കിസ്സ്‌ അറ്റ്‌ സൈറ്റ്

 

 

 

 

 

 

 

നിലാവിന്‍റെതുപോലൊരു വെളിച്ചം മാത്രം മതി. അതിന് മുറിയുടെ ഒരറ്റത്ത് മെഴുകുതിരി കത്തിച്ചുവെക്കും. ഫാനിന്‍റെ കാറ്റ് വളരെ കുറച്ച്. ആ കാറ്റിൽ കട്ടിലിനുമീതെ പതിഞ്ഞാടുന്ന വെളുത്ത കൊതുകുവലകൾ. മൃദുവായി തഴുകുന്ന മുല്ലപ്പൂഗന്ധം.

ശബ്ദമില്ലാതെ വാതിൽ തുറന്ന്, അതിലും ശബ്ദമില്ലാത്ത കാലടികളോടെ അവൾ; തന്‍റെ പ്രിയതമ. പാൽഗ്ലാസ്സ് വാങ്ങി മേശമേൽ വെച്ചശേഷം, മൃദുവായി ഇരു ചുമലിലും പിടിച്ച്, അതിലും മൃദുവായി അവളെ കട്ടിലിലിരുത്തും. എന്തേലും പറഞ്ഞു തുടങ്ങും മുമ്പ്, തന്‍റെ ജീവിതത്തിന് നവജീവനേകിയ, തന്‍റെ സ്വപ്നങ്ങൾക്ക് നവസ്വപ്നങ്ങളേകിയ, തന്‍റെ പ്രിയപ്പെട്ടവളുടെ ആ തിരുനെറ്റിയിൽ, എണ്ണമയത്തിൽ അലിഞ്ഞു തുടങ്ങിയ ആ ചന്ദനക്കുറിക്കുമീതെ, തന്‍റെ ജീവനും പ്രാണനും സ്വപ്നങ്ങളും ആവാഹിച്ച്, മൃദുവായ ചുണ്ടിനാൽ, അതിലും മൃദുവായി, ഒരല്പ സമയം, ഏതാണ്ട് ഒരു ശലഭം പൂവിന്മേൽ തേൻ നുകരാനെടുക്കുന്ന സമയം, അത്രമാത്രമെടുത്തൊരു ചുംബനം. അത്രമാത്രമായിരുന്നു ഒരു നാടൻ, നല്ലവനായ തനിനാടൻ ചെറുപ്പക്കാരൻ, ശ്രീജിത്തിന്‍റെ ചുംബന സ്വപ്നം.

നല്ല പ്രായത്തിൽത്തന്നെ ജോലി കിട്ടിയതിനാൽ, അതിലും നല്ല പ്രായത്തിൽത്തന്നെ കല്യാണവും കഴിക്കണം എന്നായി; വീട്ടുകാരും പിന്നെ ബന്ധുക്കാരും.

പെണ്ണുകാണാൻ ചെന്ന അന്നുതന്നെ അനുമോൾ എല്ലാം തുറന്നുപറഞ്ഞു. അത്, ശ്രീജിത്തിന്‍റെ മൂന്നാമത്തെ പെണ്ണുകാണലായിരുന്നു. ആദ്യത്തേത് ശ്രീജിത്തിന്‍റെ പ്രൊഫൈലിനെക്കാൾ ഉയർന്ന പ്രൊഫൈൽ പെൺകുട്ടിക്കുള്ളതുകൊണ്ട് റിജെക്റ്റ് ചെയ്യപ്പെട്ടു. രണ്ടാമത്തേത് ശ്രീജിത്തിനെ, നിറം കുറവെന്നു പറഞ്ഞാണ് റിജെക്റ്റ് ചെയ്തത്.

“യുവ്ർ കളർ ഈസ് നോട്ട് ബാഡ് അറ്റ് ഓൾ. ഇറ്റ്സ്നോട്ട് ബ്ലാക്ക്. ഇറ്റ്സ് കൃഷ്ണ ബ്ലാക്ക്. ഐ ലൈക്കിറ്റ്”. ആ കമന്‍റില്‍, ശ്രീജിത്തിന്‍റെ ഉള്ളറകളിലേക്ക് ഹൃദയാകൃതിയിൽതുടിക്കുന്ന ചുവന്ന ചിഹ്നങ്ങൾ തെളിഞ്ഞുവന്നു.

തന്‍റെ സങ്കല്പത്തിനൊത്ത്, ഒരു പക്ഷെ, ആ സങ്കല്പത്തിന് മീതെ, തനിനാടൻ ദാവണിയിൽ, ചന്ദനക്കുറിയൊക്കെ തൊട്ട്, രൂപത്തിലും ഭാവത്തിലും, തന്‍റെ ഹൃദയാഭിലാഷത്തിന്‍റെ വെന്നിക്കൊടി ഉയരത്തിൽ പാറിച്ച്, തനിക്കുമുന്നിൽ നിന്ന്, ചടുലമായ ഭാഷയിൽ അവൾ നിറഞ്ഞു ചിലമ്പുന്നു. കണ്ണുകൾ ഒരു നിറഞ്ഞ തടാകംപോലെ സജലമായതിന്‍റെ നിറവറിഞ്ഞു. അതിന്‍റെ ഹൃദയത്തിനകത്തൊരു നീലപ്പക്ഷി ചിറകുയർത്തി നീന്തിത്തുടിച്ചു.

