അമ്മേ…… ഇന്നെനിക്ക് വയ്യ.
വയറിൽ പിടിച്ചമർത്തി
കുനിഞ്ഞ് നിന്നനങ്ങാതെ,
കൊച്ച് പറഞ്ഞു.
ഹോ……. എന്തൊരു വയറു വേദന.
എന്റെ നെറ്റിയിൽ
തൊട്ട് നോക്കൂ.
എന്തൊരു ചൂടാ……
ഇന്നെനിക്ക് പനിയാ…. വയ്യ.
കവിളത്തടിച്ച് വായ പൊത്തി
കുഞ്ഞനിയനിന്ന് പറഞ്ഞു?….
അമ്മേ….. എനിക്കിന്ന് പല്ല് വേദന.
കുറച്ച് ദിവസങ്ങൾക്ക് ശേഷം,
മുട്ട് വേദന, കൈവേദന.
അമ്മയൊരു വാക്ക് ചൊന്നാൽ,
വാവേ….. എന്നാലിന്ന് നീ…
സ്കൂളിൽ പോവണ്ട.
അതോടെ പമ്പ കടക്കുന്ന
വേദനക്കൂട്ടങ്ങൾ…..
ഒരു ദിവസമാസ്വദിക്കാനായി
ഒരവധിക്ക് വേണ്ടി,
കാരണങ്ങളുണ്ടാക്കുന്ന
കൊച്ചു മക്കൾ.
എന്തിനാണമ്മേ ഈ കല്യാണം
ഞായറാഴ്ചയാക്കിയത്?…
കല്യാണത്തിന്ന് പോകുമ്പോൾ,
അമ്മയോട് ചോദിച്ചവർ.
അടച്ച് പൂട്ടപ്പെട്ട മുറിക്കുള്ളിലെ
ടെലിവിഷനിലും, മൊബൈൽ സ്ക്രീനിലും,
നാലു ചുമരുകൾക്കുള്ളിൽ
കുടുങ്ങിക്കിടന്നിട്ട്,
മാസങ്ങളേറേയായി.
ഫസ്റ്റ് ബെൽ മുഴങ്ങി.
ചാറ്റൽ മഴ തുടങ്ങി.
പുതിയ ബാഗും കുടയും
വാങ്ങിയ കുഞ്ഞു വാവമാർ,
സ്കൂൾ ബസ് കയറാൻ
കൊതിയോടെ നിന്നവർ!……
കഴിഞ്ഞ കൊല്ലം
ഏട്ടന്മാർ പോയപ്പോൾ,
ചേട്ടത്തിമാർ പോയപ്പോൾ,
കൂടെപ്പോകാൻ ആശിച്ച് നിന്ന
കുഞ്ഞനിയന്മാർ…..
കൂട്ടുകാരെ കണ്ടെത്താനാകാതെ,
കൂട്ടിലൊതുങ്ങി മടുത്ത്
കൂടിക്കാഴ്ചകളില്ലാതെ,
കൂട്ട് കെട്ടുകളില്ലാതെ,
കൊറോണയുടെ ‘കൊക്കരണ’യിൽ
കൊതികൾ കുഴിച്ചു മൂടിയ
കൊച്ചുങ്ങൾ…..
(കൊക്കരണ = ചതുരത്തിലുള്ള ആഴമുള്ള കുഴി)