കൊങ്കിണി

 

unnamed

ഗ്രാമത്തിൽ നിന്നകലെ, വസന്തങ്ങളിൽ പൂക്കുന്ന കശുമാങ്ങകളുടെ സുഗന്ധവും  വിട്ട് പട്ടണത്തിലേക്ക് യാത്രയായി.

നിമിഷമാത്രമായ വേർപാട്, എന്നിട്ടും വീട്ടുകാരെ പിരിഞ്ഞിട്ട് വർഷങ്ങളായെന്നു തോന്നുന്നു…!

അപ്പൻ വണ്ടി ടിക്കറ്റിനും, ഫീസ്സിനും, ഒരു മാസത്തെ ചിലവിനും പൈസ തന്നയച്ചിട്ടുണ്ട്.

അമ്മയുടെ താലിമാല വിറ്റ പൈസ….!!.

അമ്മയുടെ കഴുത്തിൽ ഇപ്പോൾ   ചരടിൽ തൂങ്ങുന്ന കൊന്ത മാത്രം.  ആ കൊന്തയിലുള്ള മാതാവിന്റെ ചിത്രം എന്നോട്‌ പറയുന്നതായി തോന്നി  ” മോനെ എല്ലാ അമ്മമാരും മക്കൾക്കായി ത്യാഗം ചെയ്യുന്നു.  എന്നിട്ടും ഹൃദയം മുറിയ്ക്കുന്ന വേദനകൾ   അമ്മമാര്ക്കായി സമ്മാനിക്കുന്നു  മക്കൾ . ….!!”

“ഇല്ല. ഞാനങ്ങനെ  ആകില്ല. ഞാനെന്റെ അമ്മയെ സ്നേഹം കൊണ്ട് പൊതിയും.  തനിക്കുവേണ്ടി എല്ലാം ത്യജിച്ച അമ്മയെ പരിചരിക്കും….”

അപ്പനിപ്പോൾ   അന്യന്റെ പാടത്ത് കൂലിക്ക് ഉഴവു നടത്തുകയായിരിക്കും.

അപ്പനും കന്നിനും ഒരിക്കലും ഒഴിവില്ല. കന്നുകളും അപ്പനും നന്നേ കോലം  കെട്ടിരിക്കുന്നു.

അമ്മ ഇപ്പോൾ  കപ്പ പുഴുങ്ങുന്നുണ്ടായിരിക്കും.  മൂന്നു നേരവും ചോറ് കഴിക്കാൻ വകയില്ലല്ലോ…!!.

എത്ര പെട്ടെന്നാണ് അമ്മയുടെ യൌവ്വനം അസ്തമിച്ചിരിക്കുന്നത്….!!.

കോറത്തുണികൊണ്ട് തുന്നിയ ചട്ടയ്ക്കുള്ളിൽ അമ്മയുടെ മെലിഞ്ഞ ശരീരം. തനിക്കമ്മിഞ്ഞ തന്ന അമ്മയുടെ  മുലകൾപോലും  മെലിഞ്ഞിരിക്കുന്നു. അതിന്റെ സത്തകൾ താ൯  കുഞ്ഞായിരുന്നപ്പോൾ വലിച്ചു കുടിച്ചതുകൊണ്ടായിരിക്കും അതങ്ങനെ..!.

ഉടുത്തിരിക്കുന്ന കച്ചത്തുണിയുടെ ഞൊറികൾ എപ്പോഴും സ്ഥാനം തെറ്റിയിട്ടുണ്ടായിരിക്കും. യൌവ്വനം ഇന്നവര്ക്ക് നഷ്ടമാണെങ്കിലും മനസ്സില് സ്വപ്നങ്ങളുടെ ചില്ല് കൊട്ടാരങ്ങൾ പടുത്തുയർത്താ൯ ശ്രമിക്കും.

ഗ്രാമത്തിൽ കറന്റു വന്നപ്പോൾ മുതൽ  അപ്പന് തന്നെ എഞ്ജിനീയർ  ആക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു.

“മോനെ..നിനക്ക് രണ്ടക്ഷരം പറഞ്ഞു തന്ന് നിന്നെ വേണ്ടവണ്ണം പഠിപ്പിക്കാൻ അപ്പന് കഴിവില്ല.  നീ നന്നായി പഠിക്കണട്ടൊ  … പഠിച്ച് നീ ഒരെന്ജിനീയർ  ആവണം..”

അപ്പ൯ ഗദ്ഗദത്തോടെ അങ്ങനെ പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.

എനജീനീയറിങ്ങ് കോളെജിലേക്ക് കുട്ടികൾ ഒഴുകിക്കൊണ്ടിരുന്നു.  ആ ഒഴുക്കിൽ താനും ഒരാളായി ചേർന്ന്  നടന്നു.