“സീ, ശ്രീ …, യെസ് ശ്രീ, യു കാൻ കോൾമി ആസ് ആൻ. ആക്ച്വലി, ഐം നോട്ട് കൺഫർട്ട്‌ബിൾ ഇൻ ദിസ് ട്രെഡിഷണൽ കോസ്റ്റ്യും. ബട്ട് ഐ ഹാവ് എ സ്പെഷ്യൽ പ്ലാൻ ഫോർ മൈ മാരേജ്. ട്രെഡ്‌മോ. ദാറ്റ് ഈസ്… ട്രെഡിഷ്ണൽ റ്റു മോഡേൺ. ദാറ്റ്സ് ദി തീം ഓഫ് ദിസ് വെൻച്വർ.

“വെൻച്വറോ!?” ശ്രീജിത്തത് മനസ്സിൽ മാത്രമേ പറഞ്ഞുള്ളൂ.

“പിന്നെ, ശ്രീ…, ഞാൻ ശ്രീയുടെ പ്രൊഫൈൽ നോക്കിയിരുന്നു. കാനാറാ ബാങ്ക് അസിസ്റ്റന്റ് മാനേജർ. ഫോർ ഇറ്റ്സ് നേചുർ ഓഫ് പെർമനൻസി…, ദാറ്റ്സ്, വെൽ ആൻഡ് ഗുഡ്. ബട്ട്, ഐം നോട്ട് ലൈക് ടു ബി ഇൻ ദിസ് കൈൻഡ് ഓഫ് മെക്കാനിക്കൽ വർക്ക്. വി ഹാവ് ടു ബി അപ്ഗ്രേഡ് ത്രൂഔട്ട് ഔർ കരിയർ. മോർ ദാൻ ദിസ് പെർമനൻസി, വി ഹാവ് ടു ബി എക്യുപ് ഔർസെൽവ്സ് റ്റു പ്രസ.. റ്റു ദിസ് കോമ്പറ്റിറ്റിവ് വേൾഡ്.”

ഒന്നു നിർത്തിയശേഷം, ആത്മവിശ്വാസത്തോടെ ശ്രീജിത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി അനുമോൾ തുടർന്നു.

“നമ്മൾ എങ്ങനെയിരിക്കുന്നു എന്നതിലല്ല, നമ്മൾ എങ്ങനെ കാണപ്പെടുന്നു എന്നതാണ് കാര്യം. ദാറ്റ്സ് ദ മാറ്റർ”

ശ്രീജിത്ത് പതുക്കെ കണ്ണുകളിളക്കാതെ, അതിലും വളരെ പതുക്കെ തല താഴോട്ടും മുകളിലോട്ടുമിളക്കി അനുമോളുടെ വാക്കുകൾക്ക് കൂടെനിന്നു.

“വിഷ്യൽ മീഡിയ കമ്മ്യൂണിക്കേഷനിൽ ഞാൻ എം ബി എ കഴിഞ്ഞിട്ടും ഒരു ഫ്രീലാന്‍റ് കണ്ടന്‍റ് ക്രിയേറ്ററായി തുടരുന്നതിന്, ദാറ്റ്സ് ദി റീസൺ; ഇംപ്രൂവ് ആൻഡ് പ്രസന്‍റ് മൈസെൽഫ് റ്റുദി വേൾഡ്. ശ്രീ കണ്ടിട്ടില്ലേ എന്‍റെ റീൽസ് ആന്‍റ് വീഡിയോസ്?”

“യെസ് യെസ്” ശ്രീജിത്ത്, മൃദുവായും ചെറുതായും തല കുലുക്കി.

“ഞാനും, ഞാനും ചെയ്യാറുണ്ട്.” ശ്രീജിത്ത് ഒരു മറുപടി പ്രതീക്ഷിച്ചെന്നവണ്ണം അവൾക്കുനേരെ വാക്കുകൾ വെച്ചുനീട്ടി. അത് അവിടെ എത്തിയില്ലെന്ന് ശ്രീജിത്തിന് പെട്ടെന്ന് മനസ്സിലായി. വേണ്ടായിരുന്നെന്ന് അതിലും പെട്ടെന്നും.

“ഷാൾവി മൂവ് വിത്ത്ദിസ് വെൻച്വർ?

“യെസ് യെസ്”

ശ്രീജിത്ത് ബലമായും വലുതായും തല കുലുക്കി. അനുമോളുടെ അതേ ആത്മവിശ്വാത്തോടൊപ്പം, ആത്മവിശ്വാസക്കുറവ് കാണിക്കാതെ ചെറുത്തു നിന്നു.

