കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചു നടക്കുംനിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. രാമചന്ദ്ര ഗുഹ, അരുന്ധതി റോയി, ഹര്‍ഷ് മന്ദിര്‍, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ജീത് തയ്യില്‍, മികി ദേശായ്, അനിത നായര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്.പിള്ള, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, റസൂല്‍ പൂക്കുട്ടി, ഗൗര്‍ ഗോപാല്‍ ദാസ്, അമീഷ് ത്രിപാഠി തുടങ്ങിയവരും കവികള്‍, എഴുത്തുകാര്‍, രാഷ്ട്രീയ ചിന്തകര്‍, കലാകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, വിമര്‍ശകര്‍, പരിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നടന്മാര്‍, നിയമ വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, കേരളത്തിലെ മൂന്നു തലമുറയില്‍പ്പെട്ട പത്ര പ്രവര്‍ത്തകര്‍ എന്നിവരും ഒത്തു ചേരുന്നു. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
പുസ്തക പ്രദര്‍ശനം, ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമാണ്. സാഹിത്യോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേള ക്യുറേറ്റ് ചെയ്യുന്നത് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഫിലിം എഡിറ്ററുമായ ബീനാപോളാണ്.
കലാസാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ പ്രധാന അതിഥികള്‍. വെല്‍ഷ് സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സജീവസാന്നിദ്ധ്യം കെ.എല്‍.എഫില്‍ ഉടനീളമുണ്ടാകും. കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും എത്തുന്നു. ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇത്തവണ മറാത്തി ഭാഷയ്ക്കാണ് കെ.എല്‍.എഫില്‍ പ്രാധാന്യം നല്‍കുന്നത്. നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍, തുടങ്ങി മറാത്തി ഭാഷയിലെ വിശ്രുതരായ 12 എഴുത്തുകാരെയാണ് കെ.എല്‍.എഫ് വേദിയില്‍ പരിചയപ്പെടുത്തുന്നത്.