മുഷിഞ്ഞ വേഷത്തിൽ കൊളെജിലിരിക്കുന്ന തന്നെ ആരും ശ്രദ്ധിച്ചത് പോലുമില്ല  .

വൈകിട്ട് റെയിൽവേ സ്റ്റെഷനിലെ മൂട്ട നിറഞ്ഞ ചാരുബഞ്ചിൽ ചടഞ്ഞുകൂടി കിടന്നു.  മനസ്സും ശരീരവും നന്നേ ക്ഷീണിച്ചിരുന്നു.  ഗാഡമായ  ഉറക്കത്തിൽ പോലിസ്സുകാര൯ തട്ടിയുണർത്തി.

അങ്ങാടിയിലേക്ക് നിഴൽപോലെ നടന്നു നീങ്ങി.  അപ്പന്റെ മോഹങ്ങൾ ഒരിക്കലും  സാധിക്കില്ലെന്ന് തോന്നി.

കോളേജിലെ രണ്ടു മൂന്നു ദിവസ്സങ്ങൾ സംവത്സരങ്ങൾ പോലെ തോന്നി.  സുഹൃത്തായി  മേക്കടമ്പിലെ മുരളിയെ കിട്ടി.  എന്റെ സഹതാപകരമായ അവസ്ഥ  മുരളിയുടെ മുന്നില് തുറന്നു കാട്ടി.

കല്ലായിപ്പുഴയുടെ  തീരത്തുകൂടി ഞങ്ങൾ നടന്നുകൊണ്ടിരുന്നു. ഇടതൂർന്ന്  നില്ക്കുന്ന തെങ്ങുകൾക്കിടയിലുള്ള  ഒറ്റയടിപ്പാത. ഇരുപുറവും തെങ്ങോലകൾ മേഞ്ഞ വീടുകൾ. യുവതികൾ നിരന്നിരുന്നു ചകിരി തല്ലുന്നു. തേങ്ങ പൊതിക്കുന്ന കൂലിക്കാർ.  തടിച്ചങ്ങാടങ്ങൾ തുഴഞ്ഞു പോകുന്നവർ, ഈറ്റ ചങ്ങാടങ്ങൾ, മുളചങ്ങാടങ്ങൾ എല്ലാം കല്ലായി പുഴയിൽ നിരന്നു കിടക്കുന്നു. എല്ലാം ഹരമായി തോന്നി.

ഒറ്റയടിപ്പാത ചെന്നവസ്സാനിച്ചത്  ചെറിയ ഒരു അങ്ങാടിയിൽ ആയിരുന്നു.

മുരളി കൈ ചൂണ്ടി പറഞ്ഞു. ” ദാ…ആ കാണുന്നതാണ് നമ്മുടെ ലോഡ്ജ് ..”

“മണലോടി ലോഡ്ജ്”  ഞാ൯ ലോഡ്ജിന്റെ പേര് വായിച്ചു.

ലോഡ്ജിന്റെ തിണ്ണയിൽ ഹാജിയാർ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു.  വാടകയുടെ ബില്ല് മുറിക്കുകയാണെന്നു മനസ്സിലായി.

ലോഡ്ജിലെ താമസ്സക്കാരിൽ കൂടുതലും എന്ജിനീയറിങ്ങ് വിദ്യാർഥികൾ തന്നെ. രാത്രി ആയാൽ പിന്നെ കഞ്ചാവിന്റെ ലഹരിയിൽ മിക്കവരും പരിസരം മറന്നു ഡിസ്ക്കോ കളിക്കും. വിദേശ മദ്യം പെഗ് കണക്കിന് അകത്താക്കികൊണ്ടിരുന്നു  അവർ.

മരക്കട്ടിലിൽ ചുരുണ്ട് കിടന്നപ്പോൾ ചിന്തകളുടെ കടിഞ്ഞാണ്‍ അഴിഞ്ഞു വീണു.

മഞ്ഞു പെയ്യാറുള്ള തന്റെ ഗ്രാമത്തിൽ  ആ എലി കരണ്ട കരിമ്പ ടത്തിനുള്ളിൽ ചുരുണ്ട് കൂടുമ്പോൾ എത്ര സുഖമുണ്ടായിരുന്നു.  അമ്മാവ൯ പട്ടാളത്തിൽ നിന്ന് കൊണ്ടുവന്ന കരിമ്പടമായിരുന്നു അത്. ആ കരിമ്പടത്തിന്റെ പകുതി മുറിച് അമ്മ എനിക്ക് തന്നു. പകുതി   കൊണ്ടാണ്  അമ്മ പുതച്ചിരുന്നത്.