“ആൻഡ്…, ഐ എക്സ്പെക്റ്റിങ് ദിസ് ഫ്രീഡം ത്രൂഔട്ട് ഔർ മാര്യേജ് ലൈഫ് ടൂ”,
എന്ന അനുമോളുടെ ചെറിയ പ്രസ്താവനയിൽമേൽ ശ്രീജിത്ത്,

“സീ, ആൻ… ഫ്രീഡം നമുക്ക് കിട്ടുന്നതല്ല, മറിച്ച്, അത് നമ്മൾ സ്വയമേവ ആർജ്ജിച്ചെടുക്കേണ്ടതാണ്”,
എന്ന വലിയ പ്രസ്താവന തിരിച്ചുനല്കി.

“ദാറ്റ്സ് ഗ്രേറ്റ്”.

അനുമോൾ അതുപറഞ്ഞ് ചിരിച്ചു. ശ്രീജിത്ത് അതുകേട്ട് ഒന്നും പറയാതെയൊരു അഭിമാനച്ചിരികൂടി ഇപ്പോഴുള്ള ചിരിയോട് കൂടെചേർത്തു.

ശ്രീജിത്തിന്‍റെ ചിരി തീരും മുൻപേ, പൂന്തോട്ടത്തിന്‍റെ മറവിൽ നിന്നും കഷണ്ടിത്തലകളുമായി രണ്ടുപേർ ക്യാമറയും, അതിന്‍റെ സ്റ്റാന്‍ന്‍റ്മായി അടുത്തേക്കു വന്നു. എന്തോ ചോദിക്കാനാഞ്ഞ് ശ്രീജിത്ത് എഴുന്നേൽക്കുമ്പോഴേക്കും, “പെർഫെക്ട് & നാച്ചുറൽ”, എന്ന് അതിലൊരാൾ അനുമോളോട് പറഞ്ഞ്, ആ രണ്ടുജോടി ട്രൌസർകാലുകൾ വീടിന്‍റെ മറ്റൊരു വശംചേർന്ന് പുറത്തേക്കുപോയി.

“പെർഫെക്ട് ആന്‍റ് നാച്ചുറൽ-, എനിക്കതാണിഷ്ടം”.

അനുമോൾ തന്‍റെ നയം വ്യക്തമാക്കുന്ന വിധമാണെങ്കിലും, മന്ദഹാസത്തോടെ ശ്രീജിത്തിനോട് പറഞ്ഞു.

മനസ്സിനേറ്റ ചെറിയ ഞെട്ടലിൽ നിന്ന് മോചനം നേടാനും, ഹൃദയത്തിൽ ഒരു ചന്ദ്രഹാസം വിടർത്താനും ശ്രീജിത്തിന് അവളുടെ ആ മന്ദഹാസം മതിയായിരുന്നു. ശ്രീജിത്ത് തന്‍റെ നയം മുഴുവൻ വ്യക്തമാക്കി പറഞ്ഞു,

“എനിക്കുമിഷ്ടമാണ്”.

“പിന്നെ ശ്രീജിത്ത്, സോറി, ശ്രീ…, ഇറ്റ്സ് ഒൺലി എ സാമ്പിൾ. ബട്ട് യൂ ഡിഡ് ഇറ്റ് വെരിവെൽ, വെരി നാച്ചുറലി!. പിന്നെ ശ്രീ…, ഈ പെണ്ണുകാണൽ ഒരു ക്ലീഷേയാണ്. ഞാൻ അങ്ങോട്ട് വരുന്നുണ്ട്, ഒരു ആണുകാണൽ. ദാറ്റ്സ് ദി ഡിഫ്രൻസ് ഇൻ ദി ഇൻട്രോ ഓഫ് ദിസ് വെൻച്വർ”.

ശ്രീജിത്ത് ചിരിച്ചു. ശ്രീജിത്ത് ഒന്നുകൂടി ചിരിച്ചു.

‘സീ യു’ പറഞ്ഞ് രണ്ടുപേരും അപ്പോഴത്തെ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

തിരിച്ചുവരാൻ നേരം കാറിൽവെച്ച്;

“എന്താടാ കല്യാണത്തിന് മുന്നേ, ഇത്ര മാത്രം സംസാരിക്കാൻ” എന്ന് ശ്രീജിത്തിന്‍റെ കൂട്ടുകാർ

‘ അറിയേണ്ടതിന് ചോദിക്കണ്ടേ’ എന്ന് ശ്രീജിത്ത്.

“ചോദിച്ചാലൊന്നും എല്ലാം അറിയില്ലെന്ന്” കൂട്ടുകാർ.

