സ്വന്തം കാര്യാലയത്തിലെ ഗോദ്‌റെജ് ചുറ്റുകസേരയില്‍ ദൈവം ഒരേ ഇരിപ്പ് തുടങ്ങിയിട്ട് മിനിറ്റുകള്‍ മൂന്ന് സെഞ്ചുറി കടന്നു. പളുങ്കിന്റെ ആഷ്ട്രെ പുകയില പൈപ്പ് അവസാനത്തെ ചുരുളിനെയും പുകച്ചു ചാടിച്ചു.
ഇതികര്‍ത്തവ്യതാവിമൂഢമാണ് തല്ക്കാലം അവിടത്തെ മൂഡ്. ചിത്തവിക്ഷോഭം ലക്ഷണം.
“എഡോ ബഡിരണ്ടൂസ്, വിളിച്ചാല്‍ താന്‍ വിളി കേള്‍ക്കില്ലെ?”മേശപ്പുറത്തെ തടിച്ച പുസ്തകത്തിന്റെ കറുത്ത ചട്ടയില്‍ താഡിച്ചു കൊണ്ടു ദൈവം ഗര്‍ജ്ജിച്ചു. ഒരു കോര്‍പറേഷനു വേണ്ട മൊത്തം അലര്‍ജിക്കുള്ള കണക്കിന് മുറിയില്‍ പൊടി ഉയര്‍ന്നു. നിക്കോട്ടിന്റെ ഗന്ധം അതിനു മേമ്പൊടിയായി.
പുസ്തകത്തിന്‍റെ മറുഭാഗത്ത് ഇളകാത്ത കുഷ്യന്‍ കസേരകളില്‍ ഇടത്തെഭാഗത്തു നിന്ന് മൂന്നാമതില്‍ യുവാവായ പയ്യന്‍ നമ്പ്യാര്‍ നട്ടെല്ല് ലൂസായ ശൈലിയില്‍ കൂനിക്കൂടിയിരിപ്പുണ്ട്. ദൈവത്തതിന്റെ സ്വന്തം കോണ്‍ഫിഡന്‍ഷ്യല്‍ സഹായിക്കു കാവിനിറത്തിലുള്ള റെയ്മണ്ട് ത്രീ പീസ് ചമയം. സൂട്ടിനു അടിസ്ഥാനമായി പോളിഷ് ചെയ്യാത്ത ബൂട്സുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാഷ പറഞ്ഞാല്‍, ശിങ്കിടി ഒരു സൂട്ട് ബൂട്ട് സര്‍ക്കാരിന്റേതാണ്. സൂട്ട് ബൂട്ട് സര്‍ക്കാര്‍ മൂര്‍ദ്ധാബാദ്!
“പ്രജ വന്ന് നിന്ന് കോട്ടുവായിട്ടു ഇരുന്നതും മറ്റും അങ്ങ് ശ്രദ്ധിച്ചുകാണില്ല”. ഒരു ക്ലാസിക് കോമാളിനടന്റെ വിനീതഭാവത്തില്‍ നമ്പ്യാര്‍ ബോസിനെ ആശ്വസിപ്പിച്ചു.”ബേജാറാകേണ്ട സര്‍, എല്ലാറ്റിനും ഒരു വഴിയുണ്ട്.”
“ഇതു വരെ ഒരു ഫയല്‍ പോലും തുറന്നില്ല. കറുത്ത കിത്താബ് കൊഞ്ഞനം കാട്ടുകയാണ്. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ല.”
“ഡോണ്ട് വറി, റിലാക്സ്.”
മരിക്കുന്നതിന് മുന്‍പ് രാജീവ്ഗാന്ധി സെക്യൂരറ്റിയോട് പറഞ്ഞ വാക്കുകള്‍ പയ്യന്‍ നമ്പ്യാര്‍ ചരിത്രത്തില്‍ നിന്ന് കടമെടുത്തു. പൂക്കൂടയുമായി തള്ളിക്കയറി വന്ന ചാവേര്‍ ആര്‍ച്ചയെ അനുയായിയായി, ആ പാവം കണ്ടുപോയി. അതാണ് നേതാവിന് പറ്റിയ ചരിത്രപരമായ അമളി.
