ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് ജ്ഞാനപീഠ ജേതാവും മലയാളിയുടെ പ്രിയ എഴുത്തുകാരനുമായ ശ്രീ.എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ഇന്നലെ വൈകിട്ട് ആറ് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍(മേയര്‍), നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയ് വാള്‍തര്‍, കളക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള സര്‍ക്കാരിന്റെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സാംസ്‌കാരിക പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഖവാലി സംഗീതവിരുന്നിലൂടെ തുടക്കമിട്ടിരുന്നു. വിവിധ സെഷനുകളും ആരംഭിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കെ.എല്‍.എഫില്‍ പങ്കുചേരാന്‍ ഇത്തവണ രണ്ടര ലക്ഷത്തോളംപേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങള്‍ കെ.എല്‍.എഫ് വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടും. വിവിധ ഭാഷകളില്‍ നിന്നുള്ള അഞ്ഞൂറോളം അതിഥികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ പുരസ്‌കാരജേതാക്കള്‍ തുടങ്ങി സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.