന്നലെ രാത്രി അതിലെ പോയപ്പോള്‍ ശ്രദ്ധിച്ചതാണേ.. “. “ഉവ്വോ… എനിക്കറിയില്ല“ എന്ന്‌ പറഞ്ഞ്‌ ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. കാര്യങ്ങള്‍ അങ്ങനെയാണ്‌. ഗോപ്യമായി വെക്കണമെന്ന്‌ നാം ആഗ്രഹിക്കുന്ന പല കാര്യങ്ങളും പരസ്യമാകും. സംഗതി അങ്ങിനെ നാട്ടില്‍ പാട്ടായി. സോഫിയുടെ വയര്‍ വീര്‍ത്തു വന്നു. സോഫി എന്റെ വീട്ടില്‍ വന്ന്‌ പ്രസവിച്ചോട്ടെ എന്ന്‌ വിചാരിച്ച്‌ പലരും നല്ല നല്ല ആഹാരസാധനങ്ങളുമായി രഹസ്യമായി കാത്തുനിന്നു. അങ്ങനെയിരിക്കെ നിറവയറുമായി സോഫി എന്റെ വീടിന്റെ ഗേറ്റിനടുത്തു വന്നു. ഇതുതന്നെ അവസരം ഞാന്‍ സോഫിയെ ഗേറ്റിനുള്ളിലാക്കി. എന്റെ ഷാഡോയുടെ കുട്ടികള്‍ എനിക്കുതന്നെ, അല്ലാതെ നാട്ടുകാരുടെയല്ല. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞാന്‍ ഷാഡോയെ നോക്കി. അവന്‍ സോഫിയെ അറിയുമെന്ന മട്ടു കാണിക്കുന്നില്ല. ദുഷ്‌ടന്‍.
ആ ദിവസം മുഴുവന്‍ സോഫി എന്റെ വീട്ടുവളപ്പില്‍ ഉണ്ടായിരുന്നു. ഷാഡോയുടെ കൂടിനടിയില്‍ മണ്ണില്‍ അവള്‍ ഒരു കുഴിയുണ്ടാക്കി. ഞാന്‍ സന്തോഷിച്ചു. സംഭവം നടന്നിട്ട്‌ 60 ദിവസം ആയി. അങ്ങനെയെങ്കില്‍ ഉടന്‍ പ്രസവിക്കണം. ഞാന്‍ സോഫിക്ക്‌ അന്നു രാത്രി പാലും ചോറും കൊടുത്തു. പിറ്റെ ദിവസം നേരം വെളുത്തു. സോഫി വളപ്പില്‍ ഇല്ല…!!. ഷാഡോ ഒന്നും അറിയാത്തവനെപ്പോലെ, പതിവുപോലെ എന്നെക്കണ്ട്‌ വാലാട്ടി. നടക്കാനിറങ്ങിയപ്പോള്‍ ശങ്കരന്‍നായര്‍ സോഫിയുടെ വിവരം പറഞ്ഞു. “ആ പട്ടി തൊട്ടടുത്ത കാട്ടില്‍ ഒരുകുഴിയുണ്ടാക്കി കിടക്കുന്നുണ്ട്‌. ഓരോരുത്തരുടെയും കള്ളദൃഷ്‌ടികള്‍ അങ്ങോട്ടും പായുന്നുണ്ട്‌“. കാര്യങ്ങള്‍ ഇങ്ങനെയായ സ്ഥിതിക്ക്‌ അങ്ങനെ പോകട്ടെ. “ആര്‌ കൊണ്ട്‌പോയാലും ഷാഡോയുടെ കുട്ടികളെ പൊന്നുപോലെ നോക്കുമായിരിക്കും” ഞാന്‍ മനസ്സില്‍ വിചാരിച്ചു. ദിവസങ്ങള്‍ കടന്നുപോയി. ഒന്നും സംഭവിച്ചില്ല. “ആ പട്ടിക്ക്‌ കള്ള ഗര്‍ഭമായിരുന്നുവെന്നു തോന്നുന്നുസാറെ“. ശങ്കരന്‍നായര്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. ഷാഡോ വാലാട്ടി സ്വീകരിച്ചു. ഒരു ഉണ്ണാക്കന്‍. ഞാന്‍ വിചാരിച്ചു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഷാഡോയ്‌ക്ക്‌ 10 വയസ്സായി. അവന്‍ ഭക്ഷണം കഴിപ്പ്‌ നിര്‍ത്തി. ഈ പട്ടികള്‍ അങ്ങനെയാണ്‌. ദഹനക്കേട്‌ ഉണ്ടെങ്കില്‍ രണ്ടു ദിവസം പട്ടിണി കിടക്കും. പിന്നെ പഴയപോലെ ശരിയാകും. “ഷാഡോ അഞ്ചു ദിവസമായിട്ടും ഭക്ഷണം കഴിക്കുന്നില്ല“. ഭാര്യ പറഞ്ഞു. സ്വന്തം കുട്ടികള്‍ പഠിക്കാന്‍ വേണ്ടി ദൂരസ്ഥലത്തേക്ക്‌ പോയപ്പോള്‍ ഷാഡോ അവള്‍ക്ക്‌ സ്വന്തം മകനെപോലെയായി കഴിഞ്ഞിരുന്നു. ഞാന്‍ ഷാഡോയെയും കൊണ്ട്‌ വെറ്ററിനറി ഹോസ്‌പിറ്റലിലേയ്‌ക്ക്‌ ഓടി. അവിടുത്തെ ഒരു ഡോക്‌ടറു പെണ്‍കുട്ടി സ്‌കാനിങ്‌ ചെയ്‌ത്‌ എന്നെ കാണിച്ചു. അവന്റെ രണ്ടു കിഡ്‌നികളും പോയിരിക്കുന്നു. ആ കുട്ടി വിവരിച്ചു തന്നു. ഒന്നും എനിക്ക്‌ മനസ്സിലായില്ല. ഇനി ഒന്നും ചെയ്യാനില്ല. ഞാന്‍ ഷാഡോയെ വീട്ടിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. പിറ്റേ ദിവസം ഷാഡോ പറമ്പിന്റെ അറ്റത്തേക്ക്‌ നിരങ്ങി നിരങ്ങി പേയി. ഞാന്‍ തടഞ്ഞിട്ടും, പോയേ പറ്റൂ എന്ന അര്‍ത്ഥത്തില്‍ അവന്‍ പോയി. വൈകുന്നേരം കോളേജില്‍ നിന്നും വന്നപ്പോള്‍ ഭാര്യയുടെ കണ്ണില്‍കൂടി ധാര ധാരയായി കണ്ണീര്‍ വന്നിരുന്നു. പണ്ട്‌ എന്റെ അമ്മ കരഞ്ഞതു പോലെ. പക്ഷെ അന്നു ഞാന്‍ കരഞ്ഞിരുന്നില്ല. ഇന്നു ഞാനും….

ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. കണ്ണു നനഞ്ഞിരിക്കുന്നുവല്ലോ. ആരും കാണാതെ കണ്ണുനീര്‍ തുടച്ചു. നടക്കാനിറങ്ങി. മിക്ക വീടുകളിലും ഇന്ന് പട്ടികളുണ്ട്‌. അല്‍സേഷന്‍, ലാബ്രഡോര്‍, ഡാഷണ്ട്‌, പോമറേനിയന്‍ തുടങ്ങിയ വിദേശ ഇനങ്ങള്‍. എന്റെ കൂനിയുടെയും നീലാണ്ടന്റെയും സന്തതി പരമ്പരകള്‍ ഇപ്പോള്‍ തെരുവില്‍ വേട്ടയാടി ഭക്ഷണം കഴിക്കുന്നു. വന്യാവസ്ഥയിലേക്ക്‌ അവര്‍ മാറിക്കൊണ്ടിരിക്കുന്നു. എന്താണൊരു പരിഹാരം?. നടത്തം കഴിഞ്ഞു വന്നപ്പോള്‍ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു. “നമ്മള്‍ നാട്ടുകാര്‍ നാടന്‍ പട്ടികളെ വളര്‍ത്തിയാല്‍ മതി“. അതിന്റെ ഗുണത്തെപ്പറ്റി വിശദീകരിക്കുവാന്‍ തുനിഞ്ഞ എന്നോട്‌ ഭാര്യ പറഞ്ഞു. “ നാടന്‌ ഒരു ഭംഗിയുമില്ല. വിദേശ ജനുസ്സിന്‌ നല്ല ഭംഗിയുണ്ട്‌. ഒരു ഗെറ്റപ്പുണ്ട്‌“. ഭംഗിയും ഗെറ്റപ്പും നോക്കി കല്ല്യാണം കഴിച്ച ഹതഭാഗ്യരെ ഓര്‍ത്ത്‌ വീണ്ടും ചിന്തയുടെ ആഴങ്ങളിലേക്ക്‌ ഞാന്‍ ഊഴ്‌ന്നിറങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here