കോഴിക്കുഞ്ഞും തള്ളക്കോഴിയും

kozhi

 

തങ്കമ്മ ഒരു കോഴികൃഷിക്കാരിയാണ്. അവള്‍ കോഴികളെ കൊത്തിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തി വലിയതാകുമ്പോള്‍ പൂവന്‍ കോഴികളെ വില്‍ക്കും. പിടക്കോഴികളെ മുട്ടയ്ക്കുവേണ്ടി നിറുത്തും. ഒരു ദിവസം ഒരു കോഴിക്ക് പത്തു മുട്ടകള്‍ വച്ച് അടയിരുത്തി. ഇരുപത്തി ഒന്നു ദിവസം കഴിഞ്ഞപ്പോള്‍ പത്തു കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞു പുറത്തു വന്നു. കുഞ്ഞുങ്ങള്‍ക്ക് പൊടിയരിയും വെള്ളവും കൊടുത്ത് മുറ്റത്ത് കൊട്ടചുവടെ ഇട്ടുവളര്‍ത്തി.
കുഞ്ഞുങ്ങള്‍ നല്ലപോലെ ഓടി നടന്നു തുടങ്ങിയപ്പോള്‍ കൊട്ടചുവട്ടില്‍ നിന്ന് അഴിച്ചുവിട്ടു. കോഴിയും കുഞ്ഞുങ്ങളും പറമ്പില്‍ ചിക്കിതെരഞ്ഞു തിന്നു നടന്നു. കാക്കയോ പരുന്തോ കൊണ്ടുപോകാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ കാത്തുസൂക്ഷിച്ചു. തിന്നു വയറു നിറഞ്ഞുകഴിയുമ്പോള്‍ തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് ചിറകിനടിയില്‍ അഭയം നല്‍കും. കുഞ്ഞുങ്ങള്‍ സുരക്ഷിതരായി ചിറകിനുള്ളില്‍ ഇരുന്നു.

ഒരു കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ പുറത്തു കയറി നിന്നു. തള്ളക്കോഴി പറഞ്ഞു:

“മോനെ. പുറത്തു കയറി നിന്നാല്‍ നിന്നെ കാക്കയോ പരുന്തോ കണ്ടാല്‍ റാഞ്ചി എടുത്തു കൊണ്ടു പോകും.”

“കാക്കയോ പരുന്തോ മുകളിരുന്ന് നോക്കി നിന്നെ കാണും. കണ്ടാല്‍ ഉന്നം തെറ്റാതെ നിന്റെ മേല്‍വന്നു വീണ് നിന്നെ അവരുടെ കാലിലെ കൂര്‍ത്തനഖത്തില്‍ കോര്‍ത്തെടുത്തു കൊണ്ടു പോകും. ഇതിനാണ് റാഞ്ചി കൊണ്ടുപോകും എന്നു പറയുന്നത്. മനസ്സിലായോ?” അമ്മ ചോദിച്ചു.

“എന്നെ ആരും റാഞ്ചി കോണ്ടുപോകാതെ ഞാന്‍ നോക്കിക്കൊള്ളാം. കാക്ക വരുമ്പോള്‍ ഞാന്‍ അമ്മയുടെ ചിറകിനുള്ളില്‍ കയറി ഒളിച്ചോളാം.” കോഴിക്കുഞ്ഞ് പറഞ്ഞു.

“മോനെ, ആദ്യം പറഞ്ഞത് അനുസരിച്ച് പഠിക്ക്. മോന്‍ ലോകമെന്താണെന്നും ഈ ലോകത്തില്‍ ജീവിക്കേണ്ടത് എങ്ങനെ എന്നും പഠിക്കാനിരിക്കുന്നേയുള്ളു. അതിനു മുന്‍പ് എനിക്കെല്ലാം അറിയാം എന്നു എന്നു പറഞ്ഞ് ഇറങ്ങി പുറപ്പെട്ടാല്‍ അപകടത്തില്‍ ചാടും.” തള്ളക്കോഴി പറഞ്ഞു.

അമ്മയെ അനുസരിക്കാന്‍ കോഴിക്കുഞ്ഞു തയ്യാറായില്ല. അപ്പോള്‍ തള്ളക്കോഴി പറഞ്ഞു: “മൂത്തവള്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും” എന്നാണ് പഴമൊഴി. ഞാന്‍ പറയുന്നത് ഇപ്പോള്‍ നിനക്ക് ഇഷ്ടപ്പെടുകയില്ല. അനുഭവം വരുമ്പോള്‍ നീ പഠിക്കും. “അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും” എന്ന പഴഞ്ചൊല്ലു കേട്ടിട്ടുണ്ടോ?”

“അമ്മേ ഒന്നു മിണ്ടാതിരി. ഞാന്‍ ആനപ്പുറത്തിരിക്കുന്നപോലെ ഇരുന്ന് കാഴ്ചകള്‍ കണ്ട് രസിക്കട്ടെ. അമ്മയുടെ കരിനാക്കു കൊണ്ടെന്നും പറയാതിരുന്നാല്‍ മതി” എന്നു പറഞ്ഞ് കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ പുറത്തിരുന്നു.

എങ്ങുനിന്നോ ഒരു പരുന്ത് ശരവേഗത്തില്‍ പറന്നുവന്ന് കോഴിക്കുഞ്ഞിനെ റാഞ്ചി എടുത്തുകൊണ്ടുപോയി. തള്ളക്കോഴി കരഞ്ഞുക്കൊണ്ട് പരുന്തിന്റെ പിന്നാലെ കുറെദൂരം പറന്നു ചിരകുതളര്‍ന്ന് താഴെ വീണു. പരുന്തിന്റെ കാലില്‍ തൂങ്ങികിടന്നപ്പോള്‍ കോഴിക്കുഞ്ഞു ഓര്‍ത്തു: “അമ്മ പറഞ്ഞത് അനുസരിക്കാമായിരുന്നു. അനുസരിച്ചിരുന്നെങ്കില്‍ പരുന്തു കൊണ്ടുപോകുമായിരുന്നില്ല…. ഇനി എന്തു ചെയ്യും?”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here