കൊച്ചി: സാഹിത്യ സമ്പുഷ്ടമായ ദിനങ്ങൾക്ക് ഇനി ബോൾഗാട്ടി പാലസ് വേദിയാകും. കൃതി അന്താരാഷ്‌ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിന്‍റെ ഉദ്ഘാടനം മറൈൻ ഡ്രൈവിലെ പുസ്തകോത്സവവേദിയിൽ ഇന്നു വൈകുന്നേരം ആറിന് മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ കിരണ്‍ നഗാർക്കർ നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ, ടി. പത്മനാഭൻ, പ്രഫ. എം.കെ. സാനു, പ്രഫ. എം. ലീലാവതി, കെ. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, രാജൻ ഗുരുക്കൾ, ഷാജി എൻ. കരുണ്‍, എസ്. രമേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ബോൾഗാട്ടി പാലസിൽ അഞ്ച് വിവിധ വേദികളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്. വിവിധ വിഷയങ്ങളിലായി 12 വിദേശ എഴുത്തുകാരുൾപ്പടെ തദേശീയരായ എഴുത്തുകാരും മുപ്പതോളം സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സച്ചിദാനന്ദൻ, എൻ.എസ്. മാധവൻ, എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് ആദ്യ ദിവസങ്ങളിൽ സെഷനുകൾ തുടക്കമാവുക. എല്ലാദിവസവും വൈകീട്ട് ആറിന് ഓപ്പണ്‍ ഫോറവും ഉണ്ടാകും.
വിദേശസാഹിത്യം, ഭാരതീയ സാഹിത്യം, 1990-നു ശേഷമുള്ള ഇന്ത്യ, സമത്വ ഭാവന തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അതത് മേഖലകളിലെ പ്രഗൽഭരെ മേള അണിനിരത്തും. സാഹിത്യത്സവ സെഷനുകളിൽ പങ്കെടുക്കുന്ന വിദേശ എഴുത്തുകാരുടെ ആദ്യസംഘം ഇന്നലെ എത്തി. നാളെ ലളിതാംബിക അന്തർജനം വേദിയിൽ രാവിലെ 10 മുതൽ 12 വരെ ലോകസാഹിത്യവിഭാഗത്തിൽ “അതിരുകളില്ലാത്ത സാഹിത്യം’ എന്ന സെഷനിൽ പങ്കെടുക്കുന്നവരാണ് കൊച്ചിയിൽ എത്തിയത്.