കെട്ടു പൊട്ടിയ
ആകാശത്തിന്റെ
നടുക്ക്
പട്ടമുപേക്ഷിച്ച്
പുഴയിലൂടെ
പൂപോലെ
ആ കുഞ്ഞ്
ഒഴുകി നടന്നു.
മടന്തകൾ
വെട്ടിപ്പിടിച്ച
മരതക ദ്വീപിന്റെ
അരികു പറ്റി
തുപ്പലുകൊത്തികൾ
ഇക്കിളിപ്പെടുത്തിയിട്ടും
ചിരിക്കാതെ
മാനത്തുപേക്ഷിച്ച
പട്ടത്തിനോടെന്തോ
പറയുന്ന പോലവൻ
മലർന്ന്
മലർന്ന്
അങ്ങനെ …….
കച്ചിക്കുറ്റിയിൽ നിന്നും
ചവിട്ടിത്തെറിപ്പിച്ച
അനേകം മഴവില്ലുകൾ
വിണ്ടുകീറി വെടിഞ്ഞ
കണ്ടത്തിനെ
കണ്ണുകൾക്കൊപ്പം
നനച്ചു .
ഇക്കരെ നിന്ന്
അവന്റെ അഛൻ
സങ്കടത്തിന്റെ
മണ്ടേലേക്ക്
നിലവിളിയുടെ
തളപ്പു കെട്ടി
കേറിക്കേറിപ്പൊയി.
മരച്ചൂരിൽപൊതിഞ്ഞ മധുരമപ്പോൾ
മടിയിൽ നിന്നുമടർന്ന്
താഴെ വീണ്
അനേകം ചവിട്ടേറ്റ്
ചള്ള പെരണ്ട്
ചെതറി…..
മീനച്ചൂടേറ്റ്
ചുളിവു വീണ
പുഴമുഖത്തിലേക്ക്
സൂര്യൻ
പട്ടുനൂൽ വലയെറിഞ്ഞ്
കാത്തിരിക്കുമ്പോഴാണ്
കട്ട ചേടിപ്പോയ
ഒരുവള്ളം
കഴുക്കോലുകൊണ്ടവന്റെ
വീട്’
കുത്തിയടുപ്പിച്ചത്.
വെട്ടിപ്പുളന്ന
നെഞ്ചുമായ്
അവന്റെ അമ്മ
വെറും നിലത്ത്
കിടന്നുരുളുമ്പോൾ
നിലാവിൽ
നനഞ്ഞ ഒരു പട്ടം
ആകാശത്ത്
അപ്പോഴും
അവനേ
കാത്തു നില്ക്കുകയായിരുന്നു.