“ഐ നോ ഐ മസ്റ്റ് റിലാക്സ്; ബട്ട് നൗ ഐ കെനോട്ട് . പയ്യന്‍, ഐ കെനോട്ട്! ദൈവം വിലപിച്ചു: “മോന്‍ കാലത്തു പത്രമൊന്നും വായിക്കാറില്ലേ? ഭൂമണ്ഡലത്തിലെ വോട്ടര്‍ പട്ടികകളില്‍ വലിയ ചോര്‍ച്ച ….എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുന്നു.. ഇതു ഓസോണ്‍ പാളികളിലെ ചോര്‍ച്ചയെക്കാള്‍ വലിയ വിപത്താകുമെന്നാണ്. … ലോ ആ സം ,,,..”
“പരിഭ്രമിക്കാതെ, സര്‍. നമ്മള്‍ ആവുന്നതെല്ലാം ചെയ്യുന്നില്ലേ. എല്ലാ ഭക്‌തന്മാരെയും ലോക്ഡൌണ്‍ എന്ന ഗോഡൗണില്‍ ഇട്ടില്ലേ. കയ്യുറ, മാസ്ക്, സാനി, സോപ്പ് ഒന്നിനും ഒരു പഞ്ഞവും വരുത്തിയില്ലല്ലോ ..വിവാഹിതരെപ്പോലും ശാരീരിക അകലം പാലിക്കാന്‍ പഠിപ്പിച്ചില്ലേ. ഫാമിലി പ്ലാനിങ്ങിനു അങ്ങനെ നൈസര്‍ഗികമായ പുതിയ ഒരു മാനം നല്‍കിയില്ലേ.”
“എന്താണ് ആ മാരണത്തിന്റെ പേര്? മനഃശാന്തി തരാത്ത ആ മാരണത്തിന്റെ?”
“കൊറോണ!”
“അതിനെ പടച്ചു വിട്ടതായി ഓര്‍ക്കുന്നില്ല. ഈ രക്തത്തത്തില്‍ എനിക്ക് പങ്കില്ല. പയ്യന്‍സേ, എനിക്ക് പങ്കില്ല!”
ചരിത്രം മലക്കം മറിഞ്ഞു .ബ്രൂട്ടസ് പിലാത്തോസായി…….!
“അങ്ങ് വെറുമൊരു ബാലനായി മോങ്ങരുത്. അതിനെ പടച്ചു വിട്ടത് തീര്‍ച്ചയായും അങ്ങ് അല്ല. അങ്ങ് ദൂരെ വുഹാന്‍ എന്ന പട്ടണത്തിലെ ലാബിലാത്രെ അതിന്റെ ജനനം. തന്ത ഡോക്ടര്‍ വോവ് ലോ ചിങ് ചൂ. ”
”വുഹാന്‍…….. ആ നഗരം നശിച്ചു പോകട്ടെ! വോവ് ലോ ചിങ് ചൂ. ….നീ എന്തിനീ പാതകം ചെയ്‌തു മോനെ ?”
“രഹസ്യ പോക്കറ്റില്‍ രണ്ടു വാര്‍ത്തകളുണ്ട്. ഒരു ശുഭവാര്‍ത്തയും ഒരു അശുഭനും. ”
ടൈ കെട്ടിയ പുരുഷാവതാരത്തിന്റെ ഗ്ലാമര്‍ കാട്ടി സ്വ.ലേ ചോദിച്ചു.
” ഏതു പൊട്ടിക്കണം ആദ്യം?”
“ശുംഭന്‍ നമ്പ്യാരെ, ആദ്യം ശു വായിക്കൂ. എന്നിട്ടാകാം അശു.”
“മോദിജി കി ജയ് ….!. ഞാന്‍ സമര്‍പ്പിച്ചതായ ഹൈപോതെസിസ് ഐ സി എം ആര്‍ ഒറ്റക്കയ്യടിച്ചു പാസ്സാക്കി.”
“എന്താണ് തന്റെ തീസിസ് പറയുന്ന കഥ?”
“വലിയ കഥയൊന്നുമില്ല. യശപ്രാര്‍ത്ഥികളായ ചില ഉത്തരാധുനികന്‍ പോക്കറ്റ്മണിക്കുവേണ്ടി എഴുതാറുള്ള ഒരു കഥയില്ലാക്കഥയാണ്”.
“കുയിലേ, വലിച്ചു നീട്ടാതെ കുറുക്കി ബോല്‍ ”
“യുറേക്ക…! ജ്ജ്….. പകര്‍ച്ചക്കുള്ള വാക്‌സിന്‍…..”മൂത്രശങ്കക്കിടയിലും നമ്പ്യാര്‍ ആവര്‍ത്തിച്ചു” യുറീക്കാ …!!”
“ഞാനീ കേള്‍ക്കുന്നത് സത്യമാണോ ന്റെ സത്യനാരായണാ . ..!?”
” ഭാവിയില്‍ നോബല്‍ പ്രൈസ് കിട്ടേണ്ട ഒരു വിഖ്യാതനോടാണ് അങ്ങിപ്പോള്‍ സംസാരിക്കുന്നത്. കൊറോണ വാക്‌സിനുള്ള ചേരുവകള്‍ ഒക്കെ ഈ മഹാന്‍ രഹസ്യമായി ഉഷ്ണിച്ചു ഗവേഷിച്ചു. ഇനി ശൃണു ഭവാന്‍ ഒറ്റമൂലികാ ചാര്‍ട്ട് : ആടലോടക, നെല്ലിക്ക, ശര്‍ക്കര, പട്ടിക്കുരണ, ഹൈഡ്രോക്സിക്ലോറോക്വിന്‍, ഡോളോമോന്‍, വയാഗ്ര, സാബുങ്കാ, മേന്പൊടിക്കു അമോക്സിലിനും ചെറുതേനും. ദ്രവം വേപ്പ് പൂക്കുന്ന കാലത്ത് എടുത്തതാകണം. അമോക്സിലിന്‍ മിക്സിയിലല്ല അമ്മിയില്‍ കവിയൂര്‍പൊന്നമ്മതന്നെ അരച്ചതാകണം . അത്രേള്ളൂ !”
“ഫോര്‍മുല കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു വേഴ്ച പോലുണ്ട്; അണ്‍ ബിലീവബിള്‍ ! ”
ബോസിന്റെ ധ്വനി പയ്യന്സിനു ബോധിച്ചില്ല. ഒളിപ്പുരകളിലെ വിപ്രലംഭങ്ങള്‍ക്കിടയില്‍ പട്ടിക്കൂട്ടിനും പടിപ്പുറക്കുമപ്പുറത്തായിരുന്നു ഈ കീഴ്ജീവനക്കാരന് എന്നും സ്ഥാനം. വ്യഥ കടിച്ചമര്‍ത്തിക്കൊണ്ടു പയ്യന്‍സ് തുടര്‍ന്നു.
“യു മെ ബിലീവ് ഇറ്റ് ഓര്‍ നോട്ട്. ഐ ആം കോണ്‍ഫിഡന്റ് ഓഫ് മൈ വോർത്. എന്റെ ആറാം ഇന്ദ്രിയം മന്ത്രിക്കുന്നു വാക്‌സിന്‍ ഒരു സക്‌സസ് സ്റ്റോറി ആയിത്തീരുമെന്ന്”
“ആയിത്തീര്‍ന്നാല്‍ തനിക്കും തന്റെ കുടുംബത്തിനും കൊള്ളാം. ബോസ് ഭീഷണിസ്വരം മുഴക്കി : ഓര്‍ എല്‍സ്, ഐ വില്‍ ബി ഫോസെഡ് ടു ടെര്‍മിനേറ്റ് യു വിതൗട്ട് എനി ഫര്‍തര്‍ സിനിമാറ്റിക് നോട്ടീസ്.”
കോരന് പോസ്റ്റര്‍ ഒട്ടിക്കാനുള്ള പശ എന്നും ചിരട്ടയില്‍തന്നെ! പയ്യന്‍ വിചാരിച്ചു. കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തികമാന്ദ്യം നീചകര്‍മത്തിനു പ്രചോദകമായാലോ. ആപ്പീസില്‍ മേലാളര്‍ക്കു എന്തുമാകാമല്ലോ.
ശ്രീ നാരായണനെ ഭജിക്കുന്നതില്‍ ഇനി എന്ത് ഇന്‍സെന്റീവ് ! ഓം നമ:കൊറോണായ…ഓം നമ:കൊറോണായ…ഓം നമ:കൊറോണായ…!പയ്യന്‍സ് മനസ്സില്‍ മൂന്നുരു മന്ത്രിച്ചു. {കൊറോണ ഒരു ദുര്‍മാരണദേവതയാണ്. മരുന്നില്ലാത്തിടത്ത് മന്ത്രം ജയിച്ചിട്ടുണ്ട്. സംഗതി ആധി ദൈവീകമാണ്. കളിക്കണ്ട കളി മക്കളെ!}
“നമ്പ്യാരെ തന്റെ തുണ്ടിലുള്ള ഐറ്റംങ്ങളൊക്കെ, ഒരെണ്ണമൊഴിച്ചു ഇവിടെ ബോധിച്ചിരിക്കുന്നു.”
