കൊതിയന്‍

ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ നുണച്ചിക്കോത എന്ന വീട്ടു ജോലിക്കാരിയും മകനും താമസിച്ചിരുന്നു. കോത നേരം പുരുമ്പോള്‍ അയല്‍ വീടുകളില്‍ ചെന്ന് അടിച്ച് തളിച്ച് പാത്രം തേപ്പും ചെയ്തു കൊടുത്ത് കുടുംബം പുലര്‍ത്തി വന്നു . വീടുകളില്‍ വേലക്കു ചെല്ലുമ്പോള്‍ നുണകള്‍ പറഞ്ഞ് പ്രചരിപ്പിക്കുക അവളുടെ ഒരു സ്വഭാവമായിരുന്നു. തന്മൂലം നാട്ടുകാര്‍ അവളെ നുണച്ചിക്കോത എന്നു വിളിച്ചു.

അവളുടെ മകന്‍ ശങ്കരന്‍കുട്ടി വലിയ കൊതിയനായിരുന്നു. അമ്മ വീട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടു വരുന്ന ആഹാരസാധനങ്ങള്‍ അവന്‍ ആര്‍ത്തിയോടെ ഭക്ഷിച്ചു.

ശങ്കരന്‍കുട്ടിക്ക് ആഹാരം കൊടുത്ത് തൃപ്ത്തിപ്പെടുത്താന്‍ വലിയ പ്രയാസമായിരുന്നു. എന്തു കൊടുത്താലും അവന് ആര്‍ത്തിയോടെ ഭക്ഷിക്കും. ഈ സ്വാഭാവം കാരണം അവനെ കൊതിയന്‍ ശങ്കരന്‍കുട്ടി എന്നു നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങി. കൊതിയന്‍ ശങ്കരന്‍കുട്ടി അമ്മയോടൊപ്പം വീടുകളില്‍ ചെന്ന് പറമ്പിലെ പണികള്‍ ചെയ്തു കൂലി വാങ്ങി . പ്രായപൂര്‍ത്തിയായപ്പോള്‍ അവന്‍ വിവാഹിതനായി.

ഭാര്യക്കു കിട്ടിയ പൊന്നും പണവും കുറഞ്ഞു പോയതിനെ ചൊല്ലി എന്നും ശങ്കരങ്കുട്ടിയും ഭാര്യയും വഴക്കു കൂടുക പതിവായി . അമ്മായിയച്ഛന്‍ കൊടുക്കാമെന്നു പറഞ്ഞിരുന്ന ആഭരണങ്ങളും രൂപയും കൊടുത്തില്ലെന്ന് പറഞ്ഞാണ് അവര്‍ കലഹിച്ചിരുന്നത്.

ഒരു ദിവസം അച്ഛന്റെ അടുത്തു പോയി രൂപ വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞ് ശങ്കരന്‍ കുട്ടി ഭാര്യയെ അയച്ചു.

ഭാര്യ ചെന്ന് അച്ഛനോട് രൂപ ആവശ്യപ്പെട്ടു. അച്ഛന്‍ കൊടുത്തില്ല. രൂപ കൊണ്ടേ തിരിച്ചു ഭര്‍ത്താവിന്റെ വീട്ടില്‍ പോകുന്നുള്ളു എന്ന് അവള്‍ പറഞ്ഞു.

അച്ഛന്‍ സമ്മതിച്ചു.

” മോളീവിടെ താമസിച്ചോ കൊയ്ത്തു കഴിയുമ്പോള്‍ നെല്ല് വിറ്റ് രൂപ തന്നയക്കാം”
ഭാര്യ പോയിട്ട് പല ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അവള്‍ രൂപ വാങ്ങിച്ചു കൊണ്ട് മടങ്ങി വന്നില്ല . ശങ്കരങ്കുട്ടിക്ക് ദേഷ്യം വന്നു . അയാള്‍ കലി തുള്ളിക്കൊണ്ടു വീട്ടില്‍ നിന്നിറങ്ങി ഭാര്യ വീട്ടില്‍ ചെന്നു
അവിടെ ചെന്നപ്പോള്‍ ഭാര്യക്കും അമ്മായിയച്ഛനും വലിയ സന്തോഷമായി . കൊയ്ത്തു കഴിഞ്ഞാല്‍ ഉടനെ രൂപ കൊടുക്കാമെന്ന് പറഞ്ഞ് മരുമകനെ ആശ്വസിപ്പിച്ചു.

മരുമകനു കൊടുക്കാന്‍ വിഭവ സമൃദ്ധമായ ഊണ് തയാറാക്കാന്‍ അമ്മായയച്ഛന്‍ വേണ്ട ഏര്‍പ്പാടു ചെയ്തു. ഊണ് തയാറായപ്പോള്‍ മരുമകനെ ഉണ്ണാന്‍ വിളിച്ചു. അയാള്‍ ഉണ്ണാന്‍ കൂട്ടാക്കിയില്ല.
ഭാര്യ വന്ന് നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു.

” എനിക്ക് ഊണൂ വേണ്ട നിന്റെ അച്ഛന്‍ തരാമെന്നു പറഞ്ഞ് രൂപ തരാതെ ഞാനിവിടുന്ന് ഊണൂ കഴിക്കില്ല ”

ഭാര്യ വിളിച്ചിട്ടും വരാതിരുന്നപ്പോള്‍ അമ്മായിയമ്മ വന്നു വിളീച്ചു. അപ്പോള്‍ ശങ്കരന്‍ കുട്ടി പറഞ്ഞു.

” ഞാന്‍ കടയില്‍ നിന്ന് അപ്പവും ഇറച്ചിയും കഴിച്ചതാണ്. എനിക്കു തീരെ വിശപ്പില്ല. നിങ്ങളൂണ് കഴിച്ചോ എനിക്കു വേണ്ട”

ഭാര്യയും മറ്റുള്ളവരും പോയി ഇറച്ചിയും മറ്റു നല്ല കറികളും കൂട്ടി സുഖമായി ഊണൂ കഴിച്ചു. ഉണ്ണുന്നുന്നതിനിടയില്‍ കറികളുടെ സ്വാദിനെ പറ്റി വര്‍ണ്ണിക്കുന്നതു കേട്ടപ്പോള്‍ ശങ്കരന്‍ കുട്ടിയുടെ നാക്കില്‍ വെള്ളം വന്നു. ഉണ്ടാല്‍ കൊള്ളാമെന്ന് കൊതി തോന്നി.

ഇനി എന്താണു മാര്ഗം? ശങ്കരന്‍ കുട്ടി എഴുന്നേറ്റ് പതുക്കെ അടുക്കളയിലേക്കു ചെന്ന് ഭാര്യയോടു ചോദിച്ചു.

” എടി മോരുണ്ടോ?”

” ഉണ്ട് ”

” എന്നാല്‍ കുറച്ചു ചോറെടുത്തോ , ഊണു കഴിക്കാം”
ശങ്കരന്‍കുട്ടി കൈ കഴുകി വന്നിരുന്നു.

ഭാര്യ ചോറും കറികളും വിളമ്പിക്കൊടുത്തു. അയാള്‍ വയര്‍ നിറയെ ഊണു കഴിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here