1
വളവും ചരിവുമുള്ള ഈ ഭൂമിയിൽ
ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേക്ക്
മുറിയാതെ സഞ്ചരിക്കുന്ന നേർരേഖയാകാതിരിക്കട്ടെ
നമ്മുടെ പ്രണയം!
2
അംശത്തെക്കാൾ വലുതല്ല പൂർണം
എങ്കിലും ഭൂമിയിൽനിന്നു വേറിട്ടൊരു നടത്തമില്ല നിനക്ക്
സൂര്യനിൽനിന്നു വേറിട്ടൊരു നോട്ടമില്ല എനിക്ക്
പൊന്നമ്പിളിയിൽ നിന്ന് വേറിട്ടൊരു മനവുമില്ല നമുക്ക്.
3
അപൂർണ്ണമാം കവിതയിലെ
അവസാന വാക്കുപോൽ –
എന്നിൽ നിന്നെന്നെ
കിഴിച്ചു നോക്കി, യപ്പോഴും
ബാക്കിയാകുന്നു – ഞാനൊരു
തീരാദുഃഖമായ് !
4
ചേർത്തെന്നെ
നിന്നോട്
കൂട്ടിനോക്കിയപ്പോഴും
ശിഷ്ടമുത്തരം
മടുപ്പിക്കു,മേകാകിത.
5
കൂട്ടലിൽ ഏറാതെ
കിഴിക്കലിൽ ഇറങ്ങാതെ
പെരുക്കലിൽ പെരുകാതെ
ഹരിക്കുവാനറിയാതെ
അക്ഷരബ്രഹ്മമായ്
നീലനഭസ്സിലുയരുന്നു
കാണാത്തൊരെൻ
കണ്ണന്റെ പൊൻതാഴികക്കുടം!
6
പിറകിൽ നിന്നായാലും ശരി, മുന്നിൽ നിന്നായാലും ശരി
നീ അരുളുന്ന ദൃശ്യപ്രസാദം തന്നെ പൊരുളിന്റെ പ്രത്യക്ഷപ്രമാണം.
അതെ, ഒരേ വസ്തുവിന്റെ പാതികൾ ഒന്നിനോടൊന്നു സമമായിരിക്കും.
താൻ പാതി ദൈവം പാതി!
7
ഉണ്ടെന്നൊരുത്തൻ
ഇല്ലെന്നൊരുത്തൻ
തെല്ലും പിടി കൊടുക്കാതെ
ഉള്ളതാം ഉള്ളിന്റെയുള്ളിൽ
പൊട്ടിച്ചിരിക്കുന്നു ഇഷ്ടൻ!
Click this button or press Ctrl+G to toggle between Malayalam and English