കൊച്ചി: “കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും സാഹിത്യോത്സവത്തിലും കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ ഉണ്ടാവും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഒന്നര ലക്ഷത്തോളം ബാലസാഹിത്യകൃതികൾ മേളയുടെ ഭാഗമാകും. കുട്ടികളുടെ പുസ്തക പ്രസാധകരംഗത്തെ പ്രമുഖരമായ ഗ്രോളിയർ ഇന്‍റർനാഷനൽ, അമർചിത്രകഥ, സ്കോളാസ്റ്റിക്, ചിൽഡ്രൻസ് ബുക് ട്രസ്റ്റ്, ഡക്ബിൽ, ബി. ജയിംസ്, എൽസി പബ്ലിഷിംഗ് തുടങ്ങി 17 ലേറെ പ്രസാധകർ മേളയിൽ നേരിട്ടെത്തും. കുട്ടികളെ വായനയിലേക്കും അക്ഷരങ്ങളിലേക്കും കൈപിടിച്ചുയർത്തുക എന്നതാണ് ലക്‌ഷ്യം.കുട്ടികളുടെ സർഗ്ഗവാസനകൾ അവതരിപ്പിക്കാനുള്ള വേദിയും മേളയിലുണ്ടാകും
മേളയുടെ ആദ്യദിനമായ മാർച്ച് ഒന്നു മുതൽ ദിവസേന രാവിലെ 11 മുതൽ ബാലസാഹിത്യരംഗത്തെ പ്രമുഖർ കുട്ടികളോട് സംസാരിക്കും. സാഹിത്യ, സാഹിത്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ശിൽപശാലകൾ, ചർച്ചാക്ലാസുകൾ, സെമിനാറുകൾ, കുട്ടികളുടെ പുസ്തകങ്ങളുടെ പ്രകാശനം തുടങ്ങിയവയുമുണ്ടാകും. കാരിക്കേച്ചർ കോർണർ മറ്റൊരു ആകർഷണമാകും. തത്സമയ കാരിക്കേച്ചർ രചനയിലൂടെ ലഭിക്കുന്ന തുക ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു സംഭാവന ചെയ്യും.