അദൃശ്യനായ ദൈവമാണ് നീ.
നീ കൊഴിച്ചിട്ട തൂവലുകളിൽ
നിന്നാണ് നിന്നെ ഞാൻ അറിഞ്ഞത്.
അനങ്ങാപ്പാറകളും
അടഞ്ഞകവാടങ്ങളും
നിന്റെ നിശ്വാസങ്ങളിൽ
ധൂളികളായി പറന്നു.
കലാലയങ്ങളുടെ
വശ്യസൗന്ദര്യത്തിൽ
നിന്റെ മുഖം ഞാൻ അറിയാതെ
ഓർത്തു പോവുന്നു.
യോഗ്യതയുടെ സാക്ഷ്യപത്രങ്ങളെ
ചിരിച്ച് തള്ളി
ചക്കരക്കുടത്തിൽ കയ്യിട്ട് വാരുന്നവർ
നിന്റെ സ്ത്രോത്രം ഉരുവിടുന്നു.
മുന്നിലേക്ക് തുറക്കുന്ന
വാതിലുകൾക്ക് പകരം
പിൻ വാതിലുകൾ നിർമ്മിച്ച
നിന്റെ കലാവിരുതിനെ
ഞാൻ നമിക്കുന്നു.
നിന്നെ പ്രതിഷ്ഠിച്ച ആലയങ്ങളിൽ
നിന്നെ സ്തുതിക്കുന്ന തൊഴിലാളികൾ
മുളപ്പിച്ച വിത്തുകൾക്കും
നിന്റെ അതേ മുഖഛായ.
സർവ്വവ്യാപിയും സർവ്വജ്ഞാനിയും
സർവ്വകലാവല്ലഭനമായിട്ടും
നിന്റെ തന്നെ ഭക്തജനങ്ങൾ പറയുന്നു
നീ ഉണ്ടെന്നതിന് തെളിവില്ലത്രേ..
Click this button or press Ctrl+G to toggle between Malayalam and English