അപ്പനായി അമ്മാവ൯ ജേഴ്സി കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്.  മഞ്ഞു മൂടുന്ന പ്രഭാതങ്ങളിൽ  ആ ജേഴ്സി ഇട്ടുകൊണ്ടാണ് അപ്പ൯ കന്നുപൂട്ടാ൯ പോയിരുന്നത്.

ലോഡ്ജിലെ അന്തരീക്ഷത്തിനോട് നീരസം തോന്നി. ഒരു രാത്രിയും പഠിക്കാനോ ഉറങ്ങാണോ കഴിഞ്ഞില്ല.

ഇത്തരത്തിലുള്ള ഒരു സ്ഥലത്താണോ താ൯ താമസ്സിക്കുന്നതെന്ന് അപ്പ൯ അറിഞ്ഞാൽ ഒരുപക്ഷെ  അപ്പ൯ ഹൃദയം പൊട്ടി മരിച്ചെന്നിരിക്കും. അമ്മ തന്നെ  വീട്ടിൽ കയറ്റിയെന്നും വരില്ല. ഇങ്ങനെ ഒരു മക൯ ജനിച്ചില്ലെന്നുതന്നെ  അവർ കരുതും.

രാജു പുതിയ സ്ഥലം കണ്ടു പിടിക്കുന്നതിനായി കിണഞ്ഞു   ശ്രമിച്ചുകൊണ്ടിരുന്നു.  അയാളുടെ ക്ളാസ്സ് മെറ്റിന്റെ കെട്ടിടം വാടകയ്ക്ക് കൊടുത്തിരിക്കുന്നതിന്റെ  അടുത്തായി ഒരു ചെറിയ മുറി ഒഴിവുണ്ടെന്ന് രാജു പ്രശാന്തിൽ നിന്ന്  അറിഞ്ഞു.

താ൯ ആ മുറിയിൽ  കഴിഞ്ഞുകൊള്ളാമെന്നും അതുകൊണ്ട് ആ മുറി വേണമെന്നും രാജു കൂട്ടുകാരനോട് അപേക്ഷിച്ചു.

മുരളിയോട് കടം വാങ്ങിയ പൈസയുമായി രാജു പുതിയ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.

റെയിൽവേ ഗെറ്റ് പിന്നിട്ട് ഓട്ടോറിക്ഷ  ക്ളാസ്സ് മെറ്റിന്റെ  വീട്ടു പടിക്കൽ എത്തി. തന്നെ സ്വീകരിക്കുന്നതിനായി ക്ളാസ്സ് മേറ്റ് കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ക്ളാസ്സ് മേറ്റിന്റെ പഴയ വീടിന്റെ വരാന്തയിലുള്ള ഒരു ഇടുങ്ങിയ മുറിയുടെ വാതിൽ തുറന്നു തന്റെ സാധനങ്ങൾ അതിൽ വെച്ചു.

തൊട്ടടുത്തുള്ള റെയിൽവേ പാളത്തിൽക്കൂടി  തീവണ്ടികൾ ചൂളം വിളിച്ചു കടന്നുപോയി. നിന്നിരുന്നിടം ഇളകിക്കുലുങ്ങി.

പുതിയ അന്തരീക്ഷത്തിനോട് വീണ്ടും അലസത തോന്നി.

രാജു മുറിക്കുള്ളിൽ  പുസ്തകങ്ങളും സാധനങ്ങളും അടുക്കിവെച്ചു.  ഇടുങ്ങിയ മുറി. കടുത്ത  ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിൽപ്പുള്ളികളെ ഇടുന്ന ജയിലറയ്ക്ക് തുല്യമായിരുന്നു ആ മുറി.

എല്ലാ ഞാരാഴ്കളിലും പള്ളിയിൽ പൊകണമെന്ന് അമ്മ പറഞ്ഞയച്ചത്  നിറവേറ്റാ൯ കഴിഞ്ഞില്ല.   വീട് വിട്ടതിൽപ്പിന്നെ പള്ളിയിൽ പോയിട്ടില്ല എന്ന് പറയുന്നതാവും ശരി.

വീട്ടിലായിരുന്നെങ്കിൽ  അമ്മ തന്നെ രാവിലെ വിളിച്ചെഴുന്നെല്പ്പിക്കുമായിരുന്നു. കട്ട൯ കാപ്പി അനത്തി തരുമായിരുന്നു. പിന്നെ പച്ചക്കപ്പ പുഴുങ്ങിയതും പച്ച മുളകരച്ചതും തരുമായിരുന്നു. തന്നെ പള്ളിയിലേക്ക് സമയത്തിനു പറഞ്ഞയക്കുമായിരുന്നു.