അതു പറഞ്ഞ് കൂട്ടുകാർ ഒന്നിച്ച് ചിരിച്ചു. അതുകേട്ട് ശ്രീജിത്ത് തനിയെ ചിരിച്ചു. ആ ചിരിയുടെ അവസാനത്തുനിന്ന് വൈക്കം മുഹമ്മദ് ബഷീർ, ജമീലാബീവി, പൂവൻപഴം, ചുംബനം എന്നിവ ശ്രീജിത്തിന്‍റെ മനസ്സിലേക്ക് കരയേറി വന്നു.

വൈറലായിരുന്നു; പൂമുള്ളി, വരിക്കാശ്ശേരി, ഇണ്ടംതുരുത്തി മനകളിലായും മസ്കോട്ട്, റാവിസ് തുടങ്ങിയ ഹോട്ടലുകളിലായും നടന്ന ലളിതമായ ആണുകാണൽ. കഠിനമായ പരിഷ്ക്കാര വേഗത്തിന്‍റെ നാമ്പുകളെ അടിയോടെ അരിഞ്ഞെറിയാൻ ശ്രമിച്ചെങ്കിലും, വിഡിയോ കണ്ട വീട്ടുകാർ- തറവാട്ടുകാർ, ശ്രീജിത്തിന്‍റെ ഇതുവരെ, തങ്ങൾ കാണാതെപോയ അഭിനയ – സൗന്ദര്യസാധ്യതയെ പുകഴ്ത്തി. ശ്രീജിത്തിന് താനതുവരെ കാണാതെപോയ സ്വന്തം സാധ്യതകളെ ഒന്നുകൂടി പ്രത്യേകം വാഴ്ത്താതെ വയ്യെന്നായി. കൂടെ അനുമോളുടെ വാക്കുകൾ;
‘നമ്മൾ എങ്ങനെയിരിക്കുന്നു എന്നതിലല്ല കാര്യം, പകരം നമ്മളെങ്ങെനെ കാണപ്പെടുന്നു എന്നതിലാണ്’.

ശ്രീജിത്ത് ചിന്തിച്ചു; പെണ്ണുകാണൽ ചടങ്ങ് മനോഹരമായ ഒന്നായിരുന്നു. തിരഞ്ഞെടുത്ത സ്ഥലം, ചിത്രീകരിക്കപ്പെട്ട സംവിധാന മികവ്, അതിലുപരി ആശയം എന്നിവയൊക്കെക്കൊണ്ട് ‘ആണുകാണലും’.

വിവാഹരാത്രി, തിരഞ്ഞെടുത്ത ഒരു ഹോട്ടലിലായിരിക്കുമെന്ന അനുമോൾ പറഞ്ഞ പ്രത്യേകകാര്യം ശ്രീജിത്ത് അതിലും പ്രത്യേകമായിത്തന്നെ ഓർത്തു. ‘ഐ ഹാവ് എ സ്പെഷ്യൽ പ്ലാൻ ഫോർദിസ് വെൻച്വർ’, അതുകൂടി.

വിവാഹം, രണ്ടുവേദികളിലായി അലങ്കരിക്കപ്പെട്ടു.

തുടക്കത്തിൽ,അതിലൊന്നിൽ; മൺഗുഹാ ക്ഷേത്രംകണക്കെ ഹോമകുണ്ഡങ്ങളുടെ ജ്വാലാപ്രഭാവം. കാടിന്‍റെ-പ്രാചീന ശബ്ദോപാദികളുടെ സാങ്കേതികത്തികവ്. വേടവസ്ത്രാദിയലങ്കാരങ്ങൾ… വില്ലു -ബാണമേന്തിയപോൽ ക്യാമറ രശ്മികൾ ….

ഒടുക്കത്തിൽ, രണ്ടാമത്തേതിൽ;

സങ്കല്പ സ്വർഗ്ഗത്തിന്‍റെ തനിപ്പകർപ്പ്. മാലാഖമാരുടെ ചിറകുകളണിഞ്ഞ് ഡ്രോൺ ക്യാമറകൾ മൂളിപ്പറന്നു. ആധുനികതയിൽ സംഗീതസാന്ദ്രമായ അന്തരീക്ഷം … മേഘത്തുണ്ടുകൾ നിരന്തരം ഒഴുകിക്കൊണ്ടിരുന്നു… നക്ഷത്രങ്ങളുടെ കണ്ണുകൾ മിഴിചിമ്മാതെ മിന്നിനിന്നു.

ശ്രീജിത്തിന് അതു വളരെ നല്ലതായിതോന്നി. കല്യാണ ദിവസത്തെ ബഹളങ്ങളിൽനിന്ന്, വീട്ടുകാരുടെ വിളികളുടെ ശല്യങ്ങളിൽനിന്ന് വിശാലമായ ഒരു ഹോട്ടൽമുറിയുടെ സ്വാതന്ത്ര്യത്തിൽ ആദ്യരാത്രി.

