കോഴിയെ ആരു കൊല്ലും

kozhi-6ഒരു വ്യാഴവട്ടത്തിനു മുമ്പാണ്. വീടു പണി കഴിഞ്ഞപ്പോള്‍ ബാക്കി വന്ന തടിക്കഷണങ്ങളും മറ്റും തല്ലി കൂട്ടി അപ്പുമാഷ് ഒരു കോഴിക്കൂടുണ്ടാക്കി. കോഴിക്കച്ചവടക്കാരന്‍ സുകുമാരനെ പേരെഴുതാനും കണക്കു കൂട്ടാനും പഠിപ്പിച്ചതിന്റെ ദക്ഷിണയായി രണ്ടു കോഴിക്കുഞ്ഞുങ്ങളെയും കിട്ടി.

മൂന്നാലു മാസങ്ങള്‍ കൊണ്ട് കോഴികള്‍ രണ്ടും തടിച്ചു കൊഴുത്തു. മുന്നാഴിയരിയാണ് ഒരു ദിവസത്തെ തീറ്റ. അതിനു പുറമെയാണ് കോറയും ചോളവും.

നാട്ടുകാര്‍ രണ്ടിനും കൂടി നാനൂറ് രൂപ വില പറഞ്ഞിട്ടും മാഷ് കൊടുക്കാന്‍ തയാറായില്ല. പവന്‍ നാലായിരം വിലയുള്ളപ്പോഴാണ് കോഴിക്ക് ഈ വില പറഞ്ഞതെന്നോര്‍ക്കണം.

ഓരോ ഞായറാഴ്ചയും കോഴിയെ കറി വയ്ക്കുന്ന കാര്യം മാഷ് ആലോചിക്കുമായിരുന്നു. പക്ഷെ ആരു കൊല്ലും? കൊന്നു കിട്ടിയാല്‍ ബാക്കി കാര്യങ്ങള്‍ ഭാര്യ നോക്കിക്കൊള്ളും.

കുമാരനോട് ഒന്നു കൊന്നു തരാന്‍ പല തവണ പറഞ്ഞു നോക്കിയതാണ്. ഗുരു ദക്ഷിണയായി നല്‍കിയ കോഴികളെ കൊല്ലുകയില്ലെന്നാണ് പുള്ളിക്കാരന്റെ നിലപാട്. പരമന്‍ പൂജാരിയാണ് ആശ്രയിക്കാവുന്ന മറ്റൊരാള്‍. പക്ഷെ ദൈവത്തിനു വേണ്ടിയല്ലാതെ മൂപ്പര്‍ കോഴിയെ തൊടുകയില്ലെത്രെ.

കൂട്ടു പാതയിലെ ഇറച്ചിക്കടയില്‍ ചെന്നു സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഉടമസ്ഥന്‍ ചൊക്കുണ്ണിക്ക് കേട്ട ഭാവം പോലുമുണ്ടായില്ലെന്നാണ് മാഷു പറയുന്നത്. ആറേഴു ഞായറാഴ്ചകള്‍ അങ്ങനെ കടന്നു പോയി. ചായക്കടകളിലും കുളക്കടവുകളിലും കിണറ്റിന്‍ കരയിലുമൊക്കെ അപ്പു മാഷും കോഴിയും ചര്‍ച്ചാവിഷയമായി. കോഴിയെ കൊന്നു കൊടുക്കുന്നവര്‍ക്കു പത്തു രൂപ പ്രതിഫലമായി പ്രഖ്യാപിച്ച് മാഷ് കാത്തിരിപ്പു തുടര്‍ന്നു.

കര്‍ക്കിടകത്തിലെ ചങ്കരാന്തിയും കറുത്ത വാവും കഴിഞ്ഞിട്ടും അപ്പു മാഷുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല. അവസാനം കോഴികളെ വില്‍ക്കാന്‍ തന്നെ മാഷ് തീരുമാനിച്ചു. പക്ഷെ നാനൂറു രൂപ വില പറഞ്ഞവര്‍ ‘ എല്ലു മൂപ്പായി’ എന്ന കാരണം പറഞ്ഞ് വില മൂന്നിലൊന്നായി കുറച്ചു. ആ വിലക്ക് കോഴിയെ വില്‍ക്കാന്‍ അഭിമാനം മാഷെ അനുവദിച്ചില്ല.

ഒടുവില്‍ ഒരു ദിവസം സൗജന്യമായി കോഴിയെ കൊന്നു കൊടുക്കാമെന്നു പറഞ്ഞ് ഒരാള്‍ പടി കടന്നു വന്നു അപ്പുമാഷുടെ ഒരു പഴയ ശിഷ്യനാണെന്നാണ് ആഗതന്‍ പരിചയപ്പെടുത്തിയത്. കോഴികളെ തൂക്കി നോക്കി ഭാരവും മറ്റും ഊഹിച്ച ശേഷം ഞായറാഴ്ച ഉദയാല്പരം ആറു നാഴിക മുപ്പതു വിനാഴികയ്ക്കു വധ കര്‍മ്മം നിര്‍വഹിക്കാമെന്ന് ഉറപ്പു നല്‍കി ശിഷ്യന്‍ സ്ഥലം വിട്ടു.

ശനിയാഴ്ച തന്നെ മാഷ് ചെയ്ട്ടിയാരുടെ കടയില്‍ ചെന്ന് പരസ്യത്തില്‍ കണ്ടു കൊതിച്ച കോഴി മസാലയും ബിരിയാണിയരിയും മറ്റും വാങ്ങിക്കൊണ്ടു വന്നു. ഇറച്ചി മാത്രമായിട്ട് ഒരു കറിയും ഉരുളക്കിഴങ്ങു ചേര്‍ത്ത് മറ്റൊരു കറിയും ഉണ്ടാക്കാന്‍ ഭാര്യയുമായി ധാരണയുണ്ടാക്കി. പ്രഥമാധ്യാപകന്‍ ഉള്‍പ്പെടെ സഹപ്രവര്‍ത്തകരായ പതിമൂന്നു പേരേയും വിരുന്നിനു ക്ഷണിച്ചു.

ഗ്രാമത്തിലെ അന്നത്തെ പ്രധാന വാര്‍ത്ത ഇതായിരുന്നു. ഇന്നായിരുന്നെങ്കില്‍ ദൃശ്യമാധ്യമങ്ങള്‍ ഇതൊരു ആഘാഷമാക്കുമായിരുന്നു. പക്ഷെ പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍‍ കണ്ടത് കോഴിക്കൂട് മലര്‍ക്കെ തുടന്നു കിടക്കുന്നതാണ്. തലേന്ന് വന്നവന്‍ പഠിച്ച കള്ളനായിരുന്നുവെന്ന് മനസിലാക്കാന്‍ മാഷ് വൈകിപ്പോയിരുന്നു. അതെന്തായാലും ‘അപ്പു മാഷ് കോഴിയെ വളര്‍ത്തിയ പോലെ ‘ എന്ന ചൊല്ല് കോട്ടം തട്ടാതെ ഇപ്പോഴും പ്രചാരത്തിലുണ്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here