തുളസിയെ ആരാധിക്കുന്നവരാണ് ഭാരതീയര്‍, പ്രത്യേകിച്ച് ഹൈന്ദവര്‍. മിക്ക വീടുകളിലും തുളസിത്തറകള്‍ സാധാരണമാണല്ലോ.തുളസി ആദ്ധ്യാത്മികതയുടെ പ്രതീകമാണ്. പ്രധാനമായി രണ്ടു തരത്തിലുള്ള തുളസി കാണപ്പെടുന്നു കൃഷണതുളസിയും , രാമതുളസിയും . കാട്ടുതുളസി. കര്‍പ്പുര തുളസി തുടങ്ങി വേറെയും ഇനങ്ങള്‍ ഉണ്ട്.
തുളസി ഐശ്വര്യ ദേവത
തുളസി ഒരു ഐശ്വര്യ ദേവതയായിട്ടാണ് പുരാതനകാലം മുതലേ കരുതി വരുന്നത്. ‘ പദ്മപുരാണ’ ത്തില്‍ ശിവന്‍ നാരദനോടു പറയുന്നതിപ്രകാരമാണ്. ‘’ അല്ലയൊ നാരദാ , എവിടെ തുളസി വളരുന്നുവോ അവിടെ കഷ്ടപ്പാടുകളില്ല. അവള്‍ പരിശുദ്ധരില്‍ പരിശുദ്ധയാണ്. എവിടെയെല്ലാം തുളസിയുടെ സുഗന്ധവും പേറി കുളിര്‍ക്കാറ്റ് കടന്നു വരുന്നുവോ അവിടെയെല്ലാം പരിശുദ്ധിയുണ്ട്. തുളസി വളര്‍ത്തുകയും തുളസിയെ ആരാധിക്കുകയും ചെയ്യുന്നവരുടെ മേല്‍ വിഷ്ണുവിന്റെ അനുഗ്രഹവര്‍ഷമുണ്ടാകും. തിളസി ദിവ്യമാണ്. എന്തുകൊണ്ടന്നാല്‍ ബ്രഹ്മാവ് വേരിലും , വിഷ്ണു തണ്ടിലും ഇലകളിലും രുദ്രന്‍ പുഷ്പത്തലപ്പുകളിലും വസിക്കുന്നു. ‘’ മൂത്ത തുളസിത്തണ്ടില്‍ നിന്നും നിര്‍മ്മിച്ചെടുക്കുന്ന 108 മുത്തുകളുള്ള തുളസിമാല കഴുത്തിലോ കൈത്തണ്ടയിലോ ധരിക്കുന്നത് മാനസികവും ആത്മീയവുമായ ശക്തിക്കും ഉന്നമനത്തിനും ഉത്തമമാണെന്ന വിശ്വാസം നിലവിലുണ്ട്.
ഔഷധസസ്യങ്ങളുടെ റാണി
പുരാതനകാലം മുതലേ തുളസി ഭാരതീയരുടെ കുടുംബഡോക്ടര്‍ കൂടിയാണ്. തുളസിയുടെ രോഗനിവാരണ ശേഷിയെപറ്റി അഥര്‍വവേദത്തില്‍ പറഞ്ഞിട്ടുണ്ട്. അഷ്ടാംഗഹൃദയത്തിലും തുളസിയുടെ ഔഷധമൂല്യം വ്യക്തമാക്കിയിട്ടുണ്ട്. തുളസിയുടെപ്രാധാന്യം മനസിലാക്കിയ ഇന്റെര്‍നാഷണല്‍ ഹെര്‍ബ് സൊസൈറ്റി 2003 -ലെ ഹെര്‍ബ് ഓഫ് ദി ഇയര്‍ ആയി തുളസിയെയാണ് തിരഞ്ഞെടുത്തത്.
