കൃഷ്ണേട്ടനും ഒരു പരേതനും

 

 

 

 

കരയോഗം, അയ്യപ്പ ഭക്ത സംഘം,  oപുഞ്ചിരി ക്ലബ്, ഫ്രണ്ട്‌സ് ചിട്ടി ആൻഡ് ബ്ലേഡ് കമ്പനി എന്നീ പ്രസ്ഥാനങ്ങളുടെ നിലവിലെ പ്രെസിഡെന്റാണ് കൊച്ചു കൃഷ്ണൻ നായർ. കൂടാതെ നഗരത്തിലെ ഒട്ടനേകം കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവും. പൊതുകാര്യ പ്രസക്തൻ.. അതുകൊണ്ട് മൂപ്പരുടെ പേരിൽ ഒരു കൊച്ചുണ്ടെങ്കിലും ആള് ഇമ്മിണി ബല്യ ആളാണ്. ഒരു ദിവസം ഉറങ്ങുന്നതിനു മുമ്പ് മൂപ്പർ ഒരു കണക്കെടുത്തു ഭാര്യക്ക് സമർപ്പിച്ചത്രേ. താൻ ഇഹലോകവാസം വെടിയുമ്പോൾ തനിക്കു മിനിമം ഒരു മുപ്പത്‌ പുഷ്പചക്രങ്ങൾക്കുള്ള സ്കോപ് ഉണ്ടെന്നാണത്രെ കണക്കു കൂട്ടി പറഞ്ഞത്. കരയോഗത്തിൽ സ്ഥിരം പ്രെസിഡന്റും ചോദ്യം ചെയ്യപ്പെടാത്ത നേതാവും ആണ്. ഭാര്യ കൊച്ചമ്മിണി പേരുപോലെ പാവം കൊച്ചു തന്നെയാണ്. കടമ്മനിട്ടയുടെ ശാന്തയെപ്പോലെ. അമ്മിണിയേച്ചിക്ക് കൃഷ്ണേട്ടൻ ഏപ്പോഴും അടുത്ത് കൺവെട്ടത്ത് വേണമെന്ന് കല്യാണം കഴിഞ്ഞപ്പോഴും ഇപ്പോഴും പൂതിയുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ. കാലത്ത്‌ ഓരോ കാരണം പറഞ്ഞു പുറത്തിറങ്ങിയാൽ പിന്നെ മോന്തിയാകാതെ വീട് പൂകാറില്ല. ചിലപ്പോഴൊക്കെ അമ്മിണിയേച്ചി ജ്വാലാമുഖിയാകാറുണ്ട്. പൊതുവെ ശാന്തയാണെങ്കിലും വീട്ടുകാര്യങ്ങൾക്കു ഭഗ്നം വരുമ്പോൾ പൊട്ടിത്തെറിക്കും. പിന്നെ തീയ്, പുക, മ്ലേച്ചമലയാളം എല്ലാം ബഹിർഗമിക്കും. കൃഷ്ണേട്ടന് ഇത്തരം സന്നിഗ്ധ ഘട്ടങ്ങളെ ഒരു തികഞ്ഞ സാത്വി കന്റെ പാടവത്തോടെ മറികടക്കാനുള്ള തന്ത്രങ്ങൾ വശമുള്ളതു കൊണ്ട് അത്യാഹിതങ്ങളൊന്നും ഉണ്ടാകാറില്ല.
കരയോഗം അംഗങ്ങളുടെ കുടുംബങ്ങളിലെ, രഹസ്യമായിട്ടെങ്കിലും നടത്തുന്ന തിരണ്ടു കല്യാണങ്ങൾ, കല്യാണനിശ്ചയം, കല്യാണച്ചടങ്ങുകൾ, ശവമടക്കുകൾ, അടിയന്തരങ്ങൾ, ചാത്തങ്ങൾ കുടുംബ കലഹങ്ങൾക്കു മാധ്യസ്ഥം വഹിക്കൽ അങ്ങിനെ കൃഷ്ണേട്ടന്റെ ഡയറിയിലെ ഷെഡ്യൂളുകൾ നീളും. പിന്നെ സാംസകാരിക സംഘടനകളുടെ ചർച്ചകളും ഒഴിവാക്കാറില്ല. മരുമക്കൾ നെറ്റിൽ തപ്പി എഴുതിക്കൊടുക്കുന്ന വിഷയ കുറിപ്പുകൾ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും മൂപ്പർ വായിച്ചു തളളും. പിറ്റേന്ന് മനോരമയിൽ പേര് കണ്ടില്ലെങ്കിൽ സംഘടനാ സെക്രട്ടറിക്കു തൊയിരം കൊടുക്കില്ല. പേര് വരുന്നതുവരെ വിളിച്ചോണ്ടിരിക്കും. എന്തെങ്കിലും കാര്യങ്ങൾക്കു കൃഷ്ണേട്ടനെ വിളിച്ചാൽ സ്ഥിരം കിട്ടുന്ന മറുപടി ഡയറി നോക്കട്ടെ എന്നായിരിക്കും. തിയതിക്കോളവും സമയക്കോളവും ഒഴിഞ്ഞു കിടന്നാൽ വിളിച്ചവന്റെ ഭാഗ്യം എന്ന് കരുതിയാൽ മതി. അത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വരാൻ  നിവൃത്തിയില്ലെങ്കിലും പ്രശ്നമില്ല. ഒരു ശിങ്കിടിയെ ട്രെയിൻ ചെയ്തു നിർത്തിയിട്ടുണ്ട്. അദ്ദേഹം സ്വല്പം വികടനാണെങ്കിലും കാര്യങ്ങളൊക്കെ നടത്തിക്കോളും. പിന്നെ കണക്കു ചോദിക്കരുതെന്നു മാത്രം. ഏതു ചടങ്ങിന് പോയാലും ക്ഷീണം തീർക്കാൻ ഒന്ന് ഉണ്ണിയേട്ടന്റെ വീട്ടിൽ പോകണമെന്നത്‌ കൃഷ്ണേട്ടന് നിർബന്ധമാണ്. അതെന്താണെന്നു വായനക്കാർക്കു സ്വാഭാവികമായും സംശയം വന്നേക്കാം. എന്നാൽ അതൊരു കോഡ് വാക്കാണ്. പണ്ട് ഉണ്ണ്യേട്ടന്റെ മകളുടെ കല്യാണത്തിന് കാർമ്മികത്വം വഹിച്ച ശേഷം ഫോട്ടോ സെഷന് കൃഷ്ണേട്ടനെയും ഭൂതഗണങ്ങളെയും കാണാനില്ല. ആകെ വെപ്രാളമായി. പിന്നെ ആളും പരിവാരങ്ങളും എത്തിയപ്പോൾ മണ്ഡപത്തിലാകെ എം.എച്ചിന്റെ മണം. അന്ന് തൊട്ടാണ് കോഡ് നിലവിൽ വന്നത്‌.. പറഞ്ഞുവരുന്നത് കൃഷ്ണേട്ടന് പറ്റിയ ഒരു അമളിയെ കുറിച്ചാണ്. ഒരു സാദാ കരയോഗം നായർ വടിയായപ്പോൾ പെലച്ചക്ക് വിളി വന്നു. അന്ന് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലെങ്കിലും പതിവ് പോലെ ഡയറി നോക്കട്ടെ എന്ന ഡയലോഗ് കാച്ചി. തിരിച്ചു വിളിച്ചപ്പോൾ പടമായ നായരെ മേപ്പട്ടയക്കാനുള്ള സാമഗ്രികൾ കൂടെ വാങ്ങിവന്നാൽ ഉപകാരമായി എന്ന് ദുബായി കാരൻ ചെക്കന്റെ ഭാര്യ കിളി മൊഴിഞ്ഞു. കിളിമൊഴികൾ പ്രകൃതി സ്‌നേഹി കൂടിയായ കൃഷ്ണേട്ടന്റെ ദൗർ ബല്യമാണെന്നു പറയേണ്ടതില്ലല്ലോ. ആകട്ടേണ് പറഞ്ഞു. കുളികഴിഞ്ഞു കുറിയുമിട്ട്‌ കൃഷ്ണേട്ടൻ സാധനസാമഗ്രികളുമായി ഓട്ടോയിൽ കയറി സഞ്ചാരം തുടങ്ങി.  റീത്തു കിട്ടുന്ന കട ഓൺ ദി വേയിൽ ആയിരുന്നതിനാൽ കരയോഗത്തിനു വേണ്ടി ഒരു റീത്തും സംഘടിപ്പിച്ചു. തട്ടകം വേറെ ആയതിനാൽ പരേതന്റെ വീട്ടു മേൽവിലാസം കൃത്യമായി അറിയില്ലായിരുന്നു. ഏകദേശ ഊഹം വെച്ച് സഞ്ചാരം തുടരുമ്പോൾ പറഞ്ഞ തെരുവ് തുടങ്ങുന്നവിടെ ആൾകൂട്ടം കണ്ടു വണ്ടിയിറങ്ങി. അപ്പോൾ തന്നെ ഒരു ചെക്കൻ വന്ന്‌ സാധന സാമഗ്രികളെല്ലാം പട്ടാള ചിട്ടയിൽ ദിടീന്ന് ഷിഫ്റ്റ് ചെയ്തു. ഓട്ടോക്ക് പൈസ കൊടുത്തു്  ഒന്ന് രണ്ടു പരിചയക്കാർക്കു നമസ്ക്കാരം പറഞ്ഞു പരേതനെ ദർശിക്കാൻ മുഖത്തു ദുഃഖം വരുത്തി പരിചയ മുഖങ്ങളോടൊപ്പം അകത്തു കയറി. റീത്തു വച്ച ശേഷം തലയിൽ കൂടി താടി വഴി വെള്ള തുണി കെട്ടിയ പരേത മുഖം കണ്ടപ്പോൾ ഞെട്ടിപ്പോയി. അതേതോ കന്നഡക്കാരൻ ഗൗഡയായിരുന്നു. കൃഷ്ണേട്ടന് അന്ന് ഒരു പർച്ചേസ് കൂടെ നടത്തേണ്ടി വന്നത്രെ. ഒറിജിനൽ നായർ പരേതന് വേണ്ടി.
സംഭവം അറിഞ്ഞ ഡ്രൈവർ ശശി നോട്ടു നിരോധിച്ചപ്പോൾ രണ്ടു ദിവസം ഏ. ടീ. എമ്മിൽ വരിനിന്ന കാര്യം ഓർത്തുകൊണ്ട് “കിസീ ബീ കാം ആസാനീ സെ കർണാ ചാഹിയെ ഔർ അക്രാന്ത്‌ നഹീ ഹോന” എന്നവേദവാക്യം കയ്യും കലാശവും കാട്ടി മോദി സ്റ്റൈലിൽ ഫ്ലുവന്റായി ഹിന്ദി മേ ബോല…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here