കുദ്രേമുഖ്

images-1

അദ്വൈതം വർഷബാഷ്പമായ് പെയ്തൊഴുകുമശ്വമുഖം
ശൃംഗേരീതട ശാരദാക്ഷേത്രഗോപുരാവലി നോക്കിത്തൊഴും
ചരിത്രാതീത വിശ്വഭാവന പണിതുയർത്തിയ
മഹാഭൂതലവിസ്മയപ്രസാദം!
താരാചുംബിതമഹാഗിരിശൃംഗമസ്ത്കം!

അശ്വമുഖം സത്യാന്വേഷണവ്യഗ്രം!
അസ്തിത്വത്തിന്നുണ്മ തേടി
അജ്ഞാനക്കൂരിരുൾ മേഘാവലിക്കെതിരെക്കുതിക്കും
മാനുഷപുരുഷാർത്ഥത്തിൻ ഹയമുഖം!

ഈ മലയടിവാരത്തിൽ കൊടും വിപിനത്തിൽ
ഹസ്തിവ്യാഘ്രഗർജ്ജനങ്ങൾ ശ്രവിച്ചു പതറാതെ
കണ്ടകാകീർണ്ണ വനവഴിത്താരകളിൽ ചരിച്ചത്രെ പണ്ട്
ഒരുപിടി നഗ്നപാദരാം അന്വേഷികൾ
ഭാരതസുകൃതികൾ

അവരിലൊരു ശങ്കരനുണ്ടായിരുന്നു
കാലടിക്കാരൻ
ഓരോ കാലടിവയ്പിലും ശാരദയുടെ
മഞ്ജീരനിസ്വനം കേട്ട് കോരിത്തരിച്ചവൻ
തുംഗാപുണ്യനദിയിൽ കുളിച്ച്
ഗായത്രീമന്ത്രം ജപിച്ച്
കിഴക്കുദിക്കും ജ്ഞാനരവിക്ക്
നിത്യം അർഘ്യമേകിയവൻ
അദ്വൈതബാലഭാസ്കരൻ!

ഗിരിശൃംഗമേ, ഭാരതയാഗാശ്വമുഖമേ,
കാർമേഘാവലിതലോടും നീയെത്ര ഭാഗ്യവാൻ!
തലയൊന്നുതാഴ്ത്തൂ, കുമ്പിടൂ,
താഴെ അമ്മ വിദ്യാശാരദവിളിക്കുന്നു
ജ്ഞാനത്തിൻ പഴുത്ത പ്രസാദപ്പഴമുണ്ടുണരാൻ

ബഹിരാകാശനക്ഷത്രം നോക്കി വൃഥാ പാഴാക്കാതെ ജീവിതം
അമ്മതൻ പക്കലുണ്ട് നീ തേടുന്ന സത്യം
വേഗം ചെല്ലൂ, ശിരം കുനിയ്ക്കൂ, ശ്രവിക്കൂ
അശ്വമുഖമേ! അജ്ഞാനമേഘാവലിക്കെതിരെക്കുതിക്കും
ഭാരതചേതനതൻ തടുക്കാനാവാത്ത യാഗാശ്വമേ!
ദക്ഷിണാചലനിരകൾതൻ ഉത്തുംഗാന്വേഷണവ്യഗ്രശിരമേ!
ഹയമുഖമേ! അത്യുന്നതമഹാഗിരിശൃംഗമേ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. സ്മരണയെന്നത്, ഒരു വ്യക്തി ദൂരെയാണെങ്കിലും മുന്നിൽത്തന്നെയുണ്ട് എന്നു തോന്നുന്ന അവസ്ഥയാണ്. ദൈവീകസ്മരണയ്ക്ക് അതേ അവസ്ഥയാണുള്ളത്. അദ്ദേഹത്തെപ്പറ്റിയുള്ള സ്മരണ നാം എവിടെയെങ്കിലും നിലനിർത്തുകയാണെങ്കിൽ, അദ്ദേഹത്തെ നമുക്ക് തിരയേണ്ടിവരില്ല.
    അശോക് ക്ലാസിക്

    • വളരെ വളരെ നന്ദി, അശോക്, ഇത്രയും ഗഹനമായിട്ടുള്ള നിരീക്ഷണത്തിന്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English