അന്ന് കോപ്പ് മാമയുടെ ജന്മദിനമായിരുന്നു. ആഘോഷ പരിപാടികൾ ചർച്ച ചെയ്യാൻ തലേന്നു വൈന്നേരം തന്നെ ആലോചനാ യോഗം ചേർന്നിരുന്നു. ചർച്ചാ യോഗത്തിൽ
കോപ്പ്മാമ, വാഴക്കോടൻ നായര്, പൊങ്ങ ഷെട്ടി, ഈ കുറിപ്പുകാരൻ എന്നിവർ പങ്കെടുത്തു. പിറന്നാള് വീരഭദ്രസേവയോടെ ആഘോഷിക്കാനും മുഖ്യാതിഥിതിയായി അടുത്തുള്ള കോട്ടായിക്കാരൻ മീശക്കാരൻ ഏട്ടയെ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.
വീരഭദ്രനും ഉപദംശങ്ങളും വാങ്ങാൻ പൊങ്ങ ഷെട്ടിയെ ചുമതലപ്പെടുത്തി.
ആഘോഷ പരിപാടികൾ പിറ്റേന്ന് വൈന്നേരം കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിക്കാൻ തീരുമാനിച്ച ശേഷം വേറെ അജണ്ടകളൊന്നും ഇല്ലാത്തതിനാൽ ഓരോ കട്ടനും അടിച്ചു യോഗം പിരിഞ്ഞു. .
കോപ്പ് മാമയും, പൊങ്ങ ഷെട്ടിയും നിങ്ങൾക്ക് പരിചിതരാണ്. ആയത് വാഴക്കോടനെ പറ്റി രണ്ടു വാക്ക്. അദ്ദേഹം കോപ്പ് മാമടെ സഹമുറിയനായിരുന്നു. സാക്ഷാൽ പല്ലാവൂരപ്പൂന്റെ നാട്ടുകാരൻ…
നിസ്സംഗൻ..നിഷ്കളങ്കൻ,നിഷ്കാമൻ..നിർമ്മമൻ, നിർവികാരൻ.. സർവ്വോപരി കഷണ്ടിക്കാരൻ..കോലുമാൻ..ബോബനും മോളിയിലെ അപ്പിഹിപ്പിക്കു കഷണ്ടിവന്ന പോലിരിക്കും കാണാൻ. മൂപ്പരുടെ ചില ബോഡി ലാംഗ്വേജ് ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്..
കൊറ്റിയുടെ കാലുകൾ പോലെയുള്ള രണ്ടു കാലുകളിൽ ഒരെണ്ണം എപ്പോഴും പോറാട്ടങ്കളിക്ക് കാല് പഠിക്കണ പോലെ പിന്നിലേക്കും മുന്നിലേക്കും ചലിപ്പിച്ചു കൊണ്ടായിരിക്കും നിൽപ്. ഇടക്ക് ഓരോ ദമ്മെ ടുക്കുമ്പോൾ കവിളുകൾ കുഞ്ചി മുത്തിയുടെ കവിളുപോലെ ചുങ്ങും. കൈവിരലുകൾ വെറുതെ നേരമ്പോക്കിന് ഇടയ്ക്കിടയ്ക്ക് മണ ത്തോണ്ടിരിക്കും. ജോലി ചെയ്തിരുന്ന വെയിങ് സ്കെയിൽ കമ്പനിക്കാർ നൽകിയിരുന്ന മന്തൻ ഷൂ ഇട്ടോണ്ടായിരിക്കും ജോലിക്കു പോക്ക്. വീട്ടിൽ വന്നു് അത്ഊരിയെറിയുമ്പോൾ വരുന്ന സോക്സിന്റെ വാട കാരണം വീട്ടിൽ കരപ്പ്, എലി, മൂട്ട തുടങ്ങിയ ക്ഷുദ്ര ജീവികളുടെ ഊദ്രവം തീരെയില്ലായിരുന്നു…ഓ ഈ മനസ്സിന്റെ ഓരോ തത്രപ്പാടുകളേ ..ഒരു കാര്യം പറഞ്ഞുതുടങ്ങിയാ പിന്നെ പാഞ്ചാലീടെ ചേല പോലെ നീണ്ട് നീണ്ട് അങ്ങിനെ വളവളാന്നു പറഞ്ഞോണ്ട് പോകും. സോറി ട്ടോ… കം ടു ദി പോയിന്റ്.
വാഴക്കോടൻ ഇന്ന് ജീവിച്ചിരിപ്പില്ലെന്നുള്ള ദുഖകരമായ വിവരം കൂടെ അറിയിച്ചു കൊണ്ട് കഥ തുടരാം. പരേതാത്മാവിന് അത്യുന്നതങ്ങളിൽ സ്തുതി…
പെറന്നാളുകാരനൊഴികെയുള്ള നീചന്മാരൊക്കെ ഏഴുമണിക്കേ വീട്ടിലെത്തി. നേരം ഏഴുകഴിഞ്ഞേഴരയായിട്ടും കോപ്പ്മാമയെ കണ്ടില്ല. വാഴക്കോടന്റെ പൊറാട്ടങ്കളി സ്റ്റെപ്പുകൾ അക്ഷമ കൊണ്ട് ധൃതഗതിയിലായി. പൊങ്ങഷെട്ടിഉപദംശങ്ങളൊക്കെ പാക്കറ്റുകൾ പൊട്ടിച്ച് തീറ്റ തുടങ്ങിയിരുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ ബോപ്പണ്ണ ഓടിക്കിതച്ചു വന്നുകൊണ്ട് കോപ്പ് മാമയെ പോലീസ് സ്റ്റേഷനിൽ കണ്ടു എന്താ കാര്യമെന്ന് ചോദിച്ചത്. ഉടൻ ഞങ്ങൾ അടുത്തുള്ള
ബൈട്രാംപുര സ്റ്റേഷനിലേക്ക് കുതിച്ചു. അവിടെ ചെന്ന് കാര്യമന്വേഷിച്ചപ്പോഴാണ് മാമക്ക് സഞ്ചാരത്തിന് കമ്പനി കൊടുത്ത ലൊഡക്കാസ് ലൂണ മോപ്പഡ് വണ്ടിയാണ് പ്രതിയെന്നറിഞ്ഞത്.
