1
ആര് ഞാൻ? ആര് ഞാൻ?
ആരോരും കാണാത്ത
തല കീഴായ മാമരത്തിന്റെ
തമോഗർത്തങ്ങളിലേക്ക്
പടരും വേര് ഞാൻ വേര് ഞാൻ
2
മണ്ടച്ചോദ്യമാണെങ്കിൽ
വെറും ഊഹാപോഹവ്യാപാരം
അല്ലെങ്കിൽ ലൗകിക വ്യവഹാരം
അങ്ങാടി നിലവാരത്തിലുള്ള
കാക്കത്തൊള്ളായിരം
ഉത്തരങ്ങളെയെല്ലാം എരിച്ച്
തീർക്കും ഒറ്റച്ചോദ്യം മതി
ചിദാഗ്നിസ്ഫുരണമായി
പ്രപഞ്ചമാകെ പടരാൻ
ഞാനാര് ഞാനാര്
3
ചോദ്യവും ഉത്തരവും കൂടാതെ
ജീവിക്കാമൊ
മദ്യത്തിനും
മയക്കു മരുന്നിനും അടിമപ്പെടാതെ
ജീവനെത്തന്നെ
ഒരു മഹാലഹരിയാക്കാമൊ
എപ്പോഴെങ്കിലും എവിടെയെങ്കിലുമല്ല
ഇപ്പോൾ
ഇവിടെ
4
കൂര മുതുകത്തേറ്റി
കൂനി നടപ്പൂ
മണ്ണിൽ വേരുകളില്ലാത്ത
നമ്മുടെ കൂരായണൻ
രാവിന്റെ മറവിൽ
ശകലം അവിട്ന്നും
ശകലം ഇവിട്ന്നും
ഒരു പൊടിക്ക് കൂട്ടിപ്പിടിച്ചപ്പോൾ
കൂരായണൻ ഒരു വിസ്മയശലഭമായി.
പകൽ അതേ ശലഭത്തിന്റെ
വർണ്ണ സ്വപ്നമായി
കൂരായണൻ
കാറ്റിൽ തത്തിക്കളിച്ചു
5
ഒറപ്പ് എന്തുട്ടാ
മരണം
തൊഴിൽ എന്തുട്ടാ
ജീവിതം
6
ആതുരാലയത്തിൽ
ഗൃഹാതുരത്വം
ഗൃഹത്തിൽ
ആതുരാലയാതുരത്വം
കൂര പാലത്തിലിറക്കി
ആനന്ദ നൃത്തം ചവിട്ടുന്ന
കൂരായണൻ ഗൃഹാതുരാലയത്തിലെ
നാരായണപ്രതിമയെ ഓർത്തില്ല.
ഓർത്താലും ഓർത്താലും
ഓർമ്മിക്കാനാവാത്തതിനെ
ഓർത്തെടുക്കുമ്പോൾ
എങ്ങു നിന്നൊ
ഒരോടക്കുഴൽ നാദം.
7
തുരീയാതീതത്തിലേക്കുള്ള
വജ്രശോഭയാർന്ന നൂൽപ്പാലം
കടന്നു.
ഇനി കൂരായണനില്ല
വിളികളില്ല
രോദനങ്ങളില്ല
കേവലം നാരായണൻ മാത്രം ..!
Click this button or press Ctrl+G to toggle between Malayalam and English