കൊച്ചി മുസിരിസ് ബിനാലെക്ക് അടുത്തമാസം തുടക്കമാകും. 2020 ഡിസംബറിൽ നടത്താനിരുന്ന അഞ്ചാംപതിപ്പ് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഉപേക്ഷിച്ചത്. 2022 ഡിസംബറിലാണ് പശ്ചിമകൊച്ചിയിലും എറണാകുളത്തുമായി ബിനാലെ വേദികൾ തുറക്കുക.
ചിത്രകാരിയും എഴുത്തുകാരിയുമായ ഷുഭഗി റാവുവാണ് ക്യുറേറ്റർ. മുപ്പത്തഞ്ചോളം രാജ്യങ്ങളിൽ ബിനാലെകൾ ഉൾപ്പെടെ കലാപ്രദർശനങ്ങൾ സന്ദർശിച്ച് അവർ കൊച്ചി ബിനാലെ രൂപകൽപ്പന ചെയ്‌തുകഴിഞ്ഞു.
ഗ്യാലറികളുടെ അറ്റകുറ്റപ്പണികൾ ഏതാണ്ട് പൂർത്തിയായി. ഇക്കാലത്തിനിടെ കലാലോകത്തുണ്ടായ ചലനങ്ങളുടെയെല്ലാം പ്രതിഫലനം ഇത്തവണ കൊച്ചി ബിനാലെയിൽ ഉണ്ടാകുമെന്നു ബോസ് കൃഷ്‌ണമാചാരി മാർച്ചിൽ അഭിപ്രായപ്പെട്ടിരുന്നു.
അഞ്ചാംപതിപ്പിന് സംസ്ഥാന സർക്കാർ ഏഴുകോടി അനുവദിച്ചിരുന്നു. കോവിഡ്‌കാലത്ത് ബിനാലെ മുടങ്ങിയെങ്കിലും ആലപ്പുഴയിൽ ‘ലോകമേ തറവാട്’ എന്ന പേരിൽ ഫൗണ്ടേഷൻ കലാപ്രദർശനം സംഘടിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം കലാകാരന്മാർ പങ്കെടുത്ത പ്രദർശനം 2021 നവംബറിലാണ് തുടങ്ങിയത്. ഏഴ് വേദികളിലായി ഈവർഷം ജനുവരിവരെ നീണ്ടു. പന്ത്രണ്ടായിരത്തിലേറെപ്പേർ പ്രദർശനം കാണാനെത്തി. ആറുകോടിയോളം രൂപയുടെ കലാസൃഷ്‌ടികൾ വിൽക്കാൻ സാധിച്ചിരുന്നു.