ഹിന്ദിയിൽ ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിത മാത്രമാണ് കൃഷ്ണ സോബ്തി. അസുഖബാധിതയായി ആശുപത്രിയിൽ കഴിയുമ്പോഴും എഴുത്തിനോടുള്ള ആർത്തി അവർക്ക് അടക്കാനാവുന്നില്ല, ദിവസവും കുറച്ചെങ്കിലും എഴുതാതെ എങ്ങനെ ജീവിക്കും എന്നാണവരുടെ ചോദ്യം.
93 ന്റെ ചുറുചുറുക്കിൽ അവർ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു , ജീവിതത്തെ എഴുത്തിലൂടെ സഹനീയമാക്കുക എന്ന പ്രവർത്തി ചെയ്യുന്നു.
ഏതെങ്കിലും പാർട്ടിയുമായോ ,സാഹിത്യ സംഘവുമായോ അവർ ബന്ധപെട്ടില്ല. സാഹിത്യ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തിൽ നിന്നല്ല അവർ വരുന്നത്.എഴുത്തിൽ അവർക്ക് തലതൊട്ടപ്പന്മാരില്ല.ഇതുകൊണ്ടൊക്കെത്തന്നെ എഴുത്ത് മാത്രമായിരുന്നു ആദ്യമായും അവസാനമായും കൂട്ടുണ്ടായത്.
ആദ്യ കൃതിയിൽ തൃപ്തി തോന്നാതെ അതിന്റെ പ്രസിദ്ധീകരിച്ച പതിപ്പുകൾ അവർ തിരികെ വാങ്ങിയ കഥയുണ്ട് . പിന്നീട് സിന്ദഗിനാമ (1979) എന്ന പേരിൽ അത് പുനരവതരിച്ചപ്പോൾ സോബ്തിയുടെ ഏറ്റവും പ്രശസ്തമായ രചനയായി അത് മാറി.ദാര്‍ സേ ബിച്ചൂഡി, മിത്രോ മാര്‍ജ്ജനി, യേ ലഡ്കി, ജൈനി മെഹര്‍ ബാന്‍ സിങ്, ദില്‍ ഓ ദാനിഷ് തുടങ്ങിയവയാണു മറ്റു ഈ എഴുത്തുകാരിയുടെ നോവലുകള്‍.
സ്ത്രീയെ അവളുടെ എല്ലാ ശക്തിയോടെയും ,ദൗർബല്യങ്ങളോടെയും അവതരിപ്പിക്കാൻ അവർ ശ്രമിച്ചു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കാൻ എഴുത്തുകാർ വിമുഖത കാട്ടിയ കാലമായിരുന്നു അത് എന്നുകൂടി ഓർക്കണം .മിത്രോ മാര്‍ജ്ജനി ശക്തമായ ഫെമിനിസ്റ്റ് ടെസ്റ്റ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.
എന്നാൽ എല്ലാ കാലത്തും മുദ്രകുത്തലുകളെ അവർ എതിർത്തു.എഴുത്തുകാരി എന്ന് മാത്രം അറിയപ്പെടാനായിരുന്നു അവർക്കിഷ്ട്ടം.
തന്റെ നിലപാട് തുറന്ന് പറയുന്നതിൽ ഒരു മടിയും അവർ ഇതുവരെ കാട്ടിയിട്ടില്ല.പുതിയ എഴുത്തുകാരുടെ തലമുറ ആ വാക്കുകളെ ഉറ്റുനോക്കുന്നതിൽ അത്ഭുതപ്പെടാനില്ല അത്രമാത്രം പ്രണയം അവർ തന്റെ കലയോട് പുലർത്തുന്നു.