കുംഭമേള

 

 

 

 

 

 

പ്രയാഗ് രാജിലെ ഒരിടത്തരം ഹോട്ടലിൽ പതുപതുത്ത വെളുത്ത പുതപ്പിനുള്ളിൽ ഒന്നുകൂടി ചുരുണ്ടു കൂടിയിട്ടും പനിക്കുളിരു വർദ്ധിക്കുന്നതല്ലാതെ അതിനൊരാക്കവും വരുന്നില്ല. പുറത്തെ തണുപ്പിൽ നിന്നും രക്ഷപെടാൻ റൂം ഹീറ്ററിട്ടിട്ടും ഉള്ളിലുറ കൂടിയ തണുപ്പ് താടിയെല്ലുകളെ നന്നെ വിറപ്പിക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും കുറച്ചു ദൂരമകലെ അർത്ഥ കുംഭമേളയുടെ ആഘോഷങ്ങൾ കൊഴുക്കുന്നു.

നഗ്നസന്യാസിമാരാലും ഭക്തരാലും മോഷകാംഷികളാലും മുഖരിതമായ അന്തരീക്ഷവും, ആചാരങ്ങളിലെ വൈവിധ്യങ്ങളും, കച്ചവടക്കാരും ഭിക്ഷക്കാരും അങ്ങനെയങ്ങനെ ഓരോന്നും നടന്നു കണ്ട് സൂക്ഷ്മമായി വീക്ഷിച്ച് തിരിച്ചു പോകാമല്ലോ എന്ന മനസ്സോടെ യാത്ര തിരിച്ചതാണ്. പക്ഷേ വെളുത്ത പഞ്ഞിക്കെട്ടു പോലെ ദേഹത്തോട് പറ്റിച്ചേർന്നു കിടന്ന പുതപ്പ് പൊള്ളുന്ന എൻ്റെ ദേഹത്തെ ആദ്യ രണ്ടു ദിവസം പുതച്ചു കിടത്തിക്കളഞ്ഞു.

പ്രയാഗ് രാജിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്ന എക്സിബിഷൻ സ്റ്റാളിൽ കമ്പനിയുടെ റെപ്രെസെൻ്റേറ്റീവായി കുറച്ചു ദിവസത്തെ വർക്കുകൾക്ക് വേണ്ടി ഈ ദൂരമത്രയും വന്നിട്ട്; അട്ടയെ പോലെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി അനക്കമില്ലാതെ കിടക്കുമ്പോഴും ഞാൻ കുംഭമേളയുടെ ഗൂഗിൾ ചിത്രങ്ങളെ കുറിച്ചു തന്നെ ഓർക്കുകയായിരുന്നു. എന്റെ ചിന്താധാരകളെ നെടുകെ പിളർത്തിക്കൊണ്ട് റൂം ഷെയർ ചെയ്യുന്ന ഒറിയൻ സുഹൃത്ത് മിസ്റ്റർ സഫേദ് പർദാൻ വാതിൽ തുറന്ന് ഉള്ളിലേക്കു വന്നു. വന്നപാടെ ഹിന്ദിയിൽ എന്തോ പുലമ്പിക്കൊണ്ട് എന്റെ നെറ്റിത്തടവും പനിച്ചൂടിൽ കുതിർന്ന് കിടന്ന രോമാവൃതമായ നെഞ്ചും കൈ കൊണ്ടമർത്തി അയാൾ തല കുലുക്കി. കുറച്ചു സമയം കഴിഞ്ഞ് മയങ്ങി കിടന്ന എന്നെ വിളിച്ചുണത്തി അയാൾ കുറെ ഗുളികകൾ തന്നു. പനി കുറക്കാനുള്ള ധൃതിയാൻ പേരറിയാത്ത പല നിറത്തിലുള്ള ഗുളികകളെ ഞാൻ ഒരു വായ്ക്കു വിഴുങ്ങി. അയാൾ എവിടെ നിന്നോ കൊണ്ടുവന്ന ആവി പറക്കുന്ന കഞ്ഞി കുറച്ചു കഴിച്ച് ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു കയറി. എന്റെ പനി വക വയ്ക്കാതെ എന്നെ മുട്ടിയുരുമി കിടന്ന് അയാൾ കൂർക്കം വലിക്കാൻ തുടങ്ങി. കൂർക്കം വലിക്കനുസരിച്ച് അയാളുടെ വീർത്ത കുംഭ ഉയരുന്നതിന്റെയും താഴുന്നതിന്റെയും താളം നോക്കിക്കിടന്ന് ഞാനും എപ്പോഴോ ഉറക്കം പിടിച്ചു.