സ്വാതന്ത്ര്യദാഹികളായ എല്ലാ നവദമ്പതിമാർക്കും പകർത്താവുന്ന ഒരു വളരെ നല്ല മോഡലാണിതെന്നുകൂടി ശ്രീജിത്തിനു തോന്നി. കൂടെ, അങ്ങനെയൊന്ന് തിരഞ്ഞെടുത്ത അനുമോളുടെ തീരുമാനത്തോട് നന്ദിപൂർവ്വമുള്ള സന്തോഷവും. ആ സന്തോഷം ഒരു നിറപുഞ്ചിരിയാൽ ശ്രീജിത്ത് അനുമോളിനെ അറിയിച്ചിരുന്നതുമാണ്.

വെളിച്ചം,നിലാവിന്‍റെതുപോലൊരു വെളിച്ചം മാത്രമാണ് ശ്രീജിത്തിന്‍റെ മനസ്സിലുണ്ടായിരുന്നത്. അതിന് സമാനമായി, ഒരു മെഴുകുതിരിപോൽ മുറിക്കകത്തെ മനോഹരമായ, പതുപതുത്ത, കട്ടിൽ തിളങ്ങിനിന്നു. ചുറ്റിലും ഇരുട്ട്, ആ വെളിച്ചത്തിന് കാവൽനിന്നു. കാറ്റ്, വളരെ നേർത്തകാറ്റ് എവിടെ നിന്നറിയാതെ മുറിക്കകത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ആ കാറ്റിൽ കട്ടിലിനുമീതെ വിരിച്ച വിരികളെ മൃദുവായി തഴുകിക്കൊണ്ടിരുന്നു. അതിലും മൃദുവായി തഴുകുന്ന മുല്ലപ്പൂഗന്ധം.

ശബ്ദമില്ലാതെ വാതിൽ തുറന്നു. അതിലും ശബ്ദമില്ലാത്ത കാലടികളോടെ അവൾ; തന്‍റെ പ്രിയതമ. പാൽഗ്ലാസ്സ് വാങ്ങി മേശമേൽ വെച്ചശേഷം, മൃദുവായി ചുമലിൽ പിടിച്ച്, അതിലും മൃദുവായി അവളെ കട്ടിലിലിരുത്തി. ചുറ്റിലും വെളിച്ചം മങ്ങിയതായും, അവളുടെ മുഖത്തേക്കു മാത്രമായി വെളിച്ചം ഒതുങ്ങിയതായും ശ്രീജിത്തിന് തോന്നി.

എന്തേലും പറഞ്ഞു തുടങ്ങും മുമ്പ്, അനുമോൾ ശ്രീജിത്തിന്‍റെ ചെവിയിൽ മന്ത്രിച്ചു.

“വിത്ത് ലവ്, ഫ്രീഡം ആൻഡ് നാച്ചുറലി”.

അങ്ങനെ തന്‍റെ ജീവിതത്തിന് നവജീവനേകിയ, തന്‍റെ സ്വപ്നങ്ങൾക്ക് നവസ്വപ്നങ്ങളേകിയ, തന്‍റെ പ്രിയപ്പെട്ടവളുടെ ആ തിരുനെറ്റിയിൽ, എണ്ണമയത്തിൽ അലിഞ്ഞു തുടങ്ങിയ ആ ചന്ദനക്കുറിക്കുമീതെ, തന്‍റെ ജീവനും പ്രാണനും സ്വപ്നങ്ങളും ആവാഹിച്ച്, മൃദുവായ ചുണ്ടിനാൽ, അതിലും മൃദുവായി, ഒരല്പ സമയം, ഏതാണ്ട് ഒരു ശലഭം പൂവിന്മേൽ തേൻ നുകരാനെടുക്കുന്ന സമയം, അത്രമാത്രമെടുത്തൊരു ചുംബനം നല്കാൻ തയ്യാറെടുക്കും മുൻപേ, അനുമോൾ ശ്രീജിത്തിനെ നെഞ്ചോട് ചേർത്തുപിടിച്ചു തന്‍റെ വരുതിയിലാക്കിയിരുന്നു.

ആകെ അന്ധാളിച്ചുപോയ ശ്രീജിത്തിനെ അനുമോൾ ചുംബനങ്ങൾകൊണ്ട് കുളിർപ്പിച്ചു. പരമ്പരാഗത സാരിയിൽ തിളങ്ങിയ അവളെ മുഴുനീളെ കണ്ണുകൾ കൊണ്ടെങ്കിലും ആസ്വദിക്കും മുൻപേ, അവന്‍റെ വസ്ത്രങ്ങൾ അവൾ അഴിച്ചുമാറ്റി. അവളെ ചേർത്തണക്കാൻ ശ്രമിക്കും മുമ്പേ, അവൾ അവന്‍റെ മുകളിലേറി ആധിപത്യം നേടിയിരുന്നു. നാട്യ ചാരുതയോടെ അവൾ ശ്രീജിത്തിന്‍റെ വിവിധ ശരീര സ്ഥാനങ്ങൾക്കുമേൽ ചലിച്ചു കൊണ്ടിരുന്നു. ശ്രീജിത്തിന്‍റെ ഓരോ കോശകണങ്ങളേയും രമിപ്പിക്കുമാറ് അവളുടെ വികാരശബ്ദങ്ങൾ താളമിട്ടു. ശ്രീജിത്തിന്‍റെ ഓരോ മുന്നേറ്റത്തേയും അവൾ വശ്യമായി കവച്ചു മുന്നേറി. വശ്യവൈകാരികപാരമ്യ മുഹൂർത്തത്തിൽ ശ്രീജിത്ത് മേൽക്കോയ്മക്ക് ശ്രമിച്ചുവെങ്കിലും, പരിശീലനം സിദ്ധിച്ച ഒരായോധന കലാഭ്യാസിയെപ്പോലെ അനുമോൾ ഒഴിഞ്ഞു മാറുകയും, അതിനുമുപരിയായി ശ്രീജിത്തിനെ കീഴടക്കുകയും ചെയ്തു.