“ബോസ് ഏതാണ് ആ ഒരെണ്ണം? അപ്രിയദര്‍ശനന്‍… .ഖല്‍നായക് !”
“സാബുങ്കാ”
“ഓഹോ അതോ! പണ്ട് കോലത്തിരിയുടെ കാലത്തു സാബൂങ്കാ മരത്തിലെ കാ പറിച്ചു പത വരുത്തി ധോബിനികള്‍ നാടുവാഴികളുടെ കോണാന്‍ അലക്കിയിരുന്നല്ലോ. സോപ്പുപയോഗിച്ചു കൈ കഴുകിയാല്‍ വൈറസ് ചാകുമെന്നത് ഒരു അന്ധവിശ്വാസമാന്നോ? അല്ല, അപ്പോള്‍ രസായനത്തില്‍ സാബുങ്കാ, സോഡിയം സാബൂനറ്റ് ഉളള സാബുങ്കാ, ഒരു പ്രത്യേക അളവില്‍ ചേര്‍ക്കുന്നത് അശാസ്ത്രീയമാകുമോ!.”
നമ്പ്യാരുടെ തര്‍ക്കം ദൈവത്തിനു പിടിച്ചു. സ്വല്‍പ്പം ഇശലുള്ള കുശലല്‍. എങ്കിലും അപ്രകാശത്തില്‍ അവിടുന്ന് ചിന്തിച്ചത് മറ്റൊന്നായിരുന്നു: ഒടുക്കം ശാസ്ത്രലോകത്ത് താന്‍ ഒരു ബഫൂണ്‍ ആകാതിരുന്നാല്‍ മതി.
“അങ്ങ് എന്തോ അരുളിയോ?”
“അരുളി ഉരുളിയൊക്കെ അവിടെ കിടക്കട്ടെ. ഏതാണ്പൊട്ടിക്കാതെ പൂഴ്ത്തി വച്ചിരിക്കുന്ന അശുഭവാര്‍ത്ത?”
“തീസിസിന്റെ പരിണാമഗുപ്തി അറിയാന്‍ കാലം ചുരുങ്ങിയത് ഒരുസെഞ്ച്വറിയെങ്കിലും എടുക്കും. അപ്പോഴേക്കും ഇന്ന് നമ്മള്‍ അറിയുന്ന ആര്‍ക്കും വാക്‌സിന്റെ ആവശ്യമുണ്ടാകില്ല. അവരൊക്കെ കൊറോണ ഇല്ലാത്ത ഒരു ലോകത്തേക്ക് …….. മോഡി, ട്രംപ്, ഷീ ജിന്‍ പിംഗ്, കിം ജോങ് ഉന്‍, ഇമ്രാന്‍…. അങ്ങേ അറ്റത്തു രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെടുന്ന പയ്യന്‍സ് അവര്‍കള്‍ ..ഈ മാന്യജനങ്ങളൊന്നും അന്ന് …….. .. ”
“ഷിറ്റ് ! ഇത്തരം സെന്റിമെന്റല്‍ ഫേക്ക് വാര്‍ത്ത പടയ്ക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് ക്യാപിറ്റല്‍ പണിഷ്മെന്‍റ് തന്നെ വേണം. ആട്ടെ, താന്‍ ഒരു മള്‍ട്ടി നാഷണല്‍ മരുന്ന് കമ്പനിയുടെ ചാരനാണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ?”
“തെറ്റും ശരിയുമൊക്കെ ആര്‍ക്കറിയാം!”മലർത്തിയ കൈപ്പത്തികള്‍ പൊടുന്നനെ അഞ്ജലീമുദ്രയില്‍ ചേര്‍ത്ത് കൊണ്ട് പയ്യന്‍ നമ്പ്യാര്‍ : “അടിയന്‍ അങ്ങുന്നിന്റെ സ്വന്തം സഹായി ആണേ. ആ പ്രിവിലേജസ് എനിക്കുണ്ടാകണം. എന്നും.”
“ആ പ്രിവിലേജസ് കൊണ്ടാ ഇന്നും തനിക്കു ബീവറേജസ്സില്‍ ക്യൂ പാലിക്കാതെ കുപ്പി കിട്ടുന്നത്.”
“ഓ താങ്ക്യു, താങ്ക്യു!!”