ഒരു വിധത്തിൽ അവിടന്ന് സ്കൂട്ടായി വീട്ടിലെത്തി വീരഭദ്ര വധം കത്തിക്കയറിക്കോണ്ടിരിക്കുമ്പളാണ് കോപ്പ് മാമ സംഭവത്തിന്റെ ചുരുൾ നിവർത്തിയത്. ലേശം ഉള്ളിൽ ചെന്നാൽ പിന്നെ കോപ്പ് മാമ മണിയാശാന് മൈക്ക് കിട്ടിയത് പോലാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.
അതിങ്ങനെയായിരുന്നു. ഈ ശകടം കയ്യിൽ കിട്ടിയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ. കൊറേ ചവിട്ടും കുത്തുമൊക്കെ കൊടുത്താലേ അവൻ സ്റ്റാർട്ടാവാറുള്ളൂ. പിന്നെ കോപ്പ് മാമ ആക്‌സിലേറ്ററൊക്കെ തിരിക്കുന്ന കണ്ടാൽ ഏതോ ബൈക്ക് റാലിക്കു സ്പോർട്സ് ബൈക്ക് ഓടിക്കുവാണെന്നു തോന്നും വിധമായിരുന്നു. അന്ന് വീട്ടിലേക്കു വരുംവഴി വിജയനഗർ റോഡിൽ നിന്നും ബൈട്രാംപുരയിലേക്കു തിരിയുന്ന ഇറക്കത്തിൽ ഒരു ബി. ടി. എസ് ബസ് റോങ്ങ് സൈഡിൽ വന്ന് ആളെ ഇറക്കുകയായിരുന്നു.
ബസ് അപ്രതീക്ഷിതമായി റോങ് സൈഡിൽ വന്നപ്പോൾ കോപ്പ് മാമടെ കണ്ട്രോള് പോയീന്നു പറഞ്ഞാല്മതിയല്ലോ. ശകടം വെപ്രാളത്തിൽ വെട്ടിച്ചു മാറ്റുന്നതിനിടയിൽ ലൂണയുടെ മുൻചക്രം ബസിന്റെ മുമ്പിലെവിടെയോ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടും എടുക്കാൻ പറ്റാത്ത അവസ്ഥയിലായി. വെറച്ചു തുടങ്ങിയ മാമയെ നോക്കി ഡ്രൈവനും കണ്ട്രാവിയും കന്നഡക്കാരും ഗ്രൂപ്പായി തെറി വിളി തുടങ്ങി.കോപ്പ് മാമയും കട്ടക്ക് നിന്നു. കന്നഡത്തിൽ തെറി അക്ഷരാഭ്യാസം കുറവായതിനാൽ മലയാളത്തിലും അറിയുന്ന തമിഴിലും കാച്ചിക്കൊടുത്തു. ഡ്രൈവൻ ഡോർ തുറന്നു കൈ ഓങ്ങിക്കൊണ്ടു പുറത്തു ചാടിയപ്പോഴേക്കും എവിടന്നോ ഓടി വന്നട്രാഫിക് പോലീസപ്പ മാമയെവണ്ടി സഹിതം പൊക്കി സ്റ്റേഷനിലെത്തിച്ചു. അതാണ് കഥ.
സംഭവം നടക്കുമ്പോൾ മേശപ്പുറത്തിരുന്ന ടേപ്പ് റെക്കോർഡറിലെ റെക്കോർഡ് ബട്ടൺ കുറിപ്പുകാരൻ ആരും കാണാതെ ഓൺ ചെയ്തിരുന്ന കാരണം കോപ്പ് മാമടെ നാവു കൊഴഞ്ഞ വിവരണം മുഴുവൻ അന്ന് റെക്കോർഡ്ചെയ്യപ്പെട്ടു. പിന്നൊരിക്കൽ നാട്ടിൽ പോയപ്പോൾ ഈ ടേപ്പ് വീട്ടുകാരാകുന്ന പൊതുജന സമക്ഷത്തിൽ മാമടെ അച്ഛനെ
കേൾപ്പിക്കുകയും ചെയ്തു ഈ നീചനായ കുറിപ്പുകാരൻ. അത് കേട്ട അദ്ദേഹത്തിന്റെ ബാല്യസഹജമായ പുഞ്ചിരി ഇപ്പോഴും കണ്ണിൽ തെളിയുന്നുണ്ട്.
പക്ഷെ പിറ്റേന്നു കാലത്താണ് കഥയുടെ ട്വിസ്റ്റ്. അന്നത്തെ കന്നഡ പ്രഭ ദിനപത്രത്തിൽ ഒരു വാർത്ത വന്നിരുന്നു. ലൂണയും പിടിച്ചു ബസ്സിന് മുൻപിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന കോപ്പ് മാമടെ പടത്തിനു താഴെ ന്യൂസ്. റോങ്ങ് സൈഡിൽ ഓടിച്ചു വന്ന ബി. ടി. എസ് ബസ്സിന് എട്ടിന്റെ പണി കൊടുത്ത കമ്പനിത്തൊഴിലാളി എന്ന തലേക്കെട്ടും. പോരെ പൂരം.???
സമാനമായ സംഭവം ഈ വര്ഷം ഉണ്ടായല്ലോ?