കിങ്ങിണിപ്പൂച്ച

 

അമൃതക്ക് അമ്മ രാവിലെ പാലും ബിസ്ക്കറ്റും കൊടുത്തു. കുട്ടി പാലു കുടിച്ചു ബിസ്ക്കറ്റ് എടുത്തു കൈയില്‍ പിടിച്ചു തിന്നുകൊണ്ട് മുറ്റത്തു കൂടി നടന്നു.

അമൃത എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്. അവള്‍ മുറ്റത്തു കൂടി നടക്കുന്ന കണ്ടപ്പോള്‍‍ അമ്മ വിളിച്ചു പറഞ്ഞു.

” കൈയിലെ ബിസ്ക്കറ്റ് കാക്ക റാഞ്ചിക്കൊണ്ടു പോകും. പോയി അകത്തിരുന്നു തിന്നിട്ടു വാ.”

” കാക്ക എവിടെയാണ് അമ്മേ?” അമൃത ചോദിച്ചു .

” ദേ, ചാമ്പയുടെ ചില്ലയില്‍ ഇരിക്കുന്നു. നിന്നെ തന്നെയാണു നോക്കുന്നത്. തരം കിട്ടിയാല്‍ നിന്റ കൈയില്‍ നിന്ന് ബിസ്ക്കറ്റ് കൊത്തിയെടുത്തുകൊണ്ടു പോകും ” മുറ്റമടിച്ചു കൊണ്ടു നിന്ന അമ്മ മകളോടു പറഞ്ഞു.

”കാക്ക വരട്ടെ കാണിച്ചു കൊടുക്കാം എന്റെ കൈയിലെ ബിസ്ക്കറ്റ് കാക്കക്കു കിട്ടില്ല ” എന്നു പറഞ്ഞു കൊണ്ട് അമൃത കാക്കയെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ട് മുറ്റത്തു കൂടി നടന്നു.

അമൃത ബിസ്ക്കറ്റ് തിന്നു കൊണ്ടൂ നടക്കുന്നത് അവളുടെ കിങ്ങിണിപ്പൂച്ച കണ്ടു. പൂച്ച സ്നേഹം ഭാവിച്ച് അരികില്‍ ചെന്ന് അവളുടെ വായിലേക്കു നോക്കി. പൂച്ചക്ക് ബിസ്ക്കറ്റ് തിന്നാന്‍‍ കൊതിയായി. പൂച്ച മ്യാവൂ, മ്യാവൂ എന്നു കരഞ്ഞ് കൊണ്ട് അമൃതയുടെ അരികിലൂടെ നടന്ന് അവളുടെ വായിലേക്കു തന്നെ നോക്കി. അമൃത പൂച്ചയെ ശ്രദ്ധിച്ചില്ല. പൂച്ചക്ക് ബിസ്ക്കറ്റ് കൊടുത്തില്ല. അവള്‍ കാക്കയെ നോക്കി നിന്നു.

കാക്ക കാ… കാ എന്നു പാടി തല ചരിച്ച് അമൃതയെ നോക്കി ഇരിന്നിടത്തു നിന്നു മാറി അടുത്ത ചില്ലയില്‍ ചാടി ഇരുന്നു.

അമൃത കാക്കക്ക് ഒപ്പം കാ… കാ…കാ എന്നു പാടി കാക്കയെ കണ്ണ് ഉരുട്ടി കാണിച്ചു.

അമൃതയുടെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് കിങ്ങിണി പൂച്ച അവളു‍ടെ പുറകെ നടക്കുന്നുണ്ടായിരുന്നു. അമൃതയുടെ ശ്രദ്ധ മുഴുവന്‍ കാക്കയിലാണ്. തന്നെ അവള്‍ക്ക് ശ്രദ്ധിക്കുന്നില്ല എന്ന് കിങ്ങിപ്പൂച്ചക്കു മനസിലായി. ഈ തക്കത്തിനു കിങ്ങിണീ പൂച്ച അമൃതയുടെ കൈക്ക് ഒരു തട്ടു കൊടുത്തു. അമൃത പേടിച്ചു പോയി. അമ്മേ എന്നു കരഞ്ഞു കൊണ്ട് അവള്‍ തിരിഞ്ഞു നോക്കി. കൈക്കു തട്ടിയതിന്റെ ആഘാതത്തില്‍ ബിസ്ക്കറ്റ് കൈയില്‍ നിന്നും താഴെ വീണു.

കിങ്ങിണിപ്പൂച്ച കൈയിലെ ബിസ്ക്കറ്റ് തട്ടിയെടുത്തു കൊണ്ട് അകലേക്ക് ഓടിപ്പോയി.

” അമ്മേ കള്ളിപ്പൂച്ച കൈയിലെ ബിസ്ക്കറ്റ് തട്ടിയെടുത്ത് അകലേക്ക് ഓടി ” എന്നു പറഞ്ഞ് അമൃത കരഞ്ഞു.

കരച്ചില്‍ കേട്ട് അമ്മ വന്നു പറഞ്ഞു.

” അകത്തിരുന്നു ആഹാരം കഴിക്കണം കാക്ക റാഞ്ചും എന്നു പറഞ്ഞില്ലേ നിന്നോട് ഞാന്‍.”

” അമ്മേ കാക്കയല്ല റാഞ്ചിയത് പൂച്ചയാണ്” അമൃത കരച്ചിലിനിടയിലമ്മയെ അറിയിച്ചു.

” മോളേ കാക്കയും പൂച്ചയും കോഴിയും പട്ടിയും ഒന്നും കൊണ്ടു പോകാതിരിക്കാനാണ് അമ്മ മുന്നറിയിപ്പു തന്നത്. മോള്‍ അനുസരിച്ചില്ല. ബിസ്ക്കറ്റ് നഷ്ടപ്പെട്ടു. ഇനി കരഞ്ഞിട്ടു കാര്യമില്ല. മേലില്‍ സൂക്ഷിക്കുക. അമ്മ പറയുന്ന് അനുസരിക്കുക.”

” മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും എന്നല്ലേ പഴമൊഴി ”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here