മുറിക്കുള്ളിൽ ചമ്രം പടിഞ്ഞിരുന്ന് കർത്താവിന്റെയും മാതാവിന്റെയും ഒന്നിച്ചുള്ള ചിത്രത്തിന് മുന്നിൽ കൈകൂപ്പി പ്രാർഥിച്ചു.

 

 

തന്റെ മുറിയിലേക്ക് തലയിട്ടുകൊണ്ട് മന്ദഹസ്സിക്കുന്ന രണ്ടു മുഖങ്ങൾ. ഒരാണും ഒരുപെണ്ണും  .  ഭാര്യഭർത്താക്കന്മാർ   തന്നെ. ആരാണെന്ന് മനസ്സിലായില്ല.

” യു  ആർ ദ ക്ളാസ്സ് മേറ്റ് ഓഫ് പ്രശാന്ത് ..?. പുതുമുഖം ചോദിച്ചു.

“എസ്”  വിനയത്തോടെ  പറഞ്ഞു.

“പ്രശാന്ത് ടോൾഡ്‌  അസ് ദാറ്റ് യു ആർ കമിംഗ് ഹിയർ ടു സ്റ്റേ ഇന് ദിസ്‌ റൂം..”

ഞാ൯  മുഖം വിടര്ത്തി മന്ദഹസ്സിച്ചു.

“വീ ആർ കൊങ്ക്ണീസ്  … നൗ സെറ്റില്ട്  ഇ൯  കൊച്ചി൯..” കൊങ്കിണി പറഞ്ഞു.

” ഐ സീ..”.

കൊങ്കിണിയുടെ പുറകു വശം പറ്റിനിന്ന് അയാളുടെ തോളിൽ തലവെച്ചുകൊണ്ട് ഏതോ

ഒരസാധാരണമായത്  ദൃശ്വിക്കുന്ന  ആവേശത്തോടെ തന്നെ തുറിച്ചു നോക്കുന്ന ഭാര്യയുടെ നേർക്ക് തല തിരിച്ചുകൊണ്ട്  കൊങ്കിണി പറഞ്ഞു   “ദിസ് ഈസ് മൈ വൈഫ് …മിനു   “.

” ഹായ് …”  ഞാ൯ പറഞ്ഞു.

എന്നോട് വിടവാങ്ങി കൊങ്കിണിയും ഭാര്യയും വരാന്തയിൽ കൂടി തിരിഞ്ഞു നടന്നു. കൊങ്കിണിയുടെ പുറകെ അവരും മന്ദമായി നടന്നു. അവരെ പുറകിൽ നിന്ന്  പാപ പങ്കിലമായി നോക്കിയതിൽ  മനസ്സെന്നെ കുറ്റപ്പെടുത്തി.

അമ്മയ്ക്കിതോന്നും ഇഷ്ട്ടമല്ല. ചെറുകുന്നിലെ പരീതിന്റെ മകന്റെ  ദുർനടപ്പുകളെക്കുറിച്ച് അമ്മ എപ്പോഴും പറയും.  അവനെപ്പോലെ ആകാതെ നല്ല    കുട്ടിയായി പഠിച്ച് ദൈവ ഭക്തിയുള്ളവനായി ജീവിക്കണമെന്ന്  അമ്മ താക്കീത് തരും . തനിക്കുവേണ്ടി പ്രാർഥിക്കും

അൽപസമയം കഴിഞ്ഞപ്പോൾ കൊങ്കിണി തന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പട്ടണത്തിലേക്ക് പോയി. അപ്പോൾ അയാളുടെ ഭാര്യ ഗേറ്റിനടുത്ത് കൊങ്കിണിയെ യാത്രയാക്കാർ  നില്ക്കുന്നുണ്ടായിരുന്നു. അവർ കൈകൾ ഇളക്കി  ഭർത്താവിനു റ്റാറ്റ പറഞ്ഞു   .

അവർ അലസ്സമായി ആണ് സാരി ഉടുത്തിരുന്നത്.

കുളി കഴിഞ്ഞ് കോളെജിലേക്ക് പുറപ്പെട്ടു. പ്രശാന്തും ഒപ്പമുണ്ടായിരുന്നു.

നടന്നു കൊണ്ടിരിക്കുമ്പോൾ പ്രശാന്ത് കൊങ്കിണിയെക്കുറിച്ചു പറഞ്ഞു. അയാള് മെഡിക്കൽ ഡിസ്ട്രി ബൂട്ടർ ആണ്.  വര്ഷങ്ങളായുള്ള ദാമ്പത്യ ജീവിതത്തിൽ ഇന്നുവരെ അവര്ക്കൊരു കൊച്ചു കൊങ്കിണി പൂവിട്ടില്ല.