കണ്ണുറങ്ങേണ്ട താമസം ഉള്ളിലുറകൂടിയ ഉപബോധ ചിന്തകൾ ഉണർന്ന് സ്വപ്ന ശകലങ്ങളായി എന്നോട് സംവദിച്ചു തുടങ്ങി. നേരം പുലർന്നപ്പോൾ പനി നന്നെ വിട്ടകന്നിരുന്നു. സഫേദ് പർദാന്റെ പേരില്ലാത്ത ഗുളികകൾ ഫലം കണ്ടിരിക്കുന്നു. എന്നിരുന്നാലും കണ്ണുകളിലെ പനി ക്ഷീണം ബാക്കി നിൽക്കുന്നു. അയാൾ തന്ന ഗ്ലൂക്കോസോ മറ്റൊ കലക്കിയ കൊഴുത്ത ദ്രാവകം കണ്ണുമടച്ച് കുടിച്ച് വീണ്ടും കുറച്ചു നേരം കൂടി കിടന്നു. ഇന്നുച്ചക്ക് എക്സിബിഷൻ സ്റ്റാളിലേക്കു പോകേണ്ടതുണ്ട്. പേരറിയാത്ത പുസ്തകങ്ങളും വർഷങ്ങളുടെ കേട്ടറിവുകളും എന്നിലവശേഷിപ്പിച്ച കുംഭമേളയുടെ ചിന്താചിത്രശകലങ്ങൾ എന്റെ തലച്ചോറിനു ഭാരം കൂട്ടി. കുംഭമേളയുടെ നേർക്കാഴ്ചകളിലേക്കുള്ള ഉൾക്കൊതി അനങ്ങാതെ വിശ്രമിക്കുന്ന ശരീരത്തിൻ അകപ്പെട്ടു പോയ എന്റെ കണ്ണുകളെ ചൊടിപ്പിച്ചു കൊണ്ടിരുന്നു. എന്റെ കണ്ണുകൾ അടക്കാനാവാത്ത ആർത്തിയുള്ളവയാണ്. അവ തോന്നിയേടുത്തു നിന്നൊക്കെ കാഴ്ചകളെ നോക്കി തിന്ന് എന്റെ തലച്ചോറിനെ നിറച്ചുകൊണ്ടിരിക്കും.

ഉച്ചതിരിഞ്ഞപ്പോൾ ഒരു ഓല ബുക്കു ചെയ്ത് ഞാൻ എക്സിബിഷൻ സ്റ്റാളിലേക്ക് തിരിച്ചു. അഘോറികളെ കുറിച്ചുള്ള ചിന്തകൾ ഉള്ളിൽ തിളച്ചു തുളുമ്പുന്നു. സർവ്വം വെടിഞ്ഞ്, സ്വയം ത്യജിച്ച നഗ്നസന്യാസിമാരുടെ ക്ലീഷേ ചിത്രങ്ങൾ ഒത്തിരിയേറെ കണ്ടിട്ടുണ്ട് എങ്കിലും നേരിട്ടുള്ള കാഴ്ചയെ ശരിക്കും ഉള്ള് ആഗ്രഹിക്കുന്നുണ്ട് . ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത് ആരാധനകളിലെ വിശ്വാസങ്ങളിലെ ആചാരങ്ങളിലെ സംസ്കാരങ്ങളിലെ വൈവിധ്യങ്ങളെ കുറിച്ചായിരുന്നു. എവിടെയൊക്കെയോ വായിച്ചു മറന്ന അഘോറികളെ കുറിച്ചുള്ള കൗതുകവും. മണ്ണാംകട്ടയും കരിയിലയും കാശിക്കു പോയ മുത്തശ്ശിക്കഥയോർമ്മകളും എന്റെ ഉള്ളിലൂടെ ഉരുകി ഒഴുകി. ജോലിയുടെ ഭാഗമായാണ് കാശിയിൽ എത്തിയത് എന്നിരുന്നാലും എന്റെ ഉള്ളിൽ എവിടെയൊക്കെയോ ആത്മീയതയും മോഷകാംഷയുമൊക്കെ ലയിച്ചു കിടന്നിരുന്നു.

