പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ഇന്നു സമാപിക്കും. ബംഗ്ലദേശ്, അസർബൈജാൻ, ഇറാൻ, മ്യാൻമർ തുർക്കി, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള 68 സിനിമകളാണു കൊച്ചിയിൽ പ്രദർശിപ്പിച്ചത്. താരാ രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം, വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ, ഐ ആം നോട്ട് ദ് റിവർ ഝലം എന്നീ ഇന്ത്യൻ മത്സര ചിത്രങ്ങൾക്കും മികച്ച പ്രേഷക പ്രതികരണം ലഭിച്ചു.
മേളയുടെ സമാപന ചിത്രമായി ‘ബ്രൈറ്റൻ ഫോർത്ത്’ ഇന്നു രാത്രി 8.30നു മുഖ്യ വേദിയായ സരിത തിയറ്ററിൽ പ്രദർശിപ്പിക്കും. എഴുത്തുകാരൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. ബാലചന്ദ്രനോടുള്ള ആദരസൂചകമായി അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ രാവിലെ 9.45നു കവിത തിയറ്ററിൽ പ്രദർശിപ്പിക്കും.