വീണ്ടും ഒരു ഓണത്തിന്റെ വരവായി. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഓണം . കൊറോണയുടെയും മഴ വിതച്ച ദുരന്തങ്ങളുടെയും വരവിനു ശേഷം എത്തുന്ന ഈ ഓണം എല്ലാവരിലും ഒരു പ്രതീക്ഷയുടെയും മാറ്റത്തിന്റെയും അവസരമാണോ ?
ജോലി നഷ്ടപ്പെട്ടതിന്റെയും, വീട് നഷ്ടപ്പെട്ടവന്റെയും ,മഴ ദുരിതങ്ങൾ അനുഭവിക്കുന്നവന്റെയുമെല്ലാം കാഴ്ചചപ്പാടുകളിൽ ഓണം നിറപ്പകിട്ടില്ലാത്തതാണ് . ഒന്നിന് പിറകെ ഒന്നായി കേരളത്തെ വിഴുങ്ങുന്ന ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു പോകുകയല്ലേ നാം .എന്നിരുന്നാലും ജിവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നാം യാത്ര തുടർന്നേ പറ്റു. തകർന്ന വ്യാപാരമേഖലയും ഹോട്ടൽ വ്യവസായങ്ങളും കാര്ഷികമേഖലയും എല്ലാം പതുക്കെയാണെങ്കിലും തിരിച്ചു വരവിനുള്ള പരിശ്രമങ്ങളിലാണ്. ഈ ഓണക്കാലം എല്ലാ മേഖലയിലുമുള്ളവരുടെയും പ്രതീക്ഷയുടെ കാലമാണ് . അത് വഴിയോര കച്ചവടക്കാർ മുതൽ ഏറ്റവും ഉയർന്ന ഷോപ്പിംഗ് മാളുകളിൽ വരെ.
കഴിഞ്ഞ വർഷം വരെ ഉണ്ടായ ഓണാഘോഷങ്ങൾ എല്ലാ തലമുറയിലും പെട്ടവരുടെതായിരുന്നു. സ്‌കൂൾ, കോളേജ് , ഓഫിസ്, തുടങ്ങി എല്ലാ മേഖലയിലും ഉള്ളവർ ചേർന്ന് ആഘോഷങ്ങളുടെ ഉത്സവം . നിരത്തിലെങ്ങും സെറ്റുസാരിയിലും പട്ടു പാവാടകളിലും തിളങ്ങിയിരുന്ന സ്‌കൂൾ കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ. എല്ലായിടത്തും ഓണത്തിന്റെ തിരക്കുകൾ, പുതുവിളികൾ, ഇതെല്ലാം സന്തോഷത്തിന്റെയും ആഹ്‌ളാദത്തിന്റെയും ചെറുപ്പത്തിന്റെയും തിമിർപ്പുകൾ ആയിരുന്നു.
ഫെബ്രുവരി അവസാനമായപ്പോഴേക്കും കൊറോണ ഒരു മഹാവ്യാധിയായി നമ്മുടെ ഇടയിലേക്ക് ഒരു ക്ഷണിക്കാത്ത അതിഥിയായി വന്നെത്തി. അതെ തുടർന്നു ഇതുവരെയും മാസ്ക്കും സാനിറ്ററൈസറും സാമൂ ഹിക അകലവും പാലിച്ച്, പരിചമുള്ളവരെ പരസ്പരം കണ്ടാൽ ചിരിക്കേണ്ടാത്ത ഒരു അവസ്ഥയിൽ കൂടി നാം ഇപ്പോഴും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു .
എല്ലാത്തിനും മീതെ, ഇതെല്ലാം കടന്നു പോകും നമ്മൾ ഇതിനെയെല്ലാം നേരിടും , വാക്സിനുകൾ വിപണിയിൽ എത്തിചേരാൻ വളരെ കുറച്ച് സമയം കൂടി മതിയാകും എന്നുള്ള പ്രതീക്ഷകൾ നമ്മെ മുന്നോട്ടു നയിക്കുന്നു .
കഴിഞ്ഞ ഓണത്തിന് നമ്മുടെ കൂടെ ഉണ്ടായിരുന്ന ചിലരെങ്കിലും ഇപ്പോൾ നമ്മോട് കൂടെയില്ല. കൊറോണ എന്ന വ്യാധി അവരെ നമ്മിൽ നിന്നകറ്റി. .ഇപ്പോൾ നമ്മുടെ ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തകരെയും നമുക്ക് ഓർക്കാം . ഇത്രയും മാസങ്ങളായി വിശ്രമമില്ലാതെ നമ്മുടെ നാടിനു വേണ്ടി പ്രവർത്തിക്കുന്ന അവരുടെ പ്രവർത്തനങ്ങളെയും നമുക്ക് ഈ ഓണനാളുകളിൽ നന്ദിയോടെ അനുസ്മരിക്കാം .
ഈ കാലമെല്ലാം കടന്നു പോകും വരുന്നത് ഒരു നല്ല നാളെയാണ് എന്ന ചിന്തയോടെ ഈ ഓണത്തെ നമുക്ക് എല്ലാ സുരക്ഷാമാനദണ്ഡങ്ങളോടെയും വരവേൽക്കാം.
പുഴയുടെ എല്ലാ വായനക്കാർക്കും നന്മ നിറഞ്ഞ ഓണാശംസകൾ നേരുന്നു.