ആരോ പറഞ്ഞു
കിഴക്കന്‍ കാറ്റിന്നലെ രാത്രിയില്‍ തുടങ്ങീപോല്‍
ഞാനറിഞ്ഞീല ഗാഢമാം സുഷുപ്തിയില്‍
പടിഞ്ഞാറോട്ടുനോക്കി നിന്നു
തെങ്ങുകള്‍ ഞാനുണര്‍ന്നപ്പോള്‍
പാടിച്ചിരിച്ചു കരിമ്പനകള്‍
കമ്പിതഗാനാവലി
ശൈശവം മുതല്‍ ഞാനറിയുന്നൊരു താളം
മുത്തശ്ശിമാരുടെ യക്ഷിക്കഥകള്‍
അതുകേട്ടൊളിമിന്നും കുട്ടിക്കണ്ണുകള്‍
മണ്ണെണ്ണ വിളക്കുകള്‍ ചുവരില്‍ വരക്കും നിഴലുകള്‍
മുഷിഞ്ഞ കിടക്കകള്‍ അവയിലുറങ്ങും കിടാങ്ങളും
ദൂരെ കാത്തുകിടക്കും തീവണ്ടിവിലാപങ്ങള്‍
ക്രൂരമാം അലിയാത്തോരുരുക്കു പാളങ്ങളില്‍
കിഴക്കന്‍ കാറ്റ് അര്‍ദ്ധരാത്രിയില്‍ തുടങ്ങീപോല്‍
ഞാനറിയാതെ, എന്‍റെ ഗാഢമാമുറക്കത്തില്‍
ആകാശങ്ങളെ മുത്തും ഗോപുരനിബിഡമാം
കിഴക്കനമ്പലങ്ങളുടെ ധൂമഗന്ധങ്ങളേറെപ്പേറി
മുല്ല ചമ്പക തുളസീദള കര്‍പ്പൂര നിശ്വാസങ്ങള്‍
ദ്രാവിഡഭൂതകാലമാസ്മരമണിനാദം
വംഗസാഗരം പാടിത്തിമര്‍ക്കുമാഹ്ളാദങ്ങള്‍
സഹ്യസാനുക്കള്‍ തെക്കുവടക്കു മതില്‍കെട്ടി
കാക്കുന്നൊരെന്‍റെ പാലക്കാടിന്‍റെ ചുരത്തൂടെ
കിഴക്കന്‍ സമീരണാ! ഞങ്ങടെ മലനാടിന്‍
ബാലവാടികയിലേക്കയക്കൂ വേഗം നിന്‍റെ
വെള്ളിമേഘങ്ങളാം കുറുമ്പന്‍ കിടാങ്ങളെ
അവരിവിടെക്കളിച്ചാടട്ടെയവിരാമം
ദിവസം മുഴുവനും സാമോദം
അത് കണ്ടാഹ്ളാദിച്ചെന്‍ ദിവസം തെളിയട്ടെ.