പലമുറ അടവുകളിൽ ശ്രീജിത്ത് അത്യുന്നതമായി ഉണർന്നു. പിന്നെ അത്യഗാധമായി തളർന്നു. തളർന്നു മയങ്ങാനായുന്ന ശ്രീജിത്തിനെ അനുമോൾ തന്‍റെ കൈകൾക്കുള്ളിലാക്കി മുഖത്തോടു മുഖം ചേർത്തു. എണ്ണമയത്താൽ കുതിർന്ന അവളുടെ നെറ്റിമേൽ അവന്‍റെ നെറ്റി ചേർത്തു. ചുവന്നുതുടുത്ത അവളുടെ മൂക്കുകൊണ്ട് അവന്‍റെ മൂക്കുതൊട്ടു. പിന്നെ – അടുത്തത്! എന്ന് ശ്രീജിത്ത് സ്വപ്നം കണ്ടു; പ്രിയപ്പെട്ടവളുടെ ആ തിരുനെറ്റിയിൽ, എണ്ണമയത്തിൽ അലിഞ്ഞു തുടങ്ങിയ ആ ചന്ദനക്കുറിക്കുമീതെ, തന്‍റെ ജീവനും പ്രാണനും സ്വപ്നങ്ങളും ആവാഹിച്ച്, മൃദുവായ ചുണ്ടിനാൽ, അതിലും മൃദുവായി, ഒരല്പ സമയം, ഏതാണ്ട് ഒരു ശലഭം പൂവിന്മേൽ തേൻ നുകരാനെടുക്കുന്ന സമയം, അത്രമാത്രമെടുത്തൊരു ചുംബനം.

വെളിച്ചം അല്പംകൂടി കറുത്തു പോയതായി ശ്രീജിത്തിനു തോന്നി. മേഘങ്ങളിൽനിന്ന് ഊർന്നിറങ്ങാൻ വെമ്പുന്ന മഴത്തുള്ളികൾ പോലെ, ശരീരത്തിൽനിന്ന് വിയര്‍പ്പുതുള്ളികൾ പൊടിഞ്ഞു വളർന്നുകൊണ്ടിരുന്നു. അതോടൊപ്പം കാറ്റ് കുറേക്കൂടി ചടുലമായി വീശുന്നതായും. ഒരു വെൺമേഘം കാർമേഘത്തിനു മീതെയെന്നവണ്ണം അവരിരുപേരും പതിയെ നീങ്ങുന്ന ആകാശത്തിലെ പരൽമേഘമായി. തണുപ്പിനോട് ചേരാൻ കൊതിച്ചൊരു മഴയെന്നപോലെ, അന്നേരമൊരു ചാറ്റൽ മഴ, അതിന്‍റെ ഈറൻത്തുള്ളികളാൽ ഇരുവരിലേക്ക് ഊർന്നിറങ്ങി.

സ്വപ്നത്തിൽ നിന്നുണർന്നവണ്ണം, അനുമോളുടെ ഈറനണിഞ്ഞ തലയെ, ശ്രീജിത്ത് കൈകൾ കൊണ്ട് പിന്നിലൂടെ ചേർത്തു പിടിച്ചു. പ്രിയപ്പെട്ടവളുടെ ആ തിരുനെറ്റിയിൽ, എണ്ണമയത്തിൽ അലിഞ്ഞു തുടങ്ങിയ ആ ചന്ദനക്കുറിക്കുമീതെ, ശ്രീജിത്ത് തന്‍റെ നെറ്റി ചേർത്തുവെച്ചു. ആ ചന്ദനക്കുറിക്കുമീതെ, തന്‍റെ ജീവനും പ്രാണനും സ്വപ്നങ്ങളും ആവാഹിച്ച് ചുംബിക്കുന്നതിനു മുൻപ്, തുടുപ്പു മങ്ങാറായ അവളുടെ മൂക്കിൻമേൽ തന്‍റെ മൂക്കുകൊണ്ട് ഇടംവലം ഉരസി.

