പുഷ്പനാഥിനെ പുഷ്പരാജായിക്കണ്ട കുട്ടിക്കാലം

untitled-1

സ്മാര്‍ട്ട് ഫോണുകളും, ലാപ്‌ടോപ്പില്‍ കുറ്റാന്വേഷണ സിനിമകളും വരും മുന്‍പ് മലയാളികളുടെ വായനയെ ത്രസിപ്പിച്ച കോട്ടയം പുഷ്പനാഥ് കഴിഞ്ഞ ദിവസം ഈ ലോകത്തു നിന്ന് വിടവാങ്ങി, അദ്ദേഹത്തിന്റെ അയല്‍ക്കാരനും കവിയും നോവലിസ്റ്റും കൂടിയായ ശ്രീ മനോജ് കുറൂര്‍ പുഷ്പനാഥിന്റെ ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കോട്ടയത്തെ ഒരു അധോലോക ഭൂമിയാക്കിയ എഴുത്തുകാരന്റെ കരവിരുതിനെപ്പറ്റിയും പുസ്പനാഥിനെ പുഷ്പരാജയിക്കണ്ട കുട്ടിക്കാലത്തെപ്പറ്റിയും മനോജ് കുറൂര്‍ മനസ് തുറക്കുന്നു

എന്റെ കുട്ടിക്കാലത്ത് കോട്ടയം പുഷ്പനാഥ് അയല്‍വാസിയായിരുന്നു. നാട്ടിന്‍പുറമാണ്. പക്ഷേ പട്ടണത്തിലേക്കു നടക്കാനുള്ള ദൂരമേയുള്ളൂ. ഉടുപ്പുപോലും ഇടാതെ നടക്കുന്ന നാട്ടുകാര്‍ക്കിടയില്‍ തൊപ്പിയും കൂളിംഗ് ഗ്ലാസ്സും ബെല്‍ബോട്ടം പാന്റുമിട്ട് സ്‌റ്റൈലില്‍ പോകുന്നതിനിടെ അദ്ദേഹം അച്ഛനോട് എന്തെങ്കിലും കുശലവും പറഞ്ഞിരുന്നു.

ഏതോ കൊലപാതകക്കേസ് തെളിയിക്കാന്‍ പോകുന്ന ഡിറ്റക്ടീവ് ആണെന്നാണു ഞങ്ങള്‍ കുട്ടികള്‍ കരുതിയത്. അക്കാലത്തു വായിച്ച അദ്ദേഹത്തിന്റെ ഒരു നോവലില്‍ ചുങ്കം പാലം, കുടയംപടി, നാഗമ്പടം, കഞ്ഞിക്കുഴി തുടങ്ങി കൊച്ചുകോട്ടയത്തിന്റെ പാവം സ്ഥലങ്ങളെല്ലാം അധോലോകസംഘങ്ങളുടെ വിഹാരഭൂമിയാണെന്നു വായിച്ചു ഞെട്ടിയതോര്‍ക്കുന്നു. പക്ഷേ പിന്നീടെന്തോ ഞാന്‍ അദ്ദേഹത്തിന്റെ നോവലുകളൊന്നും വായിച്ചില്ല. ഞങ്ങള്‍ മറ്റൊരിടത്തേക്കു താമസം മാറിയതോടെ അദ്ദേഹത്തെ കണ്ടുമുട്ടാതെയുമായി.

കുറച്ചു കാലം മുമ്പ് വി സി ഹാരിസ് സാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം കോട്ടയം പുഷ്പനാഥിന്റെ കുറേ നോവലുകള്‍ എടുത്തു മുന്നില്‍ വച്ചു; പുഷ്പനാഥിനെ താമസസ്ഥലത്തുപോയി കണ്ട കഥ സരസമായി വിവരിച്ചു. എത്ര നോവലുകള്‍ എഴുതിയിട്ടുണ്ടെന്നുപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ലത്രേ. പിന്നീട് ആ വര്‍ഷം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ജി ശങ്കരപ്പിള്ള അനുസ്മരണത്തിനും പുഷ്പനാഥ് വന്നു. പക്ഷേ അദ്ദേഹം ക്ഷീണിതനായിരുന്നു. ചെറുപ്പത്തില്‍ കണ്ട ആളെ പിന്നീട് അന്നാണു കണ്ടത്.

കോട്ടയം പുഷ്പനാഥിന്റെ നോവലുകള്‍ വായിച്ച കുട്ടിക്കാലമാണു പലര്‍ക്കുമെങ്കില്‍ പുഷ്പനാഥിനെത്തന്നെ പുഷ്പരാജായിക്കണ്ട കുട്ടിക്കാലമായിരുന്നു എന്റേത്. അയല്‍വാസിയായിരുന്നിട്ടും അധികം അറിയാതെപോയ അദ്ദേഹത്തിന് ആദരാഞ്ജലി.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here