അടഞ്ഞു കിടന്ന റെയിൽവേ ഗെറ്റിനിടയിൽക്കൂടി നുഴഞ്ഞു കടന്നു ഞങ്ങൾ നടന്നു.

നിരത്തിൽ കൂടി സിറ്റി സർവ്വീസ് ബസ്സുകൾ ഓടിക്കൊണ്ടിരുന്നു.  കോളേജു പടിക്കൽകൂടി പോകുന്ന ബസ്സിൽ തിരുകിക്കയറി.

കോളേജു വിട്ട് കടൽ കാണാ൯ പോയി. മെഡിക്കൽ കോളേജിനടുത്തുള്ള റോഡും പിന്നിട്ട് കടൽക്കരയിൽ എത്തി.

അനന്തമായ സമുദ്രം കണ്ടപ്പോൾ ഭയം തോന്നി .പായ് കെട്ടിയ  വഞ്ചികളും ചാളത്തടികളും ബോട്ടുകളും തിരകളിൽ അമ്മാനമാടിക്കൊണ്ടിരുന്നു. അതിലുള്ള മനുഷ്യ ജീവിതങ്ങൾതന്നെ അമ്മാനമാടുകയല്ലേ..!!.

തിരകൾ കരയെ പുണർന്നു കൊണ്ടിരുന്നു  . ഞൊറി  ഞൊറിയായി  വരുന്ന തിരകൾ  “മിനു” വിന്റെ വയറിന്റെ മടക്കുകൾക്ക്  സമാനമായി തോന്നി.

വീണ്ടും അമ്മ പറയാറുള്ളത് ഓർത്തു.  മനസ്സിന് ഞാ൯ താക്കീത് കൊടുത്തു.

ഇരുട്ട് പരന്നപ്പോൾ റെയിൽവേ പാളത്തിനടുത്തുകൂടി നടന്നു. പാളത്തിനരുകിൽക്കൂടി നീളുന്ന കുടിൽ നിരകൾ.  അത് വേശ്യകളുടെതാണെന്നു പ്രശാന്ത് പറഞ്ഞു.  പട്ടണത്തിൽ നിന്ന് പലരും അവിടെ വന്നും പോയും ഇരുന്നു.

ഇതിലെ വരേണ്ടതില്ലായിരുന്നു എന്ന് ഞാ൯ പ്രശാന്തിനോട്     പറഞ്ഞു. അവനൊരു പുതുമയും അതിൽ തോന്നിയില്ല.  അവരുടെ വയറ്റിൽ പിഴപ്പല്ലേ അവർ ചെയ്യുന്നത് എന്നവ൯ എന്നോട് ചോദിച്ചു. എനിക്ക് മറുപടി പറയാ൯ ഒന്നുമില്ലായിരുന്നു.

ഗ്രാമത്തിലുള്ളവർ  ഇങ്ങനെ ഒരു ലോകം ഉണ്ടെന്നുതന്നെ അറിയുന്നുണ്ടോ…?!.

സത്യസന്ധവും അഭൗമവുമായ സ്നേഹവും മാത്രമാണ് ഗ്രാമത്തിലുള്ളത്.  ഗ്രാമത്തിൽ കാരണവന്മാരുടെ ആദർശങ്ങളെ പരിപാലിക്കുന്നു.  ഭയഭക്തി നിറഞ്ഞ മനുഷ്യരാണ് ഗ്രാമത്തിലുള്ളവർ.

ഇടുങ്ങിയ മുറിയിലിരുന്നു പുസ്തകത്തിന്റെ താളുകൾ മറിച്ചു.  കൊങ്കിണിയുടെ ഭാര്യയെ അറിയാതെ ഓർത്തുപോയി.

വാതിലിൽ ആരോ മുട്ടുന്നതുപോലെ തോന്നി.   അതെങ്ങാ൯ കൊങ്കിണിയുടെ ഭാര്യ ആയിരിക്കുമോ എന്ന് ഭയന്നു.  മെല്ലെ കതകു തുറക്കുമ്പോൾ എലി ഓടി മറയുന്നത് കണ്ടു.  വെറുതെ കൊങ്കിണിയുടെ ഭാര്യയെ പഴി ചാരെണ്ടിയിരുന്നില്ല  .

പുസ്തകം മടക്കിവെച്ച് നെറ്റിയിൽ പലവുരു  കുരിശു വരച്ചു. അമ്മ പറഞ്ഞു തന്നിട്ടുണ്ട് ദുസ്വപ്നങ്ങൾ  കാണാതിരിക്കാനും  ദുഷ്ച്ചിന്തകൾ തോന്നാതിരിക്കാനും തിരുനെറ്റിയിൽ കുരിശുവരച്ചാൽ നല്ലതാണെന്ന്.

