കുടിയുടെ സാമ്പത്തികം

cartoo13dec

കൊച്ചുരാമന്റെ ഇരിപ്പുകണ്ടിട്ട് ദാക്ഷായണിചേച്ചിക്ക് സര്‍വ്വാംഗം ചൊറിഞ്ഞു വന്നു. അല്ല; എങ്ങനെ ചൊറിയാതിരിക്കും? നേരം പരാപര വെളുക്കുമ്പോതൊട്ട് ബിവറേജിന്റെ മുന്നില്‍ ക്യൂ നിന്ന് മൂക്കറ്റം കുടിച്ചിട്ട് വാളുവെച്ചും, തെറിപറഞ്ഞും വര്‍ത്തിച്ചിരുന്ന കുടികിടപ്പുകാരനാണ് പച്ചക്ക് എന്തോ കളഞ്ഞുപോയ അണ്ണാനെപോലെ ഇരിക്കുന്നത്. പുതിയ കറന്‍സി നോട്ടു പരിഷ്ക്കാരമാണ് കൊച്ചുരാമനെ മാറ്റിമറിച്ചത്. എക്സൈസ് മന്ത്രിയുടെ ദീനരോധനം ടി വിയില്‍ കണ്ടതുമുതലാണ് ദാക്ഷായണി ചേച്ചി അതേപ്പറ്റി ചിന്തിച്ചത്. നൂറ്റിനാല്‍പ്പത്തിമൂന്ന് കോടിയാണെത്രെ ബീവറേജിന് നഷ്ടം. ഇന്നത്തെ ചിലവിന് എ.ടി.എം മെഷിന്‍ കനിഞ്ഞു നല്‍കിയ രണ്ടായിരം രൂപയുടെ കറന്‍സി സ്വന്തം കണവന് നേരെ നീട്ടി പതിവ്രതാരത്നം ആക്രോശിച്ചു. “ഇന്നാ. കൊണ്ടുപോയി കുടിക്ക്. സര്‍ക്കാരെങ്കിലും രക്ഷപ്പെടട്ടെ.” സ്വന്തം സ്വനപുടങ്ങളെ വിശ്വസിക്കാനാവാതെ നല്ലപതിയെ പാതിയടഞ്ഞ മിഴികളോടെ നോക്കിയ കൊച്ചുരാമനെ നോക്കി ദാക്ഷായണിചേച്ചി പറഞ്ഞു: “നിങ്ങളെക്കൊണ്ട് വീടിനോ വീട്ടുകാര്‍ക്കോ ഗുണമില്ല പക്ഷേ നിങ്ങളെക്കൊണ്ട് സര്‍ക്കാരിനും നമ്മുടെ സമ്പദ്ഘടനയ്ക്കും പ്രയോജനമുണ്ട്. അത് ഞാനായിട്ട് ഇല്ലാതാക്കുന്നില്ല.” സാമ്പത്തിക ശാസ്ത്രത്തിന്റെ എബിസിഡി അറിയാത്ത ദാക്ഷായണി ചേച്ചിയുടെ വാക്കുകളില്‍ സംസ്ഥാനത്തിന്റെ സമ്പദ് രംഗത്തിന്റെ നേര്‍ച്ചിത്രം ഉണ്ടായിരുന്നു.

കിട്ടിയ പുത്തന്‍ ഗാന്ധിയനുമായി ബിവറേജസിലേക്ക് ദണ്ഡിയാത്ര നടത്തിയ കണവനെ നോക്കി ഇരുന്ന ദാക്ഷായണി ചേച്ചിയുടെ ചിന്തകള്‍ കാടുകയറി. ശരിക്കും ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളില്‍ ഒന്നല്ലേ ഇവര്‍? മദ്യപന്മാര്‍? വിവിധമാര്‍ഗങ്ങളിലൂടെ മദ്യപാനത്തിനെതിരെ കുടിയന്മാരെ ബോധവത്കരിക്കുന്നുണ്ടെങ്കിലും പോരപോര നാളില്‍ നാളില്‍ ഘോരം ഘോരം കുടിക്കണമെന്നല്ലേ സര്‍ക്കാരിന്റെ മനസിലിരുപ്പ്. ഇനി നോട്ടു പ്രശ്നം തീര്‍ന്നാലും നല്ലപിള്ളമാരായി ചിലകുടിയന്മര് മാറുകില്ലേ? അവരെ പഴയതുപോലെ കുടിയന്‍ മാരാക്കാന്‍ സര്‍ക്കാരിനി എന്തു ബോധവത്ക്കരണമാവോ നടത്തേണ്ടത്….?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here