പയ്യന്‍സ് ആപ്പില്‍ വാച്ചില്‍ നോക്കി: സമയം ആറര കഴിഞ്ഞു പത്ത് മിനിറ്റ്. ഈ വാച്ച് സത്യത്തില്‍ ഒരു കാലിഫോര്‍ണിയന്‍ ആപ്പില്‍ ആയിരുന്നെങ്കില് എന്ന് മോഹിച്ചു പോയി. ഇരുകാലിക്കു വിശപ്പ് അത്രയ്ക്കുണ്ട് . പുറത്ത് നഗരത്തിലെ പക്ഷികള്‍ കൂടണയാനുള്ള മാര്‍ഗ്ഗേ മെട്രോയുടെ പുറത്തു ടിക്കറ്റ് എടുക്കാതെ കേറിയിരുന്ന് കൊറോണയ്ക്കുവേണ്ടി വീണ മീട്ടുകയാണ്. തന്റെ വയറ്റിലും വിരപ്പക്ഷികള്‍ എന്തൊക്കെയോ വായിച്ചു രസിക്കയാണോ? മറ്റൊരു ഓഫീസ് ദിനത്തിന്റെ അസ്തമയം. നമ്പ്യാര്‍ വിശക്കുന്നവന്റെ കണ്ണുകളിലൂടെ ബോസിനെ നോക്കി. അദ്ദേഹം വിരക്തനാണോ എന്ന് ഉറപ്പിച്ചു പറയാന്‍ ആകില്ല. പക്ഷെ പിശുക്ക് നെറ്റിയില്‍ വേറിട്ടൊരു പൊട്ടു കുത്തിയിട്ടുണ്ട്. വരാത്ത ചായക്ക് ഒരു മുട്ട കേക്കെങ്കിലും ഓര്‍ഡര്‍ ചെയ്യാമായിരുന്നു പഹയന്. ഓഫീസില്‍ ചെലവ് ഇങ്ങനെ വെട്ടിക്കുറക്കണൊ? ഇമ്പ്രെസ്റ് ഫണ്ട് പണ്ട് എന്റെ പേര്‍ക്കായിരുന്നു. കുറച്ചൊക്കെ ആരാ ഇസ്ക്കാത്തെ ? എല്ലാവരും നരേന്ദ്ര ദാമോദര്‍ ദാസ് ആണോ? പബ്ലിക് മോഹന്‍ദാസ് കരം ചന്ദാണോ? കൊറോണ പരിഷ്‌കാരങ്ങള്‍ക്കിടയില്‍ അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഏതു? ഇമ്പ്രെസ്റ് ഫണ്ട്.
“ഡോണ്ട് വറി മൈ ഡിയര്‍ ബോയ്, “സ്വന്തം കോണ്‍ഫിഡന്‍ഷ്യല്‍ സഹായിയുടെ മനസ്സ് അറിഞ്ഞിട്ടെന്നോണം തമ്പുരാന്‍ മന്ത്രിച്ചു: “സ്റ്റേ സേഫ്….. ഡോണ്ട് വറി…നൂറ്റാണ്ടുകളുടെ പരിപ്പ്രേഷ്യത്തിലെക്കു വരൂ. ദിസ് ടൂ വില്‍ പാസ് ! നൗ,നമ്പ്യാരെ, സിങ് എ ഗുഡ് ഓള്‍ഡ് ടൈം പാസ് സോങ് ഫോര്‍ യുവര്‍ ബോസ്.”
വയറ്റില്‍ സുന്ദരകാണ്ഡം വായിക്കുമ്പോഴാ ഒരു വായ്പ്പാട്ട്! നമ്പ്യാര്‍ വിഷണ്ണനായി ചിന്തിച്ചു. എങ്കിലും ബോസല്ലേ, പെര്‍ഫോമന്‍സ് അപ്പ്രൈസലിന്റെയും ഇന്‍ക്രെമീന്റെയും പ്രൊമോഷന്റെയും മറ്റും കാര്യം നിരിക്കുമ്പോള്‍ ഒരു മാവോവാദിയാകാന്‍ മനസ്സ് വരുന്നില്ല.
ചാകേണ്ടതെവിടെ…….?
ജനിക്കേണ്ടതെവിടെ,,,,,,,?
ചിട്ടയോടെ ഭാഗവതര്‍നമ്പ്യാര്‍ വയറ്റില്‍ തുടി കൊട്ടി
ഇവിടല്ലാതെങ്ങോട്ടുകെട്ടിയെടുക്കാന്‍ …..!
ഇവിടല്ലാതെങ്ങോട്ടുകെട്ടിയെടുക്കാന്‍ …..!!