കിളിപ്പാട്ട്‌: ആത്മപ്രഹർഷം , കാവ്യാത്മകം

                                                                         

വർഷങ്ങൾക്കു മുൻപ്‌, ഒരു കർക്കിടകമാസ രാവിൽ, മഴ  പെയ്തിറങ്ങുന്ന ഓടിട്ട വീടിന്റെ ഉമ്മറത്തിരുന്ന്,  നിലവിളക്കിന്റെ വെളിച്ചത്തിൽ അചഛൻ ഈണത്തിൽ  വായിക്കുന്നത്‌, വാതിലിന്റെ മാറവിൽ നിന്ന് കുട്ടിയായിരുന്ന ഞാൻ, കൗതുകപൂർവ്വം നോക്കി രസിക്കുന്നതാണ്‌,  രാമായണത്തെക്കുറിച്ചുള്ള എന്റെ  ആദ്യത്തെ ഓർമ്മയായി മനസ്സിലെത്തുന്നത്‌. 

 അചഛൻ അന്നു വായന നിർത്തി അവിടെ നിന്നെഴുന്നേറ്റു പോയതിനു ശേഷം ഞാൻ ചെന്ന് ആ പുസ്തകത്തിലേയ്ക്ക്‌ ഉറ്റുനോക്കുമ്പോൾ, തുറന്നുവെച്ചിരിയ്ക്കുന്നൊരു പേജിൽ കണ്ട, ചിറകറ്റുകിടക്കുന്ന ഒരു പക്ഷിയുടെ ചിത്രം, ഇപ്പോഴും എന്റെ ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു.

അത്‌ ജഡായു ആയിരുന്നെന്നു തിരിച്ചറിയാൻ പിന്നെയും കാലതാമസമെടുത്തു.എങ്കിലും രാമായണത്തിലെ  രേഖാചിത്രങ്ങളും,  വലിയക്ഷരങ്ങളിലെഴുതിയ വരികളും കാണാനായി,  പിന്നീടു പലപ്പോഴും വളരെ രഹസ്യമായി  ഞാൻ രാമായണം കയ്യിലെടുത്തു മറിച്ചു നോക്കാറുണ്ടായിരുന്നു.  അതൊക്കെ ഉൾത്താരിൽ, രാമായണത്തെ ഒരു വിശുദ്ധിയിലേയ്ക്കുയർത്തിയിരുന്നെങ്കിലും, പിന്നിട്ട മനസ്സുറയ്ക്കാത്ത കാലങ്ങളിൽ,  എല്ലാ കർക്കിടക മാസങ്ങളിലും ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കാറുള്ള രാമായണ പാരായണങ്ങളൊന്നും, എന്റെ മനസ്സിനെ അൽപ്പം  പോലും തൊട്ടുണർത്തിയില്ല. 

ഇത്രയും കാലം എന്തുകൊണ്ടു ഞാൻ രാമായണം വായിച്ചില്ല എന്നത്‌ എന്നിലുണ്ടാക്കുന്ന നഷ്ടബോധം ചില്ലറയൊന്നുമല്ല. മലയാളദേശത്തെ മഹാപ്രളയകാലം കഴിഞ്ഞ്‌, അതിനടുത്ത കർക്കിടമാസത്തിൽ മൂത്ത സഹോദരിയുടെ (വല്ല്യേച്ചി) അടുത്ത്‌ കുടുംബസമേതനായി കുറച്ചുദിവസം താമസിയ്ക്കാനുള്ള ഒരവസരം  വീണുകിട്ടിയപ്പോഴാണ്‌, സാക്ഷാൽ മഹാവിഷ്ണുവിന്റെ മനുഷ്യാവതാരമായ  രഘൂത്തമന്റെ ഉത്‌കൃഷ്ട കഥയുടെ കിളിപ്പാട്ട്‌, എന്നിൽ ആത്മീയഹർഷത്തിന്റെ ഒരു മിന്നൽപ്പിണർ വീഴ്ത്തിയത്‌. പ്രഭാതത്തിൽ നേർത്തു പെയ്യുന്ന  മഴയുടെ താളത്തിൽ പൂമുഖത്തിരുന്ന് രാമായാണം വായിക്കുന്ന  വല്ല്യേച്ചിയുടെ മധുരശബ്ദം, എഴുത്തചഛന്റെ പഥാവലിയുടെ ക്ഷീരപഥത്തിലേയ്ക്കാണ്‌ അന്ന്  എന്നെ ഉണർത്തി വിട്ടത്‌. അദ്ധ്യാത്മ രാമായണം കിളിപ്പാട്ടു വായിക്കാതെ പോയതിൽ അന്നാദ്യമായി ഞാൻ മനസ്താപപ്പെട്ടു.

       ഒരു രോഗവിഷാണു, രാക്ഷസനെപ്പോലെ മനുഷ്യകുലത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തു പോലും, അദ്ധ്യാത്മ രാമായണ പാരായണം നൽകുന്ന  ആത്മബലം അനിർവ്വചനീയമാകുന്നു. അദ്ധ്യാത്മ രാമായണത്തിന്റെ കാവ്യഭംഗിയുടെ ഉദായസ്തമയങ്ങൾ  പിന്നിട്ടു പോരുമ്പോൾ, ഓരോ അനുവാചകനും അനുഭവിച്ചറിയുന്ന ആത്മനിർവൃതി കൃതാർത്ഥോസ്മ്യകം തന്നെ! പുണ്യാത്മാവായ എഴുത്തചഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌, ഓരോ സാധാരണക്കാരന്റെയും ആത്മാവു ഭേദിക്കുന്ന ജീവിത  സാഹചര്യങ്ങളിൽ നിന്നും കൈപിടിച്ചുയർത്തി, മുക്തിയുടെ പരമപ്രകാശത്തിലേയ്ക്കു   നയിക്കാനുതകുന്നു.

    എഴുത്തചഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌,  ഓരോ മലയാളിയും ചുരുങ്ങിയപക്ഷം ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിയേക്കണ്ട, ഒരു ഉൽകൃഷ്ട  കാവ്യം തന്നെയാണെന്നുള്ളതിൽ ഒരു സംശയവുമില്ല. വാല്മീകി രാമായണം മലയാളത്തിന്റെ ആത്മീയതയുടെ വേറിട്ടൊരു കൃതിയായി തുഞ്ചത്തെഴുത്തചഛൻ രചിച്ചിരുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതത്തെപ്പോലെത്തന്നെ, അദ്ധ്യാത്മ  രാമായണം കിളിപ്പാട്ടും  അഞ്ജാതമായിപ്പോകുമായിരുന്നു. തുഞ്ചത്തെഴുത്തചഛന്റെ കിളിപ്പാട്ട്‌ കാവ്യാത്മകം, സംശയമില്ല. ആത്മപ്രഹർഷം തുളുമ്പുന്ന അതു

 “അധ്യയനംചെയ്കിൽ മർത്ത്യനജ്ജന്മനാ 

മുക്തി സിദ്ധിക്കുമതിനില്ല സംശയം”.

                                                     

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here