കൊതിച്ചികോതയുടെ പായസം

 

 

 

 

 

 

കോത്താഴത്ത് ഒരു കൊതിയൻ കോന്തുണ്ണിയും കൊതിച്ചിക്കോതയും ഉണ്ടായിരുന്നു.

ഒരിക്കൽ കൊതിച്ചിക്കോതക്കു കോവിലകത്ത് നിന്ന് കുറച്ച് നെല്ല് കിട്ടി . നെല്ല് കുത്തിയെടുത്ത് പായസം ഉണ്ടാക്കണമെന്ന് കൊതിച്ചികോത ആശിച്ചു . പായസത്തിനുള്ള പച്ചരിയും ശർക്കരയുമെല്ലാം കിട്ടിയപ്പോൾ കൊതിച്ചികോത കോന്തുണ്ണിയോട് പറഞ്ഞു .

” കൊതിയച്ചാരെ , കോന്തുണ്ണി
പായസമൊരു കാലമുണ്ടാക്കാം
വേഗം നിങ്ങൾ കാട്ടിൽ പോയി
വിറകും വെട്ടിയണഞ്ഞാട്ടെ ”

ഇതുകേട്ട കോന്തുണ്ണിക്കു ദേഷ്യമാണ് വന്നത് . അവൻ പറഞ്ഞു.

” ഇല്ലില്ല ഞാൻ പോയാൽ മുറ്റത്ത് നിൽക്കുന്ന മൂവാണ്ടൻ മാവിലെ മാങ്ങയെല്ലാം അണ്ണാനോ കാക്കയോ തിന്നു മുടിക്കും . നീ തന്നെ വിറകിനു പോ”

ഇത് കേട്ട് കൊതിച്ചികോത വേഗം പോയി വിറകു കൊണ്ട് വന്നു . ഉച്ചക്ക് മുമ്പായി അവൾ ഒരു കലം നിറയെ പായസമുണ്ടാക്കി . പായസത്തിന്റെ മണം കേട്ട് കൊതിയൻ കോന്തുണ്ണി പതുങ്ങി പതുങ്ങി അടുക്കളയിലെത്തി.

എന്നിട്ട് കുറച്ച് പാൽപ്പായസം കോരിക്കുടിക്കുവാൻ ശ്രമിച്ചു . അപ്പോൾ കൊതിച്ചികോത ഓടി വന്ന് കോന്തുണ്ണിയോട് പറഞ്ഞു.

” കൊതിയച്ചാരെ , പെരുവയറാ
പായസമൊട്ടും തരില്ല
വിറകുമുറിക്കാൻ പോയ് വന്നാൽ
നൽകാം പായസമൊരു കിണ്ണം ”

ഇത് കേട്ട് മനസില്ലാമനസോടെ ഒരു കോടാലിയുമെടുത്ത് കാട്ടിലേക്ക് യാത്രയായി .

കുറച്ച് ദൂരം ചെന്നപ്പോൾ കുറുങ്കാലൻ കുട്ടൻ കരടി കോന്തുണ്ണിയോട് ചോദിച്ചു .

” കോന്തുണ്ണി ചേട്ടാ , പതിവില്ലാതെ കോടാലിയുമായി എങ്ങോട്ടാ ?”

കൊതിയൻ കോന്തുണ്ണി ചിരിച്ചുകൊണ്ടു പറഞ്ഞു.

കരടിക്കുട്ടാ ഞാനല്പം
വിറകുമുറിക്കാൻ പോകുന്നു
വിറകും കൊണ്ടങ്ങേത്തുമ്പോൾ
കിട്ടും പായസമൊരു കിണ്ണം ”

ഇത് കേട്ട് കരടിയുടെ വായിൽ വെള്ളം നിറഞ്ഞു. കുട്ടൻ കരടി കോന്തുണ്ണിയോട് ചോദിച്ചു..

” ചേട്ടന് പകരം കാട്ടിൽ പ്പോയ്
വിറകും വെട്ടി വരട്ടെ ഞാൻ
വിറകും കൊണ്ടുവരും നേരം
പായസമിത്തിരി നൽകാമോ?”

