“എന്താണ് നാം കാണുന്നത്. കല്ലറ തുറന്നു കിടക്കുന്നത് നാം കാണുന്നില്ലേ. ഇതിനകത്തുണ്ടായിരുന്ന മൃതശരീരം എവിടെപ്പോയി. ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയാണെന്നു താങ്കൾക്ക് തോന്നുന്നില്ലേ?.”
ഫ്രാങ്കിളിൻ തണുപ്പിൽ നിന്നും രക്ഷനേടുവാൻ ഒരു സിഗററ്റിനു തീകൊളുത്തിക്കൊണ്ട് പറഞ്ഞു.
“അടുത്ത കല്ലറ കൂടി നമുക്കു നോക്കാം.” ഫ്രാങ്കിളിൻ ടോർച്ചു തെളിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. ശേഷിച്ച നാലു കല്ലറകളും അവർ പരിശോധിച്ചു. അവ തുറന്നിരുന്നില്ല. എങ്കിലും അവയുടെ മുകളിലുള്ള സ്ലാബുകൾ നീക്കം ചെയ്തിരുന്നു. ഫ്രാങ്കിളിനും എഞ്ചിനീയറും കൂടി ഒരു കല്ലറയുടെ മുകളിലുള്ള കരിങ്കൽപ്പാളി നീക്കം ചെയ്തു. അതിനുള്ളിൽ ദ്രവിച്ചു നാമാവശേഷമായ ഒരു മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതും അവർ കണ്ടു. മറ്റ് മൂന്നു കല്ലുകളും തുറന്നു പരിശോധിച്ചതിൽ ഈ അനുഭവം തന്നെയാണുണ്ടായത്
” ആരോ ഈ കല്ലറകൾ തുറന്നു നോക്കിയിട്ടുണ്ടെന്നുള്ളത് നിസ്സംശയമാണ്. എന്നാൽ ആദ്യത്തെ കല്ലറയിൽനിന്നു മൃതശരീരം അപ്രത്യക്ഷമായി എന്നാണ് എനിക്കു തോന്നുന്നത്. അതിൽ യാതൊരു അവശിഷ്ടങ്ങളും നാം കാണുക ഉണ്ടായില്ല.” എഞ്ചിനീയർ പിൻ തിരിഞ്ഞു.
അവർ വാസസ്ഥലത്ത് മടങ്ങിയെത്തി.
അന്നുരാത്രി ഇരുവരും ഉറങ്ങിയില്ല.
അപ്രത്യക്ഷമായ ആ മൃതശരീരത്തെക്കുറിച്ചായിരുന്നു അവരുടെ ചിന്ത. അതിന് എന്തു സംഭവിച്ചു എന്ന് അവർ അത്ഭുതപ്പെട്ടു. പകൽസമയം ആ കല്ലറകൾക്ക് യാതൊരു കേടും സംഭവിച്ചിരുന്നില്ല. എന്നാൽ രാത്രി സമയത്താണു അവ നഷ്ടപ്പെട്ടത്.
ആരോ അവിടെ രാത്രി വന്നുവെന്നുള്ളതും മൃതശരീരം കടത്തിക്കൊണ്ടുപോയെന്നും വ്യക്തമായി
കഴിഞ്ഞിരിക്കുന്നു.
*ഭീകരമനുഷ്യൻ
ജീവിതരേഖ : വിദ്യാർത്ഥിയായിരിക്കെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച പുഷ്പനാഥ്, സ്കൂൾ മാഗസിനായി തിരമാല എന്ന ചെറുകഥ എഴുതി. 1968-ൽ അദ്ദേഹം തന്റെ ആദ്യ നോവലായ ചുവന്ന മനുഷ്യൻ പുറത്തിറക്കി, അത് ഒരു സയന്റിഫിക് ത്രില്ലറായിരുന്നു. പിന്നീട് 1970 കളിലും 80 കളിലും മുഖ്യധാരാ നോവലുകൾ, സയൻസ് ഫിക്ഷൻ, ഹൊറർ ഫിക്ഷൻ എന്നിവയുൾപ്പെടെ 350 ലധികം കൃതികൾ അദ്ദേഹം എഴുതി. പുഷ്പനാഥിന്റെ പല കൃതികളും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാം സ്റ്റോക്കറുടെ ലോകപ്രശസ്ത ഗോതിക് ഹൊറർ നോവലായ ഡ്രാക്കുളയും ആർതർ കോനൻ ഡോയലിന്റെ ദി ഹൗണ്ട് ഓഫ് ദി ബാസ്കർവില്ലസും കോട്ടയം പുഷ്പനാഥ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ – ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നിവ സിനിമാരൂപം കൈക്കൊണ്ടു. ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസാവാതിരുന്ന ചിത്രമാണ് ചുവന്ന അങ്കി.
ഷെർലക് ഹോംസിന്റെയും ഹെർക്കുലീസ് പൊയ്റോട്ടിന്റെയുമൊക്കെ മാതൃകയിൽ ‘ഡിറ്റക്ടീവ് മാർക്സിൻ’, ‘പുഷ്പരാജ്’ എന്നീ രണ്ട് സാങ്കൽപ്പിക ഡിറ്റക്ടീവുകളെ പുഷ്പനാഥ് സൃഷ്ടിക്കുകയും ഈ രണ്ട് പേരുകളും രചയിതാവിന്റെ പേര് പോലെ തന്നെ പ്രചാരത്തിലാവുകയും ചെയ്തു. ഇന്ത്യ പശ്ചാത്തലമാവുന്ന നോവലുകളിൽ ഡിറ്റക്റ്റീവ് പുഷ്പരാജ് നായകനാപ്പോൾ, ഇന്ത്യയ്ക്ക് പുറത്തുള്ള നോവലുകളിലെ നായകസ്ഥാനം ഡിറ്റക്ടീവ് മാർക്സിൻ വഹിച്ചു. ചില നോവലുകളിൽ മറ്റൊരു സാങ്കൽപ്പിക കഥാപാത്രമായ ‘ഡിറ്റക്ടീവ് സുധീർ’ നായകനായി വന്നു.
2018 മെയ് 2ന് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. മറിയാമ്മയാണ് ഭാര്യ. സലിം, ജമീല, സീനു എന്നിവർ മക്കൾ
നിലവിൽ പുഷ്പനാഥിന്റെ എല്ലാ സൃഷ്ടികളുടെയും റോയൽറ്റി, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റെ നിലവിലെ സാരഥിയായ അദ്ദേഹത്തിന്റെ കൊച്ചുമകൻ രയൺ പുഷ്പനാഥിനാണുള്ളത്.