കൃഷിക്കാരന് കൃഷ്ണന്റെ വീട്ടില്‍ പുഞ്ചക്കൊയ്ത്തു കഴിഞ്ഞപ്പോള്‍ എലികളെകൊണ്ട് ശല്യമായി . തട്ടിന്‍പുറത്തും മുറികളിലും എലികള്‍ ഓടി നടന്ന് നെല്ല് കെട്ടി വച്ചിരിക്കുന്ന ചാക്ക് കരണ്ട് തുളച്ചു തിന്നു. എലികളെ കൊണ്ടുള്ള ശല്യം വര്‍ദ്ധിച്ചപ്പോള്‍ എലികളെ പിടിക്കാന്‍ എന്താണ് വഴി എന്നയാള്‍ ആലോചിച്ചു.
അങ്ങനെ ആലോചിച്ചുകൊണ്ട് അയാള്‍ പുഞ്ചപ്പാടത്തു കൂടി നടക്കുമ്പോള്‍ പൊന്നന്‍ കീരിയെ കണ്ടു. കൃഷിക്കാരന്‍ കീരിയോടു ചോദിച്ചു.
” പൊന്നന്‍ കീരി പോരാമോ?
എന്റെ കൂടെ പോരാമോ
എലിയെ പിടിക്കാന്‍ പോരാമോ
ചോറും കറിയും നിനക്കു തരാം ”
പൊന്നന്‍ കീരി കൃഷിക്കാരന്‍ പറഞ്ഞതു സമ്മതിച്ചു അയാളുടെ കൂടെ പോന്നു. തട്ടിന്‍പ്പുറത്തു താവളമുറപ്പിച്ചു.
കൃഷിക്കാരന്‍ ചോറും കറിയും കൊടുത്തു അതു കഴിച്ച് സുഖമായി തട്ടിന്‍ പുറത്തു കിടന്നുറങ്ങി.
ഒരു ദിവസം രാത്രി കൃഷിക്കാരന്‍ തട്ടിന്‍ പുറത്ത് കയറി നോക്കിയപ്പോള്‍ കീരി സുഖമായി കിടന്നുറങ്ങുന്നതു കണ്ടു. എലികള്‍ ചാക്ക് തുരന്നു നെല്ലു തിന്നുന്നു. കലി കയറിയ കൃഷിക്കാരന്‍ ഒരു വടി എടുത്ത് കീരിയെ അടിച്ച് ഓടിച്ചു.
എലിയെ പിടിക്കാന്‍ ഇനി ആരെ കിട്ടും എന്ന് കൃഷിക്കാരന്‍ ആലോചിച്ചു നടന്നു. അങ്ങനെ നടന്നു പോകുമ്പോള്‍ കുട്ടനാടന്‍ പാടത്തെ കുട്ടന്‍ വെരുകിനെ കണ്ടു. കൃഷിക്കാരന്‍ വെരുകിനോടു ചോദിച്ചു.
”കുട്ടന്‍ വെരുകെ പോരാമോ
എന്നോടൊപ്പം പോരാമോ
എലിയെ പിടിക്കാന്‍ പോരാമോ
എന്റെ വീട്ടില്‍ പോരാമോ
ചോറും കറിയും ഞാന്‍ തരാം”
കുട്ടന്‍ വെരുക് സമ്മതിച്ചു. കൃഷിക്കാരന്റെ കൂടെ പോയി ചോറും കറിയും കഴിച്ച് തട്ടിന്റെ മുകളില്‍ കയറി കിടന്ന് സുഖമായി ഉറങ്ങി. എലിയെ പിടിക്കാനൊന്നും പോയില്ല.
രാത്രി തട്ടിന്‍ പുറത്ത് എലികള്‍ ഓടിക്കളിക്കുന്ന ഒച്ച കേട്ടപ്പോള്‍ കൃഷികാരന്‍ എഴുന്നേറ്റു ചെന്ന് നോക്കി. അപ്പോള്‍ വെരുക് സുഖമായി കിടന്നുറങ്ങുന്നു. അയാള്‍ക്ക് ദേഷ്യം വന്നു. അയാള്‍ ഒരു വടി എടുത്ത് വെരുകിനെ തല്ലി ഓടിച്ചു.
ഇനി ആരെ കിട്ടും എലിയെ പിടിക്കാന്‍ കൃഷിക്കാരന്‍ ആലോചിച്ചു. അങ്ങനെ പോകുമ്പോള്‍ കിങ്ങിണി പൂച്ചയെ കണ്ടു അയാള്‍ കിങ്ങിണീ പൂച്ചയോടു ചോദിച്ചു.
”കിങ്ങിണി പൂച്ചേ പോരാമോ
എന്നോടൊപ്പം പോരാമോ
എലിയെ പിടിക്കാന്‍ പോരാമോ
എന്റെ വീട്ടില്‍ പോരാമോ
ചോറു കറിയും ഞാന്‍ തരാം”
കിങ്ങിണീ പൂച്ച സമ്മതിച്ചു കൃഷിക്കാരന്റെ പിന്നാലെ പോയി. അയാളുടെ വീട്ടില്‍ ചെന്ന് ചോറും കറിയും വയറു നിറച്ചു കഴിച്ചു തട്ടിന്‍ മുകളില്‍ കയറി കിടന്നു. രാത്രി എലികള്‍ ആഹാരം തേടി ഇറങ്ങുന്നതു നോക്കി ഇരുന്നു. എലികള്‍ വന്നപ്പോള്‍ കിങ്ങിണി പൂച്ച എലികളെ പിടിച്ചു കൊന്നു. കൃഷികാരന്‍ തട്ടിന്‍ മുകളില്‍ എലികള്‍ ഓടുന്ന ശബ്ദം കേട്ടു വന്നപ്പോള്‍ കിങ്ങിണി പൂച്ച എലികളെ കൊന്നീട്ടിരിക്കുന്നതു കണ്ടു. കൃഷിക്കാരനു സന്തോഷമായി. അയാള്‍ കിങ്ങിണീ പൂച്ചയോടു പറഞ്ഞു.
”കിങ്ങിണി പൂച്ചേ പുന്നാര പൂച്ചേ
ഇനി നീ എങ്ങും പോകണ്ടാ
ജീവിത കാലം മുഴുവന്‍
എന്നോടൊപ്പം ഇവിടെ കഴിഞ്ഞോ”
കൃഷിക്കാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കിങ്ങിണി പൂച്ചക്ക് സന്തോഷം തോന്നി. താന്‍ കൃഷിക്കാരന് വലിയ ഉപകാരമാണ് ചെയ്തതെന്നു മനസിലാക്കി. അങ്ങനെ കിങ്ങിണീ പൂച്ച കൃഷിക്കാരന്റെ വീട്ടില്‍ സ്ഥിര താമസമാക്കി. കൃഷികാരന്‍ പൂച്ചക്ക് ചോറും കറിയും കൊടുത്തു വളര്‍ത്തു. കിങ്ങിണി പൂച്ച കൃഷിക്കാരന്റെ വിളവു നശിപ്പിക്കുന്ന എലികളെ കൊന്നു തിന്നു ജീവിതകാലം മുഴുവന്‍ കൃഷിക്കാരന്റെ വീട്ടില്‍ താമസിച്ചു. അന്നു മുതലാണ് ആളുകള്‍ വീടുകളില്‍ എലികളെ പിടിക്കാന്‍ പൂച്ചകളെ വളര്‍ത്തി തുടങ്ങിയത്.
Click this button or press Ctrl+G to toggle between Malayalam and English