
മയ്യഴിയിലെ ചരിത്രസ്മാരകങ്ങളും മറ്റും കാണാൻ കുട്ടികൾ എത്തിയപ്പോൾ അവരെ വരവേറ്റത് , മയ്യഴിയുടെ നോവലിസ്റ്റ് എം.മുകുന്ദൻ, ഫ്രഞ്ചുകാരനായി ജനിച്ച ശൈശവകാലവും,രോഗാതുരമായ ബാല്യകാലവും, വിമോചന പോരാട്ടത്തിന്റെ ചോരകിനിയുന്ന യൗവ്വനവും വികാര തീവ്രതയോടെ കഥാകാരൻ വിശദീകരിച്ചപ്പോൾ, കുട്ടികൾ മാസ്മരികമായ ഒരു ശാന്തിതീരത്തെത്തുകയായിരുന്നു.ബാലസംഘം ചൊക്ളി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുട്ടികൾ മയ്യഴി മണ്ണിലൂടെ ചരിത്ര സഞ്ചാരം നടത്തിയത്. കഥകളിൽ കേട്ടുമാത്രം പരിചയമുള്ള ലോകത്തെ കണ്ടും അനുഭവിച്ചും കുട്ടികൾ നിന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ ആധാരമാക്കിയുള്ള ചുമർശിൽപ്പങ്ങളിലൂടെ കഥാപാത്രങ്ങളെ തൊട്ടറിഞ്ഞു. തലമുറകളിലൂടെ ഇന്നും ജീവിക്കുന്ന പല കഥാപാത്രങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക്, ചരിത്രവും മിത്തുക്കളും ചേർത്ത് കഥാകാരൻ എം.മുകുന്ദൻ സരളമായി മറുപടി നൽകി