കവിതയിലെ കൊതിയൻ

untitled-2

പച്ചക്കുപ്പി / എം ആർ രേണുകുമാർ

പനി വരുമ്പോൾ
അമ്മയെ ഓർമ്മ വരും.
മടിയിലുറക്കം
തുടയിലെ താളം
നോവുകളെ
കൊത്തിത്തിന്നുന്ന മൂളിപ്പാട്ട്
എരിവും ചൂടും
കുത്തി മറിയുന്ന ചുക്കു കാപ്പി
പൊടിയരിക്കഞ്ഞി
നാരങ്ങാ അച്ചാർ
പിച്ചും പേയുമായി
എല്ലാം പുറകെയെത്തും.

പനി മാറിയാൽ
അപ്പനെ ഓർമ്മ വരും.

കപ്പക്കറിയുടെയും
മത്തിപ്പീര യുടെയും മഞ്ഞ.
പൊള്ളിച്ച കരിമീന്റെ മൊരി.
പച്ച ക്കുപ്പിയിലെ കള്ളിന്റെ മണം.
വഴിയിലുറക്കം
ഈർച്ചപുരണ്ട നോട്ടക്കൂത്തുകൾ
പട്ടി നാവിന്റെ തൊടൽ
ചീവിടുകളുടെയും
നരിചീറുക ളുടെ യും
ഡിജിറ്റൽ സംവിധാനം.

ഇരുട്ടിൽ അരയിൽ മുട്ടിവിളിക്കും
ഉടലുമായി റിയാലിറ്റി ഷോ.
മിന്നാമിനുങ്ങുകളുടെ
മഞ്ഞ വെളിച്ചത്തിൽ
ഞെക്കിപ്പഴു പ്പിച്ച പ്രണയം.
തെന്നിയും തെറിച്ചും
എല്ലാം പുറകെയെത്തും.

പനി വരുമ്പോൾ മാത്രമാണ്
അമ്മയെ ഓർമ്മവരിക;
ആണ്ടിലോന്നോ രണ്ടോ തവണ മാത്രം.
അപ്പനെ ഓർമ്മ വരാത്ത
ദിവസങ്ങൾ കുറവാണ്.

——————————-

കൊതിയൻ

എം. ആർ രേണുകുമാറിന്റെ കവിതകൾ വ്യത്യസ്തമാകുന്നത് അവ ഇന്നുവരെ കവിതയിൽ അവതരിപ്പിക്കാത്ത അരികുജീവിതങ്ങളെ സ്വാഭാവികമായി ഭാഷയിൽ വരക്കുന്നിടത്താണ്. കഥകളിൽ സി.അയ്യപ്പനും മറ്റും നിറവേറ്റിയ  നിയോഗം കവിതയിൽ രേണുകുമാർ ഭംഗിയായി നിർവ്വഹിക്കുന്നു.

ഇത്രനാളും കവിതയിൽ നിന്ന് മാറിനിന്ന വാക്കുകൾ ജീവിതങ്ങൾ , രുചികൾ , മണങ്ങൾ എന്നിവ ആത്മവിസ്വാസത്തോടെ കവിതയിലേക്ക് ഓടി വരുന്നു. ഭാഷയുടെ സൂക്ഷ്മതയിലും ഈ കവി ശ്രദ്ധാലുവാണ്. ലാളിത്യത്തിന്റെ വഴി ഭാഷയിൽ തിരഞ്ഞെടുക്കുമ്പോളും കവിതകൾ ലളിതമാകുന്നില്ല, അവയിൽ വ്യക്തമായ രാഷ്ട്രീയവും,നിലപാടുകളും അടങ്ങിയിട്ടുമുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ അവ രാഷ്ട്രീയ മുദ്രാവാക്യങ്ങളാകുന്നുമില്ല.

‘സവിശേഷത’, ‘കാണുന്നുണ്ടനേകമക്ഷരങ്ങൾ’ തുടങ്ങി 41 കവിതകൾ അടങ്ങിയ സമാഹാരമാണ് കൊതിയൻ. കാണുന്നുണ്ടനേകമക്ഷരങ്ങൾ എന്ന തലക്കെട്ടിൽ തന്റെ നിലപാടുതറയുടെ സൂചനകൾ കവി നൽകുന്നുണ്ട്. ‘കാണുന്നീല്ലൊരക്ഷരവും….’ എന്ന് പാടിയ പിൻ തലമുറയിൽ നിന്നും ‘കാണുന്നുണ്ടനേകമക്ഷരങ്ങൾ’ എന്നിടത്തെ ആത്മവിസ്വാസവും, പ്രതീക്ഷയുമാണ് രേണുകുമാറിന്റെ കവിതയിലേക്കുള്ള താക്കോൽ.

‘അസ്വസ്ഥമായ ഭാഷയിലെ ചരിത്ര ധര്‍മവും ചരിത്രത്തിലെ കാവ്യധര്‍മവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവുംകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്.അസ്വസ്തമായ ഈ ലാവണ്യ സങ്കല്‍പ്പം ഭാഷയില്‍ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണെന്ന്’ അവതാരികയിൽ ടി.ടി ശ്രീകുമാർ

2012 -2015 കാലത്തെഴുതിയ കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.അവതാരിക എഴുതിയിരിക്കുന്നത് ടി.ടി ശ്രീകുമാർ.കവർ ഷൈൻ.ഡി സി ബുക്‌സാണ് പ്രസാധകർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here