ഉറങ്ങാ൯ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കുരിശു വരച്ചു കിടന്നിട്ടും മിനുവിനെത്തന്നെ മനസ്സില് കാണുന്നു.  അതിലുപരിയായി മെയിൽ വണ്ടികളും ഗുഡ്സ് വണ്ടികളും നിലം ഇളക്കി പാള ത്തിൽക്കൂടി പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

നേരം വെളുത്ത്  കണി കണ്ടത് മിനു പടിവാതിലിൽ പടിഞ്ഞിരിക്കുന്നതാണ്. “എന്തുണ്ട് മോനെ..” എന്നവർ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ നുര പോന്തിനിന്ന  കുമിളക്കൂമ്പാരങ്ങൾ  പൊട്ടിപ്പോട്ടി ഉടഞ്ഞ്  ഇല്ലാതെയായി.

അപ്പ൯ അയച്ച കത്ത് കോളേജിൽ കിട്ടി.  അമ്മയുടെ പരാതികളാണ് കത്തിൽ മുഴുക്കെ.

കോഴിക്കോട് നിന്ന് മഞ്ചേരിക്കുള്ള ബസ്സിൽ കയറി . ബസ്സിൽ അന്ധ൯  ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു.  അയാള് പാടിക്കൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്.

” കണ്ണൂകളാം.. ദൈവം നല്കിയ ….കനക വിളക്കുകളുള്ളവരെയീ…ീ..ീ……കണ്ണില്ലാ ..പാവത്തെ കണ്ടില്ലെന്നു  നടിക്കരുതേ…. േ…േ…േ……!!”

എന്റെ ഇല്ലായ്മയിൽ നിന്ന് ഞാ൯ അയാള്ക്ക് അമ്പതു പൈസ കൊടുത്തു.   അയാളുടെ യാചനയുടെ ദൃശ്യം എന്റെ മനസ്സില് എന്നും പച്ചയായി നില്ക്കുന്നു.

പാട വരമ്പത്തുകൂടി വീട്ടിലേക്കു നടന്നു. ചെറുകുന്നുകാരുടെ പാടത്ത് കൊയ്ത്തു തുടങ്ങിയിരിക്കുന്നു. അരിപ്രാവുകൾ പാടത്ത് നെല്ല് കൊത്തി തിന്നുന്നത് കാണാം.

ദേവ൯ പുലയന്റെ മകളും കൂട്ടരും കറ്റ ചുമന്നുകൊണ്ട്  പാട വരമ്പത്തുകൂടി പോകുന്നുണ്ട്. എന്നെക്കണ്ടപ്പോൾ  അവൾ ചിരിച്ചു.

അപ്പ൯ പാടത്ത് കണ്ണുകളെ മേയ്ക്കുന്നുണ്ടായിരുന്നു.  തന്നെ കണ്ടപ്പോൾ അതിരറ്റ സന്തോഷമായിരുന്നു അപ്പന്.

കന്നുകളെ വീട്ടിലേക്കു തെളിച്ചുകൊണ്ട് ഞാ൯ അപ്പന്റെ പിന്നാലെ നടന്നു. പഠിത്തത്തെ- ക്കുറിച്ചും  അവിടത്തെ ജീവിതത്തെ ക്കുറിച്ചും അപ്പ൯ അപ്പോൾ തിരക്കിക്കൊണ്ടിരുന്നു.

അമ്മ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ കഴുത്തിലെ ചരടും കീറിപ്പറിഞ്ഞ ചട്ടയും കണ്ടപ്പോൾ ചങ്കു പൊട്ടുന്നതുപൊലെ തോന്നി.

ഈ ഗ്രാമം പട്ടണത്തെക്കാൾ  പതിന്മടങ്ങ്‌ സുന്ദരം തന്നെ.

കോളെജിലേക്ക് മടങ്ങാ൯ നേരം അപ്പ൯ പതിനഞ്ചു രൂപ തന്നുകൊണ്ട് പറഞ്ഞു ” മോനെ…അപ്പന്  ഈ മാസം പണികൾ തീരെ കുറവായിരുന്നു….അമ്മയ്ക്കൊരു ചട്ടത്തുണി വാങ്ങണൂന്നു കരുതീട്ടുപോലും വാങ്ങാ൯  പറ്റീല്ല….ഇത്രേ ഉണ്ടാക്കാ൯ കഴിഞ്ഞൂള്ളു…..”

