മീഡിയ അക്കാദമി: വിദ്യാർത്ഥികൾക്കായി കലാസാംസ്കാരിക പോര്‍ട്ടൽ

മലയാളികളെ ആഗോളമായി ഒന്നിപ്പിക്കാന്‍ Radio Kerala എന്ന ഇന്റര്‍നെറ്റ് റേഡിയോ കേരള മീഡിയ അക്കാദമി ആരംഭിച്ചു. ഇപ്പോഴത്തെ പരീക്ഷണ പ്രക്ഷേപണ കാലത്ത് 110 ലധികം രാജ്യങ്ങളിലെ മലയാളികളിലേക്ക് ഈ ഓണ്‍ലൈന്‍ റേഡിയോ എത്തിയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.
വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും വിനോദവും ഒരുമിക്കുന്ന ഒരു സമ്പൂര്‍ണ്ണ മലയാളം റേഡിയോയാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഇന്റര്‍നെറ്റ് സാധ്യതയുള്ള അവസാന രാജ്യത്തെ മലയാളികളിലേക്കും ഈ റേഡിയോ എത്തിച്ചേരണമെന്നാണ് ഉദ്ദേശിക്കുന്നത്. ലോകമലയാളികളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഏകീകരിക്കാന്‍ റേഡിയോ കേരള ഉപകരിക്കും.
ഈ റേഡിയോയില്‍ സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടികളുടെ അഭിരുചിക്കിണങ്ങുന്ന പ്രത്യേക പരിപാടി നല്‍കണമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. അതുപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും വിദ്യാഭ്യാസ വകുപ്പ് മേധാവികളും അക്കാദമി പ്രതിനിധികളും പങ്കെടുത്ത യോഗം ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കി. ഒരു വിനോദ വിജ്ഞാന റേഡിയോ എന്ന നിലയില്‍ വിദ്യാലയങ്ങളില്‍ ഇടവേളകളില്‍ പരിപാടി നല്‍കാനുള്ള ധാരണയുണ്ടായി. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘ശബ്ദമരം’ എന്ന വിശ്രമറേഡിയോ പ്രക്ഷേപണ മരം സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ക്യാമ്പസ് റേഡിയോ ആവശ്യമുള്ളവരിലേക്ക് റേഡിയോ കേരള കടന്നുചെല്ലും.

24 മണിക്കൂര്‍ ഇടതടവില്ലാതെ പ്രക്ഷേപണത്തിനൊരുങ്ങുന്ന റേഡിയോ അക്കാദമിയുടെ സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് തന്നെ അപ് ലിങ്ക് ചെയ്യാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. പ്രശസ്ത റേഡിയോ ജേര്‍ണലിസ്റ്റ് ബാലകൃഷ്ണന്‍ പെരിയയാണ് റേഡിയോ കേരളയുടെ കണ്‍സള്‍ട്ടന്റ്.
മാധ്യമവിദ്യാഭ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശബ്ദസൗന്ദര്യം മാറ്റുരയ്ക്കാനുള്ള അവസരവും ലഭിക്കും. റേഡിയോ കേരളയുടെ ഉദ്ഘാടനം ഡിസംബറില്‍ നടക്കും.
നിലവില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി മാധ്യമപഠനം നടത്തുന്നുണ്ട്. പഠനത്തിന്റെ ഭാഗമായും അല്ലാതെയും ഇവരുടേതായി ഒട്ടേറെ സര്‍ഗ്ഗാത്മക രചനകള്‍ തയ്യാറാക്കപ്പെടുന്നുണ്ട്. മാധ്യമരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്ന ഇവരുടെ രചനകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ക്രമീകരണം അക്കാദമി ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി https://www.newspages.in എന്ന ആനുകാലിക പോര്‍ട്ടലിന് തുടക്കം കുറിക്കുന്നു.
കഥ, കവിത, ലേഖനം, വീഡിയോ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉള്ളടക്കം ഈ പോര്‍ട്ടലിലൂടെ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാധ്യമരംഗത്തെ പ്രമുഖരും തങ്ങളുടെ രചനകളുമായി ഈ പോര്‍ട്ടലിലെത്തും. മലയാളത്തിലും ഇംഗ്ലീഷിലും രചനകളുണ്ടാവും. ഇത്തരത്തില്‍ ഒരു ആനുകാലിക ഘടനയുള്ള പോര്‍ട്ടല്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനമായും ഈ പോര്‍ട്ടലിനെ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
ന്യൂസ്‌പേജസിന്റെ ഉദ്ഘാടനം 2019 നവംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കും. ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്ററും മലയാളിയുമായ ആര്‍.രാജഗോപാലാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. വായനയുടെയും കാഴ്ചയുടെയും പുതിയ അനുഭവം പകരാന്‍ അക്കാദമിയുടെ ഈ പുതുസംരംഭത്തിന് സാധിക്കും എന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള ന്യൂസ്‌പേജസ് ഇതിനകം ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ഒട്ടേറെ പേര്‍ പിന്തുടരുന്ന ആനുകാലികമായി ഇത് മാറിയിട്ടുമുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English