ഇത് കേട്ട് കുഴിമടിയനായ കൊതിയൻ കോന്തുണ്ണിക്ക് സന്തോഷമായി . കോടാലി കുട്ടൻ കരടിയെ ഏല്പിച്ചിട്ട് കോന്തുണ്ണി പറഞ്ഞു .

” എങ്കിൽ വേഗം പൊയ്ക്കോളൂ
വിറകും വെട്ടിയണഞ്ഞോളു
വിറകും കൊണ്ടുവരുന്നേരം
നൽകാം പായസമൊരു കിണ്ണം”

കൊതിയണ് കോന്തുണ്ണിയുടെ വാക്കു കേട്ട് കുട്ടൻ കരടി കോടാലിയുമായി കാട്ടിലേക്ക് നടന്നു.

കോന്തുണ്ണി വേഗം വീട്ടിലെത്തി . അപ്പോൾ കൊതിച്ചികോത പായസം വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു . വിറകില്ലാതെ വരുന്ന കൊതിയൻ കോന്തുണ്ണിയെ കണ്ട് കൊതിച്ചികോത ദേഷ്യപ്പെട്ടു . അപ്പോൾ കോന്തുണ്ണി പറഞ്ഞു

” എനിക്ക് പകരം വിറകിന്നായി
കരടിക്കുട്ടനെ വിട്ടു ഞാൻ
വിറകും കൊണ്ട് വരും നേരം
പായസമനും നൽകേണം ”

ഇത് കേട്ട് കൊതിച്ചിക്കോതക്കു പേടിയായി അവൾ പറഞ്ഞു .

” അയ്യോ പൊന്നെ ചങ്ങാതി
വെക്കം വെക്കം തിന്നോളൂ
]കരടിക്കുട്ടൻ വന്നെന്നാൽ
പായസമൊക്കെ അകത്താക്കും ”

ഇത് കേൾക്കേണ്ട താമസം കോന്തുണ്ണി പായസം വേഗം വിഴുങ്ങാൻ തുടങ്ങി . കൊതിച്ചിക്കോതയും തനിക്കാവും വിധം തട്ടി വിട്ടു . പായസം തീരാറായപ്പോൾ ഒരു പാത്രത്തിൽ കുറച്ചെടുത്ത് കുട്ടൻ കകരടിക്കായി മാറ്റി വച്ചു . എങ്കിലും കൊതി മൂത്തപ്പോൾ കൊതിച്ചികോത അതിൽ നിന്ന് കുറച്ചെടുത്ത് കുടിച്ചു . കൊതിച്ചികോത കാണാതെ കൊതിയൻ കോന്തുണ്ണിയും കുറച്ചെടുത്ത് സാപ്പിട്ടു . അങ്ങനെ പാത്രം കാലിയായി.

പാത്രം കാലിയായപ്പോൾ രണ്ട് പേർക്കും പേടിയായി. കുട്ടൻ കരടി വരുമ്പോൾ പായസം കൊടുത്തില്ലെങ്കിൽ രണ്ട് പേരെയും കൊല്ലുമെന്ന് അവർക്ക് അറിയാമായിരുന്നു . കുട്ടൻ കരടിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ അവരൊരു വഴി ആലോചിച്ചു .

]പെട്ടന്ന് വാതിൽക്കൽ കുട്ടൻ കരടിയുടെ വിളി കേട്ടു . നോക്കിയപ്പോൾ ഒരു വലിയ വിറകുകെട്ടും ചുമന്ന് കുട്ടൻ കരടി നിൽക്കുന്നു കൊതിയൻ കോന്തുണ്ണി കൊതിച്ചിക്കോതയോട് പറഞ്ഞു .

” ഓടിക്കോളൂ കൊതെ നീ
കരടിക്കുട്ടൻ വരണുണ്ടേ
കരടിക്കുട്ടൻ കണ്ടെന്നാൽ
കഷ്ട്ടം നമ്മുടെ കഥ കഴിയും ”

ഇത് കേട്ട് കൊതിച്ചികോത വേഗം തട്ടിൻ പുറത്ത് കയറി ഒളിച്ചു . അതുകണ്ട് കൊതിയൻ കോന്തുണ്ണിയും തട്ടിൻ പുറത്ത് കയറി.