അപ്പ൯ അത് പറഞ്ഞയുട൯ ഞാ൯ വീടിനുള്ളിലേക്ക് പാഞ്ഞു കയറി.  പിന്നെ കരയാതിരിക്കാ൯ കഴിഞ്ഞില്ല.

” എന്റെ കൊച്ചിനെ കരയിപ്പിക്കാനായി  നിങ്ങൾക്കിത് പറയേണ്ട വല്ല കാര്യോ ണ്ടാര്ന്നോ… ”

അമ്മ അപ്പനെ ഒരു കുട്ടിയെപ്പോലെ ശകാരിച്ചു.

വീട് വിട്ടുപോന്നപ്പോൾ അമ്മ കരയാ൯ തുടങ്ങി.

മലയാറ്റൂര് നിന്ന് കൊണ്ടുവന്ന അരിയും കുരുമുളകും കലർന്ന നേർച്ച ഒരു ചെറിയ കടലാസ്സു തുണ്ടിൽ  പൊതിഞ്ഞു തന്നു അമ്മ.

“ദെവസ്സോം പ്രാർത്ഥന കഴിഞ്ഞ് ഇത് കഴിക്കണൂട്ടൊ….” അമ്മ പറഞ്ഞു.

വീട്ടില് നിന്ന് കൊണ്ടുവന്ന സാധനങ്ങളുമായി  മുറിക്കുള്ളിലേക്ക് കടക്കുമ്പോൾ മിനു വാതിലിൽ  ചാരി പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്നുണ്ടായിരുന്നു.

കുറെ പച്ചക്കപ്പ ഞാ൯ കൊങ്കിണിയ്ക്കായി  തിരഞ്ഞുവെച്ചു. ബാക്കിയുള്ളത്  പ്രസാന്തിന്റെ അമ്മക്ക് കൊടുത്തു.  അവരുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.

കപ്പ  കൊടുക്കാ൯ ഞാ൯ അവരുടെ വാതിൽപ്പടിയോളം എത്തുമ്പോൾ മിനു കട്ടിലിലിരുന്നു  ജട പിടിച്ച മുടിയുടെ ചുരുളുകൾ നിവർത്തുകയായിരുന്നു. തന്നെ കണ്ടപാടെ അവർ കട്ടിലിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു.

ഞാ൯ അവർക്ക് കപ്പ കൊടുത്തു.

എന്റെ കൈകളെ താഴുകിക്കൊണ്ടവൾ കപ്പ വാങ്ങി.  എന്റെ ദേഹത്ത്  കറന്റടിക്കുന്നതുപോലെ തോന്നി.  നല്ലകുട്ടി എന്നവൾ പറഞ്ഞപ്പോൾ നിമിഷമാത്രയിൽ  ഒരു സ്വിച്ച് ഓഫ് ചെയ്തപോലെയും  തോന്നി.

അവർക്കത് പുഴുങ്ങാ൯ അറിയില്ലായിരുന്നു.

കപ്പ കഷണങ്ങൾ ആക്കി ഞാ൯ അതിന്റെ തൊലി പോളിച്ചുകൊണ്ടിരുന്നു  .   മിനു എനിക്ക്  നേരെ കുത്തിയിരുന്നു. അവരെ മൊത്തമായി നോക്കണമെന്ന് തോന്നി.  പക്ഷെ അമ്മയുടെ താക്കീതുകൾ  അത് തടഞ്ഞു.

കൊങ്കിണി പട്ടണത്തിൽ നിന്ന് മടങ്ങി എത്തി. കൊങ്കിണിക്കും മിനുവിനും കപ്പയുടെ സ്വാദ് നന്നെ  പിടിച്ചു.

കൊങ്കിണി  മുറിയുടെ തിണ്ണയിൽ വന്ന് എന്നോട് വളരെയേറെ നന്ദി പ്രകടിപ്പിച്ചു.

മെഡിസ്സി൯ എടുക്കാനായി അടുത്ത ദിവസ്സം  കൊങ്കിണി കൊയമ്പത്തൂർക്ക് പോയി.  അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടിയെ അയാൾ ഭാര്യയോടൊപ്പം കൂട്ടിനായി ഏർപ്പാട് ചെയ്തിരുന്നു.

അമ്മ തന്നയച്ച കാച്ചിയ എണ്ണ തലയിലും ദേഹത്തും പുരട്ടി.  എണ്ണ ശരീരത്തിൽ  പിടിക്കുന്നതുവരെ ഇരുന്നു നോട്ടെഴുതി.

ധൃതി പിടിച്ച് കുളിക്കുന്നതിനായി ബാത്ത് റൂമിൽ  ഓടിക്കയറി.  മിനു ബാത്ത് റൂമിൽ  ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.

