ആകാശ കടലിൽ
ഒരാറേഴ് മീനുകൾ
തുള്ളികളിച്ച്
തമ്മിൽ കുതിച്ച്
ചെറുവാലിട്ടിളക്കി
കാറ്റിന്റെ തിരയിൽ
നീളത്തിലോടി
ചുറ്റി കറങ്ങി
പല നിറങ്ങളിൽ
കിലുകിലെ പായും
പള്ളത്തി കുഞ്ഞുങ്ങൾ.
മേഘങ്ങളവയെ മാടി വിളിച്ചു
സൂര്യനോ, സ്വർണ്ണതേരിൽ ക്ഷണിച്ചു
താഴെ ചരട് വലിച്ച ജന്മങ്ങൾ
ഏതുമറിയാതെ
കൺ കൂർപ്പിച്ചു നിന്നു.
മേൽക്കൂരകൾ, മരങ്ങൾ, കിളികൾ, മേഘങ്ങളൊക്കെയും താണ്ടി ചെറുമീനുകൾ
ആകാശത്തിന്റെ ഉള്ളിലേക്ക് ഊളയിട്ടു പറന്നു
പിന്നെ
പൊട്ടിയ ചരടുകൾ വിട്ട്
മനുഷ്യർ മാളത്തിലേക്ക് പോയപ്പോൾ
ആകാശത്ത്
വാൽ നക്ഷത്രങ്ങളായ് പിറന്നു.