വഴിയിലുടനീളം സൈക്കിൾ റിക്ഷകളും സൈക്കിൾ റിപ്പയറിങ്ങ് ഷോപ്പുകളും എണ്ണമില്ലാത്തത്ര മനുഷ്യരും. ഒറ്റനോട്ടത്തിൽ പ്രയാഗ് രാജ് ഒരു ദരിദ്ര നഗരമായി തോന്നി. സ്ഫടിക തിളക്കമോ എണ്ണപെയിൻറുകളുടെയും ആഡംബര കാറുകളുടെയും എട്ടു വരി പാതകളുടെയും അധിക പ്രൗഢിയോ ഇല്ലാത്ത നിരത്തിൽ മെലിഞ്ഞ മനുഷ്യർ ആയ്ച്ചും വിയർപ്പൊലിപ്പിച്ചും കാർക്കിച്ചു തുപ്പിയും ചുമച്ചും ചവിട്ടി നീക്കുന്ന കുറേയേറെ സൈക്കിൾ റിക്ഷകൾക്കിടയിലൂടെ എങ്ങും തട്ടാതെയും മുട്ടാതെയും ഡ്രൈവർ കാറിനെ വല്ലവിധവും എക്സിബിഷൻ സ്റ്റാളിൽ എത്തിച്ചു. ചെന്നപാടേ ഏതൊരു കഴ്ചക്കാരനെയും പോലെ സ്റ്റാൾ വിശദമായി ഒന്നു നടന്നു കണ്ടു. ശേഷം റജിസ്റ്ററിൽ ഒപ്പു വയ്ച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കമ്പനി സ്റ്റാഫ് ആവശ്യമായ നിർദ്ദേശങ്ങൾ പറഞ്ഞു തന്നു. ശേഷം കൂട്ടി ചേർത്തു.

” ഇവിടെ നിങ്ങൾ വിചാരിക്കുന്നതു പോലെ അധികമൊന്നും ചെയ്യാനില്ല, ഇരുന്ന് മുഷിഞ്ഞ് ഒരു വഴിക്കാകും”. അത്രയും പറഞ്ഞ് അയാൾ വെറുതെ ചിരിച്ചു ഞാനും..

“നാളെ വെളുപ്പിനെ ഇറങ്ങി കുളിച്ചു തൊഴണം ഒപ്പം ചുറ്റുപാടും ഒന്നു നടന്നു കാണുകയുമാകാം”

എന്റെ ഉള്ള് തൊഴിലിനും വിനോദ സഞ്ചാരത്തിനുമപ്പുറം മോഷകാംഷിയായ ഒരു ആത്മീയ ചിന്തകനായി ഉണർന്നു പ്രവർത്തനം തുടങ്ങിയിരുന്നു. പനി ക്ഷീണം തലക്കു വേദനയും ഭാരവും വർദ്ധിപ്പിച്ചതു കൊണ്ട് ഇരുളാകുന്നതിനു മുൻപ് തിരിച്ച് റൂമിലേക്കു പോകാൻ തീരുമാനിച്ചു. സ്റ്റാളിൽ നിന്നും ഇറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ വെറുതെ നടന്നു നീങ്ങവേ, കുളിച്ചിട്ടു കുറേയായ തലക്കു ചുറ്റും പ്രഭാവലയങ്ങളുള്ള ഒരു ദിവ്യസന്യാസി എന്നെ തുറിച്ചു നോക്കി. പിന്നെ ആംഗ്യ ഭാഷയിൽ അടുത്തേക്കു വിളിച്ചു.അടുത്തു ചെന്നപ്പോൾ അദ്ദേഹമെന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു. ശേഷം എന്റെ കൈയ്യിൽ ഒരു രുദ്രാക്ഷമാല വച്ചു തന്നു. അയാൾ എന്റെ കണ്ണുകളിലേക്ക് ഏകാഗ്രതയോടു കൂടി നോക്കിയിരുന്നു. അയാളിൽ ഒരപൂർവ്വ ചൈതന്യം എനിക്കനുഭവപ്പെട്ടു. അയാളുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങുന്നുണ്ടോ? കൈയ്യിലെ രുദ്രാക്ഷത്തിൽ നിന്നും ചന്ദന ഗന്ധം വരുന്നുണ്ടോ? അതോ എല്ലാം തോന്നലാകുമോ!?

വസ്ത്രമുൾപ്പെടെ തന്നിലെ എല്ലാത്തിനെയും തന്നെതന്നെയും ഉപേക്ഷിച്ച ദിവ്യ സന്യാസി മൂർദ്ധാവിൽ കൈ തൊട്ട് അനുഗ്രഹിച്ചിരിക്കുന്നു. ഞാൻ ആ മൂർത്തി ഭാവത്തിനു മുൻപിൽ ലയിച്ചിരുന്നു പോയി. അദ്ദേഹം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഹിന്ദി നന്നെ വശമില്ലാത്തതിനാൽ എന്തൊക്കെയോ കുറച്ചു മാത്രം മനസിലായി.അദ്ദേഹം ദൈവത്തെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. തെല്ലു കഴിഞ്ഞ് അദ്ദേഹം എനിക്കു നേരേ ഒരു ചോദ്യം തൊടുത്തു.

” ബേഠാ…ധൻ യാ ഫിർ ഭഗവാൻ?”