പിന്നെ – അടുത്തത്! ശ്രീജിത്ത് ഉണർന്നു. തന്‍റെ ജീവനും പ്രാണനും സ്വപ്നങ്ങളും ആവാഹിച്ച്, മൃദുവായ ചുണ്ടിനാൽ, അതിലും മൃദുവായി, ഒരല്പ സമയം, ഏതാണ്ട് ഒരു ശലഭം പൂവിന്മേൽ തേൻ നുകരാനെടുക്കുന്ന സമയം, ചുംബിക്കാനായി കണ്ണുതുറന്ന്, പിന്നെ ചുണ്ട് നെറ്റിയോടടുപ്പിച്ചു. ചുണ്ട് നെറ്റിയിൽ തൊട്ടനേരം! മുറിയിൽ നിശബ്ദ സ്ഫോടനം പോലെ വെളിച്ചം കത്തിത്തെളിഞ്ഞു.

“വിത്ത് ലവ്, ഫ്രീഡം ആൻഡ് നാച്ചുറലി”

മുറിയിലെ കർട്ടനുകൾക്ക് പിറകിൽനിന്ന് രണ്ടുപേർ പുറത്തുവന്നു. കൈയ്യടിച്ചവർ വീണ്ടും പറഞ്ഞു,

“വിത്ത് ലവ്, ഫ്രീഡം ആൻഡ് നാച്ചുറലി”.

ശ്രീജിത്ത്, പാമ്പിന്‍റെ കൊത്തേറ്റെന്നപോൽ, ഞെട്ടിത്തെറിച്ചുവീണ്, തന്‍റെ ശരീരത്തെ പുതപ്പിനുള്ളിലാക്കി, കിതച്ചു. അത്ര വേഗത്തിലല്ലെങ്കിലും അനുമോളും പുതപ്പുവലിച്ച് ശരീരം മറച്ചു.

“വെൽഡൺ ആൻ”,

അതിൽ ഉയരം കുറഞ്ഞ്, വീർത്ത ശരീരവും ഷോർട്ട്സും ബനിയനും ധരിച്ചയാൾ മുന്നോട്ടു വന്നു പറഞ്ഞു. പിന്നെ കൂടെയുള്ളയാളിലേക്ക് ബാഗും സ്റ്റാന്റും ക്യാമറയുമേല്‌പിച്ചു. രണ്ടുപേരും മുറിയുടെ പുറത്തേക്ക് പോയി.

“യു ഡൺ ഇറ്റ്; പെർഫെക്ട് & നാച്ചുറൽ”-

ശ്രീജിത്തിന്‍റെ ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ടുകൾ ബലമായമർത്തി അനുമോൾ പറഞ്ഞു.

ബോധത്തിനും അബോധത്തിനും ഇടയ്ക്ക് ശ്രീജിത്ത് കട്ടിലിൽത്തന്നെ കിടന്നു. കിതപ്പ് അയഞ്ഞിരുന്നില്ല. പുതപ്പിനെ അയയാൻ വിടാതെ മുറുകെ പിടിച്ചുകൊണ്ട്, അനുമോളെത്തന്നെ നോക്കിക്കിടന്നു.

വസ്ത്രങ്ങൾ ധരിക്കുന്ന സമയത്ത് അനുമോൾ പറഞ്ഞു
.
“സീ… ശ്രീ, ഹി ഇസ് ഐസുൽ ഹുർയുൻ ഹെയ്ദ്. ദി ഇന്റർനാഷണൽ ടൈക്കൂൺ ഓഫ് ദി ഫിലിം ഇൻഡസ്ട്രി. അയാളെ കിട്ടിയത് നമ്മുടെ ഭാഗ്യമാണ്. ആന്‍റ് യു നോ ശ്രീ, ഇത് ലണ്ടൻ ‘ഫെസ്റ്റിവൽ ഓഫ് ലവ്’ൽ സ്ക്രീൻ ചെയ്യപ്പെടും. അവിടെ മാത്രം. ആന്‍റ് ഒൺലി ടെൻ എൻട്രീസ് ഫ്രം ഓർ ഓവർ ദി വേൾഡ് ആർ കോമ്പീറ്റിംങ് ഇൻ ദി ഫെസ്റ്റിവൽ. ദി ക്വാലിഫിക്കേഷൻ ഇസ് ഒൺലി ദി എക്സലൻസ് റേറ്റിംങ്ങ് ഒഫ് ദി ഡിറക്ടേഴ്സ്. ദാറ്റ്സ് വൈ ഹിയർ ദി ഐസുൽ ഹുർയുൻ ഹെയ്ദ്”.

അനുമോളുടെ ഫോൺ റിങ് ചെയ്തു. ഫോൺ എടുക്കുന്നതിന് മുൻപ് ശ്രീജിത്തിനോട് അവൾ പറഞ്ഞു.

