സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്പിഎസ്എസ്) നടത്തിയ കൃതി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ ആദ്യപതിപ്പിന്റെ വൻ വിജയം പ്രമാണിച്ച് പുസ്തകോത്സവത്തിന്‍റെ സ്ഥിരം വേദിയായി കൊച്ചിയെ തെരഞ്ഞെടുത്തു. സാഹിത്യ-വിജ്ഞാനോത്സവത്തിന്‍റേയും പുസ്തകോത്സവത്തിന്‍റേയും രണ്ടാം പതിപ്പ് 2019 ഫെബ്രുവരി എട്ടു മുതൽ 17 വരെ മറൈൻഡ്രൈവിൽ നടക്കും.രണ്ടാം പതിപ്പ് കൂടുതൽ വിപുലമായി നടത്താനാണ് പദ്ധതി . ആദ്യവർഷം തന്നെ രാജ്യത്തെ ആദ്യ മൂന്നു മികച്ച പുസ്തകോൽസവങ്ങളിലൊന്നായി സ്ഥാനം പിടിക്കാൻ കൃതിക്കു സാധിച്ചു. 11 ദിവസങ്ങളായി നടന്ന കൃതിയിൽ ഏഴു ലക്ഷത്തോളം പേരാണ് എത്തിയത്. ഇതിൽ 35,000 വിദ്യാർഥികളും ഉൾപ്പെടും. അനൗദ്യോഗിക കണക്കുകൾ പ്രകാരം 17 കോടി രൂപയുടെ പുസ്തകങ്ങളാണ് വിറ്റഴിച്ചത്. ബോൾഗാട്ടിയിൽ സംഘടിപ്പിച്ച സാഹിത്യ-വിജ്ഞാനോത്സവം മറൈൻഡ്രൈവിലേക്ക് മാറ്റാനാണു തീരുമാനം.