സാഹിത്യകാരനും രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കെ.ടി.രവി വർമ (കുഞ്ഞുണ്ണി വർമ -85) മുംബൈയിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം അവിടെ നടത്തി. ഭാര്യ: ഉഷ. മകൻ: ഉദയൻ. മരുമകൾ: ചന്ദ.
ശാസ്ത്രകാരൻ, ചരിത്രകാരൻ, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഇദ്ദേഹം മുംബൈ എസ്ഐഇഎസ് കോളജിൽ ജന്തു ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു. 1937ൽ തൃപ്പൂണിത്തുറ രാജ കുടുംബത്തിലായിരുന്നു ജനനം. മദ്രാസ്, ബോംബെ സർവകലാശാലകളിലായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
ആര്യന്മാരുടെ ഉദ്ഭവം, മരുമക്കത്തായം, ഋഗ്വേദം മുതൽ ഓണപ്പാട്ടു വരെ, പണ്ടത്തെ മലയാളക്കര, പരശുരാമൻ – ഒരു പഠനം, തൃപ്പൂണിത്തുറ വിജ്ഞാനം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. രൺജിത് ദേശായി മറാഠിയിൽ രചിച്ച ‘രാജാ രവിവർമ’ വിവർത്തനം ചെയ്തു. ഇതിന് 1999 ൽ വിവർത്തനത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ‘മരുമക്കത്തായം’ എന്ന കൃതിക്കു 2005ൽ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ അക്കാദമി ബഹുമതി ലഭിച്ചു.
സന്ത് ജ്ഞാനേശ്വറിന്റെ ‘ജ്ഞാനേശ്വരി’ മലയാളത്തിലേക്കു തർജമ ചെയ്തിട്ടുണ്ട്. ‘കേരള ആധ്യാത്മിക ചരിത്രം’ എന്ന പുസ്തകം അച്ചടിയിലിരിക്കെയാണു വിയോഗം. ഡോ.ബി.ആർ.അംബേദ്കറുടെ സമ്പൂർണ കൃതികളും മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.