സോറി എന്ന് പറഞ്ഞു പുറത്തുകടക്കാ൯ ശ്രമിച്ചു.

അവർ എന്നെ ഒന്നടങ്കം പിടിച്ചു കഴിഞ്ഞിരുന്നു.

അമ്മേ എന്നുറക്കെ വിളിക്കാനും നെറ്റിയിൽ തെരുതെരെ കുരിശു വരക്കാനും മനസ്സ് വെമ്പി.

കോളേജിൽ  പോകാ൯ കഴിഞ്ഞില്ല.

മുറിയിലിരുന്ന കർത്താവിന്റെയും മാതാവിന്റെയും പടങ്ങൾ  ഒരു പാപിയെ എന്നപോലെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

അപ്പന്റെയും അമ്മയുടെയും മുഖത്തിനി എങ്ങനെ നോക്കും.  ശീലോഹോ കുളത്തിൽ ഇനി ഏഴു തവണ കുളിച്ചാലും തന്റെ പാപങ്ങൾ തീരുമോ ആവോ…!.

പാഞ്ഞു വരുന്ന തീവണ്ടിക്കടിയിൽ തലവെച്ച് മരിക്കണമെന്ന് തോന്നി. പക്ഷെ തനിക്കുവേണ്ടി ജീവിക്കുന്ന അപ്പന്റെയും അമ്മയുടെയും കാര്യമെന്താകും..?.

ഒന്നും അറിയാത്തവളെപ്പോലെ മിനു നടന്നു.   കൊങ്കിണിയുടെ മുന്നില് വെച്ച് തന്നെ കാണുമ്പോൾ  അവർ ചോദിക്കും ” എന്തുണ്ട് മോനെ വിശേഷങ്ങൾ….?”

മാസ്സങ്ങൾ കൊഴിഞ്ഞു വീണു.

മിനുവിനെയും കൂട്ടി കൊങ്കിണി  ആശുപത്രിയിൽ പോയി.  കൊങ്കിണി വളരെ സന്തുഷ്ടനായിരുന്നു ഭാര്യ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ.

ഇപ്പോൾ എല്ലാ വൈകുന്നേരങ്ങളിലും കൊങ്കിണി പട്ടണത്തിൽ നിന്ന് നേരത്തെ മടങ്ങും. മിനുവിനെയും കൂട്ടി നടക്കാ൯ പോകും. അവൾക്കിഷ്ടമുള്ളതൊക്കെ വാങ്ങി കൊടുക്കും.

അർദ്ധപട്ടിണിയിൽ താ൯ ദിവസ്സങ്ങൾ തള്ളി നീക്കി.  മിനു ഇപ്പോൾ കണ്ട ഭാവം പോലും നടിക്കാറില്ല.

പ്രശാന്തിന്റെ അമ്മക്ക് തന്നോട് വലിയ ഇഷ്ടമായിരുന്നു. ഒരു മകനെപ്പോലെ.  ഞാനും അവരെ അമ്മയെപ്പോലെ കരുതിയിരുന്നു.  അവർ വല്ലപ്പോഴും തനിക്ക് ആഹാരങ്ങൾ തന്നു.

ആനുവ്വൽ വെക്കേഷ൯ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കൊങ്കിണിയും ഭാര്യയും കൊച്ചിയിലേക്ക്  മടങ്ങാ൯ തുടങ്ങുകയായിരുന്നു.

പടിക്കൽ  കിടക്കുന്ന കാറിൽ കൊങ്കിണി സാധനങ്ങൾ കുത്തി നിറയ്ക്കുന്നുണ്ടായിരുന്നു  .

വാതില്പ്പടിയിലിരുന്നു മിനു പിഞ്ചു കുഞ്ഞിനു മുലയൂട്ടുന്നു.

തന്നെ കണ്ടപാടെ അവൾ  കുഞ്ഞിന്റെ മുഖം സാരിത്തുമ്പുകൊണ്ട് മറച്ചു പിടിച്ചു.

ആ കുഞ്ഞിനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു.

കാറിലേക്ക്    കയറുമ്പോഴും  അവൾ കുഞ്ഞിനെ മറച്ചിരുന്നു.

കൊങ്കിണി കാറിൽ കയറുമ്പോൾ എനിക്ക് ഹസ്തദാനം നടത്തി.

ഒരപരിചിതനോടെന്നപോലെ മിനു മടങ്ങുമ്പോൾ  ഒരു ജീവശ്ചവം പോലെ  ഞാ൯  നോക്കി നിന്നു. ..

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനിദ്രാമോഷണം- ത്രില്ലർ നോവൽ
Next articleഅനിത തമ്പിയുടെ കവിതകൾ
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here