ചോദ്യമിതാണ് ദൈവമോ? അതോ പണമോ? എനിക്ക് ഒരു നിമിഷം പോലും ചിന്തക്കു വേണ്ടി ചിലവാക്കേണ്ട വന്നില്ല. ഞാൻ ഉറപ്പിച്ചു തന്നെ പറഞ്ഞു. “ഭഗവാൻ”. അദ്ദേഹത്തിന്റെ പൊടിപിടിച്ച താടി മീശക്കുള്ളിൽ നിന്നും ഒരു വെളുത്ത ചെറിയ ചിരി വിരിഞ്ഞു.

അദ്ദേഹം എന്റെ മൂർദ്ധാവിൽ തലോടി.

“വൈസാ ഹെ തോ ഭഗവാൻ കേലിയെ തോടാ പൈസാ ദേദോ ബേഠാ!.”

അയാൾ എനിക്കു നേരെ ഇരുകയ്യും നീട്ടി. സർവ്വ ത്യാഗിയായ സന്യാസി കാശിനു വേണ്ടി ഇരുകൈയ്യും നീട്ടി ഇരക്കുന്നു. എന്റെ തലച്ചോറു കിടുങ്ങി. പണത്തേക്കാൾ വലുത് ഭഗവാൻ എന്നുറപ്പിച്ച എന്നോട് എങ്കിൽ ഭഗവാനു വേണ്ടി അയാളുടെ കൈയ്യിൽ കാശു കൊടുക്കാൻ ആവശ്യപെട്ട സൂത്രക്കാരനും സർവ്വ ത്യാഗിയുമായ സന്യാസിയെ ഒന്നു കൂടി തുറിച്ചു നോക്കിയപ്പോൾ അയാൾ എനിക്കു മുന്നിൽ പൊടി മണ്ണിൽ തുണിയില്ലാതെ ചമ്രംപടഞ്ഞിരിക്കുന്ന ഒരു വെറും മനുഷ്യനായി മാറി. ഞാൻ അയാളിൽ കണ്ട പ്രഭാവലയങ്ങളും ചൈതന്യവും ലയിച്ചില്ലാതായിരിക്കുന്നു. പകരം ഒടിഞ്ഞൊട്ടിയ അയാളുടെ കുംഭയും എല്ലുന്തിയ നെഞ്ചും രോമാവൃതമായ ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് എന്റെ കണ്ണുകൾ കണ്ടെത്തിയിരിക്കുന്നു. കുംഭ നിറച്ച് ഉണ്ട് വിശപ്പിനെ തോൽപിച്ച് വരുന്നവന് ഓരോ ആൾക്കൂട്ടവും ഉൽസവങ്ങളും ആഘോഷങ്ങളാകുന്നു. വയറു നിറക്കാൻ അന്നത്തിനായി വേഷം കെട്ടുന്നവന്, വിശപ്പിനാൽ തോൽപ്പിക്കപ്പെട്ടവന് ഓരോ ആൾക്കൂട്ടവും വെളിച്ചത്തിലേക്കുള്ള പ്രതീക്ഷകൾ മാത്രമാണ്. എന്റെ ചിന്തകളെ തട്ടി മാറ്റിക്കൊണ്ട് അയാൾ ദയനീയ ഭാവത്തിൽ വീണ്ടും കൈ നീട്ടി. എനിക്കാ സാധു ജീവിയോട് എന്തിനെന്നില്ലാത്ത ഒരമർഷം തോന്നി. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഞാൻ ദൂരേക്ക് എന്തിനേയോ ലക്ഷ്യം വച്ചു വേഗത്തിൽ നടന്നു. അപ്പോഴും വഴിയരികിലിരുന്ന ആ നഗ്ന താത്വികന്റെ രുദ്രാക്ഷമാല എന്റെ വിരലുകളിൽ കെട്ടുപിണഞ്ഞു കിടന്നിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭാര്യ..
Next articleഅഫ്ഗാനിസ്താനിലെ തരുണിമാർ
കൊല്ലം ജില്ലയിലെ ചിതറയാണ് സ്വദേശം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും BE.d ഉം പൂർത്തിയാക്കിയിട്ടുണ്ട്. അധ്യാപിക എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയിലാണ്. വായന ജീവിതത്തിൻ്റെ വിനോദവും ആഘോഷവും ആയി മാറിയ, ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന എട്ടാം തരം മുതൽ ബിരുദാനന്ത ബിരുദ കാലഘട്ടം വരെയുള്ള വായനാനുഭങ്ങളാണ് എഴുത്തിൻ്റെ ലോകത്തിലേക്കുള്ള കാൽവെയ്പിനു കരുത്തേകിയത്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here