കോഴിക്കുഞ്ഞും തള്ളക്കോഴിയും

 

 

 

 

തങ്കമ്മ ഒരു കൃഷിക്കാരിയാണ്. അവള്‍ കോഴികളെ കൊത്തിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാകുമ്പോള്‍ പൂവന്‍ കോഴികളെ വില്‍ക്കും പിടക്കോഴികളെ മുട്ടയ്ക്കു വേണ്ടി നിറുത്തും.

ഒരു ദിവസം ഒരു കോഴിക്കു പത്തു മുട്ടകള്‍ വച്ച് അടയിരുത്തി ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞപ്പോള്‍ പത്തു കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞു പുറത്തു വന്നു . കുഞ്ഞുങ്ങള്‍ക്ക് പൊടിയരിയും വെള്ളവും കൊടുത്തു. മുറ്റത്ത് കൊട്ട ചുവടെ ഇട്ടു വളര്‍ത്തി.

കുഞ്ഞുങ്ങള്‍ നല്ല പോലെ ഓടി നടന്നു തുടങ്ങിയപ്പോള്‍ കൊട്ട ചുവട്ടില്‍ നിന്ന് അഴിച്ചു വിട്ടു . കോഴിയും കുഞ്ഞുങ്ങളും പറമ്പില്‍ ചിക്കി തിരഞ്ഞു തിന്നു നടന്നു. കാക്കയോ പരുന്തോ കൊണ്ടു പോകാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ കാത്തു സൂക്ഷിച്ചു . തിന്നു വയറു നിറഞ്ഞു കഴിയുമ്പോള്‍ തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് ചിറകിനടിയില്‍ അഭയം നല്‍കും. കുഞ്ഞുങ്ങള്‍ ചിറകിനടിയില്‍ സുരക്ഷിതരായി ഇരുന്നു.

ഒരു കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ പുറത്തു കയറി നിന്നു തള്ളക്കോഴി പറഞ്ഞു .

” മോനേ , പുറത്തു കയറി നിന്നാല്‍ നിന്നെ കാക്കയോ പരുന്തോ കണ്ടാല്‍ റാഞ്ചി എടുത്തു കൊണ്ടു പോകും”

” എന്താ അമ്മേ റാഞ്ചികൊണ്ടു പോകുമെന്നു പറയുന്നത്?” കോഴിക്കുഞ്ഞു ചോദിച്ചു.

” കാക്കയോ പരുന്തോ മുകളിരുന്ന് നോക്കി നിന്നെ കാണും കണ്ടാല്‍ ഉന്നം തെറ്റാതെ നിന്റെ മേല്‍ വന്നു വീണ് നിന്നെ അവരുടെ കാലിലെ കൂര്‍ത്ത നഖത്തില്‍ കോര്‍ത്തെടുത്തു കൊണ്ടു പോകും ഇതിനാണു റാഞ്ചി കൊണ്ടു പോകുക എന്നു പറയുന്നത് . മനസിലായോ?” അമ്മ ചോദിച്ചു.

” എന്നെ ആരും റാഞ്ചിക്കൊണ്ടു പോകാതെ ഞാന്‍ നോക്കിക്കൊള്ളാം . കാക്ക വരുമ്പോള്‍ ഞാന്‍ അമ്മയുടെ ചിറകിനുള്ളില്‍ ഒളീച്ചോളാം ” കോഴിക്കുഞ്ഞ് പറഞ്ഞു .

” മോനെ ആദ്യം പറഞ്ഞത് അനുസരിച്ച് പഠിക്ക്. മോന്‍ ലോകമെന്താണെന്നും ഈ ലോകത്തില്‍ ജീവിക്കേണ്ടത് എങ്ങനെ എന്നും പഠിക്കാനിരിക്കുന്നതേ ഉള്ളു . അതിനു മുന്‍പ് എനിക്കെല്ലാം അറിയാം എന്നു പറഞ്ഞ് ഇറങ്ങി പുറപ്പെട്ടാല്‍ അപകടത്തില്‍ ചാടും” തള്ളക്കോഴി പറഞ്ഞു .

അമ്മയെ അനുസരിക്കാന്‍ കോഴിക്കുഞ്ഞു തയാറായില്ല. അപ്പോള്‍ തള്ളക്കോഴി പറഞ്ഞു ” മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും” എന്നാണു പഴമൊഴി ഞാന്‍ പറയുന്നത് ഇപ്പോള്‍ നിനക്ക് ഇഷ്ടപ്പെടുകയില്ല അനുഭവം വരുമ്പോള്‍ നീ പഠിക്കും ” അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും ” എന്ന പഴഞ്ചൊല്ലു കേട്ടിട്ടുണ്ടോ? ”

” അമ്മ ഒന്നു മിണ്ടാതീ ഞാന്‍ ആനപ്പുറത്തിരിക്കുന്ന പോലിരുന്നു കാഴ്ചകള്‍ കണ്ടു രസിക്കട്ടെ. അമ്മയുടെ കരി നാക്കു കൊണ്ടൊന്നും പറയാതിരുന്നാല്‍ മതി’ എന്നു പറഞ്ഞ് കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ പുറത്തിരുന്നു.

എങ്ങു നിന്നോ ഒരു പരുന്ത് ശരവേഗത്തില്‍ പറന്നു വന്ന് കോഴിക്കുഞ്ഞിനെ റാഞ്ചി എടുത്ത് കൊണ്ടു പോയി . തള്ളക്കോഴി കരഞ്ഞു കൊണ്ട് പരുന്തിന്റെ പിന്നാലെ കുറെ ദൂരം ഓടി ചിറകു തളര്‍ന്ന് താഴെ വീണൂ. പരുന്തിന്റെ കാലില്‍ തൂങ്ങി കിടന്നപ്പോള്‍ കോഴിക്കുഞ്ഞ് ഓര്‍ത്തു.

” അമ്മ പറഞ്ഞത് അനുസരിക്കാമായിരുന്നു അനുസരിച്ചിരുന്നെങ്കില്‍ പരുന്തു കൊണ്ടു പോകുമായിരുന്നില്ല ഇനി എന്തു ചെയ്യും? ”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English