“സീ…. ശ്രീ, സൗണ്ട് റെക്കോർഡിങ്ങിനായി ഞാൻ ബാംഗ്ലൂർക്ക് പോകുകയാണ്. ആൻഡ് ഐവിൽ റിട്ടേൺ ഓൺ സൺഡേ. ദി ഫെസ്റ്റ് ഇസ് ഓൺ സാറ്റർഡേ. ശ്രീ…, ഒരു കാര്യം ചെയ്യണം, സൺഡേ ഒരു പാർട്ടി അറേഞ്ച് ചെയ്യണം. ഞാനെന്‍റെ ഫ്രണ്ട്സിനോടെല്ലാം വരാൻ പറഞ്ഞിട്ടുണ്ട്”

‘അപ്പോൾ ഞാൻ വരണ്ടേ’, എന്ന് ചോദിക്കാനുള്ള ശബ്ദമോ ശക്തിയോ ശ്രീജിത്തിന് അന്നേരം ഉണ്ടായിരുന്നില്ല.

പുറത്തേക്ക് നടക്കാൻ തുടങ്ങിയ അനുമോൾ എന്തോ ഓർത്തിട്ടെന്ന പോലെ ശ്രീജിത്തിനോട് പറഞ്ഞു.

“ശ്രീയുടെ ശബ്ദത്തിന്‍റെ ആവശ്യമില്ല”
.
ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു,

“ആന്‍റ്, ദി തീം ഓഫ് ദിസ് ഇയേഴ്സ് ഫെസ്റ്റ് ഇസ് ‘വോയ്സ്, ദി പവർ ഓഫ് വിമൺ’ എന്നതാണ്”.

ശ്രീജിത്തിന്‍റെ അരികിലേക്ക് കുനിഞ്ഞ്, നെറ്റിമേൽ ചുംബിച്ച് പറഞ്ഞു.

“യു, ഡിഡ് വെൽ, ശ്രീ”.

അനുമോൾ മുറിവിട്ടു പുറത്തേക്കു പോയി. അകത്ത് അപ്പോൾ പെയ്തു തീർന്ന മഴയുണ്ടായിരുന്നു. വീശിത്തണുത്ത കാറ്റുണ്ടായിരുന്നു. അന്നേരമവിടെ, ചുട്ടുപൊള്ളിച്ച ഒരു യഥാർത്ഥ്യവും തണുത്തു മരവിച്ച ഒരു സ്വപ്നവും തമ്മിൽ ഇണചേരാൻ മടിച്ച് നേർക്കുനേർ നോക്കാനാവാതെ പരസ്പരം പിൻതിരിഞ്ഞിരുന്നു. ശ്രീജിത്ത് അവരെ നോക്കിയിരുന്നു.

‘കല്യാണത്തിന് വരാൻ സാധിക്കാത്ത അവളുടെ ഫ്രണ്ട്സിന് വേണ്ടി’ എന്നു വീട്ടുകാരോട് പറഞ്ഞ്, ശ്രീജിത്ത് പാർട്ടി ‘മാനേജ്’ ചെയ്തുകൊണ്ടിരുന്നു.

അനുമോളുടെ ഫോൺ വിളിവന്നു. ആവേശം നിറച്ച ശബ്ദം ശ്രീജിത്ത് ചെവികൾ കൊണ്ടുമാത്രം കേട്ടു.

“ശ്രീ, വി വൺ, വി വൺ ഇൻ ദി സെക്കന്‍റ് പൊസിഷൻ. ആന്റ് യു നോ ശ്രീ, വി ലോസ്റ്റ് ദി ഫസ്റ്റ്, ജസ്റ്റ് ബൈ എ ടു പോയിന്‍റ്സ് . ശ്രീജിത്തിന്‍റെ കുറ്റമല്ല. യു സീൻ ഗുഡ്, എസ്പെഷ്യലി ദി ഇഫക്ട ഓഫ് യുഒർ കൃഷ്ണാബ്ലാക്ക്. ബട് ദാറ്റ് ബ്ലഡി ഇന്ത്യൻ മെയിൽ ഡോമിനേഷൻ കൾച്ചർ ഇൻ യു …”.

ബാക്കിയൊന്നും ശ്രീജിത്ത് കേട്ടില്ല. ബാക്കിയൊന്നു. അനുമോൾ പറഞ്ഞിട്ടുമില്ല.

വാ കൊപ്ലിച്ചശേഷം ശ്രീജിത്ത് പല്ലിൽ കുരുങ്ങിയ ഇറച്ചിനാര്, കൈ കൊണ്ടെടുത്ത് പുറത്ത് കളഞ്ഞു.

ഒരെല്ലിൻ കഷ്ണംപോലും കിട്ടാത്ത ഒരു നായ ശ്രീജിത്തിനെ ദയനീയമായൊന്ന് നോക്കി. ഒരു കാക്ക തേക്കിൻ കൊമ്പിലൂടെ, ഒരു വശത്തേക്ക് തിരിഞ്ഞ് ചാടിചാടി വന്നു. ഒറ്റയ്ക്കായതിനാലോ എന്തോ, ആ കാക്ക ഭക്ഷണത്തിനുവേണ്ടി കരഞ്ഞില്ല!
***

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English