കള്ളൻ കേശവൻ കൊറോണാ കാലത്ത് ആകെ ഒരു മോഷണമെ നടത്തിയിട്ടുള്ളു. പാതയോരത്തെ കാഞ്ഞിരമരച്ചോട്ടിലെ കുഞ്ചിയമ്മയുടെ കാണിക്കവഞ്ചി .അഞ്ഞൂറ്റി പത്തു രൂപയും ഒരു താലിയുമായിരുന്നു ഉള്ളടക്കം
കുഞ്ചിയമ്മ ഒരു പ്രദേശിക ദേവതയാണ്. കുട്ടികൾക്ക് ബാലാരിഷ്ടതകൾ വന്നാൽ നാട്ടുമരുന്നു നൽകിയും ചരടു ജപിച്ചു കെട്ടിയും നാട്ടുകാരുടെ ഇഷ്ടം പിടിച്ചുപറ്റിയ കുഞ്ചിയമ്മ പെട്ടൊന്നൊരു ദിനം ഇഹലോകവാസം വെടിഞ്ഞപ്പോൾ ചിലർ പ്രാദേശിക ദേവതാ പദവി നൽകുകയായിരുന്നു. ഗ്രാമത്തിലെ കൂട്ടുപാതയിലെ കാഞ്ഞിരമരച്ചുവട്ടിൽ പ്രതിഷ്ഠിച്ചിട്ടുള്ള കുഞ്ചിയമ്മയുടെ കൽ പ്രതിമയ്ക്കു മുന്നിൽ ചെന്നു പ്രാർഥിച്ചാൽ വെറുതെയാവില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. കുട്ടികളില്ലാത്ത വിശാലാക്ഷി (പോലീസ് വാസുവിൻ്റെ ഭാര്യ) മരുന്നും മന്ത്രവുമെല്ലാം പരീക്ഷിച്ചു മടുത്തപ്പോൾ കുഞ്ചിയമ്മയുടെ മുന്നിൽ ചെന്ന് സങ്കടം ബോധിപ്പിച്ചു. വർഷം ഒന്നു തികയുന്നതിനു മുമ്പ് വിശാലാക്ഷി ഇരട്ട പ്രസവിച്ചു. പാടത്തു വീട്ടിലെ പാറുക്കുട്ടിക്ക് മൂന്നാമത്തെ കുട്ടി ആൺകുട്ടിയായതിനു പിന്നിലും കുഞ്ചിയമ്മയുടെ അനുഗ്രഹമുണ്ടെന്ന് കരുതുന്നു.
അതെന്തായാലും നാട്ടുകാരുടെ ഇഷ്ടദേവതയാണ് കുഞ്ചിയമ്മ.കുഞ്ചിയമ്മയ്ക്ക് അരിമുറുക്കും കള്ളു ചേർത്ത അപ്പവും നിവേദ്യമായി സമർപ്പിച്ച് മനസ്സുരുകി പ്രാർഥിച്ചാൽ ഫലിക്കാതിരിക്കില്ലെന്നാണ് പരക്കെയുള്ള വിശ്വാസം.
അങ്ങനെയുള്ള കുഞ്ചിയമ്മയുടെ കാണിക്കവഞ്ചിയിലാണ് കള്ളൻ കേശവൻകൈ വച്ചിരിക്കുന്നത്.
കുടിച്ച വാറ്റുചാരായത്തിൻ്റെ ലഹരി കെട്ടടങ്ങിയപ്പോൾ കേശവന് ആധി കേറി. കുഞ്ചിയമ്മയുടെ കോപത്തിനു പാത്രമാകുമോ എന്നായിരുന്നു പേടി. താലി അന്നു തന്നെ കാണിക്കവഞ്ചിയിൽ കൊണ്ടു ചെന്നിട്ടു. കട്ട പണത്തിന് നൂറ്റിന് അഞ്ചു രൂപ പലിശ സഹിതം തിരിച്ചേൽപ്പിക്കാമെന്നും വാക്കു കൊടുത്തു.
അങ്ങനെ കളവു മുതലിന് പലിശ നൽകിയ ആദ്യത്തെ കള്ളനെന്ന പേരുദോഷം കള്ളൻ കേശവൻ സ്വന്തമാക്കി. കുഞ്ചിയമ്മയോടു കളിച്ചാൽ അങ്ങനെയിരിക്കും.