പ്രശസ്ത യോഗാചാര്യനും ആയൂര്‍വേദ ഭിഷഗ്വരനുമായിരുന്ന ഋഷികേശിലെ സ്വാമി ശിവാന്ദയുടെ അഭിപ്രായത്തില്‍ പൊതുവായി തുളസി കഫപ്രകൃതമായ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതി വിധിയാണ്. കൊതുകുകളില്‍ നിന്നും പാമ്പുകളില്‍ നിന്നും ശല്യം ഉണ്ടാകാതിരിക്കാന്‍ തുളസിച്ചെടികളുടെ ഇടയില്‍ ഇരുന്ന് ധ്യാനിക്കാനാണ് അദ്ദേഹം ശിഷ്യരെ ഉപദേശിച്ചിരുന്നത്. ഋഷികേശില്‍ പാമ്പുകടിയേറ്റതോ, തേള്‍ കുത്തിയതോ ആയ രോഗികള്‍ക്ക് അദ്ദേഹം ഒരു ടീസ്പൂണ്‍ തുളസി നീര്‍ കഴിക്കാന്‍ കുടുക്കുകയും മുറിവുകളില്‍ തുളസി നീര്‍ തിരുമ്മിയ ശേഷം തുളസിയില അരച്ചിടുകയും ചെയ്തിരുന്നു. ഇത് വിഷത്തിന് ക്ഷിപ്രഫലം നല്‍കുന്ന ഒരു പ്രധിവിധിയായിരുന്നു. കൃഷ്ണതുളസിയാണ് ഏറ്റവും ഔഷധവീര്യമുള്ള ഇനം. അതിവിശിഷ്ടമായ ഒരു ദിവ്യൌഷധമാണ് ഇത്.ഔഷധസസ്യങ്ങളുടെ റാണി എന്നാണ് തുളസി അറിയപ്പെടുന്നത്.
തുളസിയിലയിലെ രാസഘടകങ്ങള്‍
ലാമിയേസിയേ എന്ന സസ്യ കുടുംബത്തിലെ അംഗമായ കൃഷണ തുളസിയുടെ ശാസ്ത്രീയ നാമ ഒസിമം സാങ്റ്റം എന്നാണ് വളരെ ചെറിയ ധാരാളം തൈലഗ്രന്ഥികള്‍ തുളസിയിലയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആയിരിക്കാം, തുളസിയിലക്ക് ഇത്രയും സുഗന്ധമുണ്ടായത്. തുളസിയില യില്‍ 37 ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, കാത്സ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ ക്ലോറോഫില്‍ യുജിനോള്‍ എന്നിവയും തുളസിയിലയില്‍ ഉണ്ട്.
സംഘര്‍ഷമകറ്റാന്‍ തുളസി
മനസിന്റെ ടെന്‍ഷനും പിരിമുറുക്കവും അകറ്റാനും പ്രതിരോധിക്കാനും തുളസിക്ക് പ്രത്യേകമായ കഴിവുണ്ട്. തുളസി ഇലയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ എന്ന രാസഘടകമാണ് ഇതിനു സഹായിക്കുന്നത്. പ്രഭാതത്തില്‍ വെറും വയറ്റില്‍ അഞ്ച് എം.എല്‍ തുളസിനീര് സമം തേനും ചേര്‍ത്തു കഴിക്കുന്നത് മാനസിക പിരിമുറുക്കത്തിന് ഏറെ സഹായകമാണ് . തന്നെയുമല്ല ഇങ്ങനെ പതിവായി തുളസിനീരും തേനും ചേര്‍ത്തു കഴിക്കുന്നത് പ്രതി സന്ധികളെയും പ്രശ്നങ്ങളേയും ശാന്തമായി , ആത്മവിശ്വാസത്തോടു കൂടി നേരിടുന്നതിനുള്ള മന: ശേഷി വര്‍ദ്ധിപൊപിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പൊതുവായരോഗപ്രതിരോധശെഷി ഉയര്‍ത്തുന്നതിനും ഉപകരിക്കുന്നു
തുളസിയിലയുടെ സംഘര്‍ഷ നിവാരണശേഷി ധാരാളം ആധുനിക പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 തുളസിയില വീതം രണ്ടു നേരം ചവച്ചു തിന്നുന്നതും ടെന്‍ഷനകറ്റാന്‍ ഉത്തമമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.