കുട്ടൻ കരടി വിറകുകെട്ട് മുറ്റത്തിറക്കി വച്ചിട്ട് അടുക്കളയിലേക്കു ചെന്നു . പക്ഷെ പായസക്കലം നക്കി തുടച്ചു വച്ചിരിക്കുന്നതാണ് കണ്ടത്. കോന്തുണ്ണി തന്നെ പറ്റിച്ചുവെന്ന് കുട്ടൻ കരടിക്കു ബോധ്യമായി . അവൻ ദേഷ്യപ്പെട്ട് നാലുപാടും അലറിപ്പാഞ്ഞു നടന്നു . അപ്പോഴാണ് കോന്തുണ്ണിയും കൊതിച്ചിക്കോതയും തട്ടിൻ പുറത്തിരിക്കുന്നത് കുട്ടൻ കരടി കണ്ടത്

കുട്ടൻ കരടി കോണിപ്പടിയിലൂടെ മേലോട്ട് കയറാൻ തുടങ്ങി . പെട്ടന്ന് കോന്തുണ്ണിയും കൊതിച്ചിക്കോതയും കൂടി കോണി തള്ളി താഴെയിട്ടു.

അതിനിടയിൽ മുറ്റത്ത് നിൽക്കുന്ന മൂവാണ്ടൻമാവിൽ നിറയെ മാങ്ങ പഴുത്ത് കിടക്കുന്നത് കുട്ടൻ കരടി കണ്ടു .വിശപ്പു മൂത്ത കുട്ടൻ കരടി വേഗം മൂവാണ്ടൻ മാവിന്റെ മുകളിൽ കയറി .

അവൻ ആർത്തിയോടെ മാങ്ങ പറിച്ച് തിന്നു . പിന്നെ കുറെ പറിച്ച് താഴേക്കെറിയാൻ തുടങ്ങി . ഇത് കണ്ട് കൊതിയൻ കോന്തുണ്ണി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പെട്ടന്നാണ് മേൽക്കൂരയിൽ ഒരു കടന്നൽ കൂട് തൂങ്ങി കിടക്കുന്നത് കൊതിച്ചികോത കണ്ടത് .

കൊതിച്ചികോത വേഗം ആ കടന്നൽ കൂടെടുത്ത് കരടിയുടെ നേരെ എറിഞ്ഞു . കടന്നലുകൾ പാഞ്ഞു ചെന്ന് കരടിയെ കുത്താൻ തുടങ്ങി. കുത്തേറ്റ കുട്ടൻ കരടി താഴെ വീണു . മുറ്റത്ത് നിന്ന മുതുക്കിപ്പശുവിന്റെ മേലെയാണ് അവൻ വീണത് . മുതുക്കിപ്പശു കരടിക്കിട്ടൊരു തൊ ഴി കൊടുത്തു . കുട്ടൻ കരടി കരഞ്ഞു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടി നടന്നു.

കോന്തുണ്ണിയും കൊതിച്ചിക്കോതയും കൂടി വേഗം താഴെയിറങ്ങി . മാമ്പഴമെല്ലാം പെറുക്കിയെടുത്തു , മാമ്പഴം പെറുക്കിയെടുത്തതുകൊണ്ടവർ പാടി.

” കൊതിയനും കോതയും പായസം വച്ചെ
തിന്തിനം തെയം തെയ്യണം താരാ…
പായസമുണ്ണുവാൻ കരടിയും വന്നേ
തിന്തിനം തെയ്യം തെയ്യനം താരാ…
കരടിച്ചെറുക്കന്റെ നട്ടെല്ലൊടിഞ്ഞേ
തിന്തിനം തെയ്യനം തെയ്യനം താരാ…
കൊതിയനും കോതക്കും മാമ്പഴം കിട്ടി
തിന്തിനം തെയ്യണം തെയ്യനം താരാ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here