കലയും സംഘവും

downloadകലയെയും കാലപ്രവർത്ഥനത്തെയും പറ്റി മനോജ് കുറൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

“സാഹിത്യപ്രവർത്തകരോ കലാപ്രവർത്തകരോ ഏതെങ്കിലും ചില ആശയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിച്ചരവല്ല. അതിലൊരാൾക്കും പൂർണമായും ഏതെങ്കിലും മത-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി നില്ക്കാൻ കഴിയും എന്നെനിക്കു വിശ്വാസമില്ല. ആരെങ്കിലും അത്തരം പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചാൽപ്പോലും അച്ചടക്കമുള്ള അംഗങ്ങളെപ്പോലെ അവർക്കു പെരുമാറാനാവുമെന്നു തോന്നുന്നില്ല. അവരുടെ സൃഷ്ടികൾ ആസ്വദിക്കുകയും വായിക്കുകയുമൊക്കെച്ചെയ്യുന്ന പൊതുസമൂഹത്തിലാണ് അവർക്കു വിശ്വാസം. എന്നുവച്ച് അവർ വിമർശനാതീതരൊന്നുമല്ല. അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള വിമർശനങ്ങൾ തീർച്ചയായും വേണ്ടതാണ്. പക്ഷേ ഭീഷണിയുടെ മുന്നിൽ അവർ നിസ്സഹായരായേക്കും. അത്തരം ശബ്ദങ്ങളോ ആക്രമണങ്ങളോ നേരിടാനുള്ള സംഘടിതശക്തി അവർക്കില്ല. വ്യത്യസ്തമതവാദികൾ തമ്മിലോ പ്രസ്ഥാനങ്ങൾ തമ്മിലോ ശാരീരികമായ ആക്രമണങ്ങളുണ്ടാവാറില്ല എന്ന കൗതുകം പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. സംഘടിതശക്തികൾ തമ്മിലുണ്ടാക്കിയ സായുധമായ ഒരു ഒത്തുതീർപ്പാണത് എന്നു തോന്നും. ആക്രമണത്തിനു വിധേയമാകുന്നത് കൂടുതൽ വിശാലമായ, മതേതരമായ ഒരിടത്തിനുവേണ്ടി വാദിക്കുന്നവരും അസംഘടിതരുമായ എഴുത്തുകാരോ കലാപ്രവർത്തകരോ ആണെന്നു കാണാനും വിഷമമില്ല. അത്തരത്തിലുള്ള പലരും കൊല്ലപ്പെട്ടു. പലരും മാനസികമായും ശാരീരികമായും ആക്രമിക്കപ്പെട്ടു. കലാ-സാഹിത്യമേഖലകളിലുള്ളവർക്ക് സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാനും അവരവരുടെ കൃതികളിൽ ആവിഷ്കരിക്കാനുമുള്ള സാമൂഹികാവസ്ഥ ഒരുക്കേണ്ടത് ഒരു മതേതരരാജ്യത്തെ വലുതും ചെറുതുമായ ഭരണകൂടങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാകുന്നത് അതുകൊണ്ടാണ്. അതുണ്ടായില്ലെങ്കിൽ അസഹിഷ്ണുതയുടെ കുഴലൂത്തുകളൊഴികെയുള്ള പലയിടങ്ങളും നിശ്ശബ്ദമാകും.

എന്ന്,
കലാസാഹിത്യമേഖലകളിൽ എന്തൊക്കെയോ ചിലതു ചെയ്യുകയും പലതും ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാൾ.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here