ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ കുലപതി കെ ജി സുബ്രഹ്മണ്യന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേരള ലളിതകലാ അക്കാദമിയും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗുള്‍ ഫൗണ്ടേഷനും സംയുക്തമായാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്. എറണാകുളം ദര്‍ബാര്‍ഹാളിലെ ആര്‍ട്ട് സെന്ററില്‍ നടന്നുവരുന്ന പ്രദര്‍ശനത്തില്‍ കെ ജി സുബ്രഹ്മണ്യന്‍ വരച്ച ചിത്രങ്ങള്‍, സ്‌കെച്ചുകള്‍, എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിച്ച ചിത്രപ്രദര്‍ശനം മെയ് 19 വരെയാണ്.
ചിത്രകാരനായും ശില്‍പിയായും കലാ അധ്യാപകനായും പതിറ്റാണ്ടുകളോളം സജീവമായിരുന്നു കെ ജി സുബ്രഹ്മണ്യന്‍. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കാളിദാസ സമ്മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ രാജാ രവിവര്‍മ്മ പുരസ്‌ക്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.2016 ജൂണ്‍ 29 ന് അദ്ദേഹം അന്തരിച്ചു.
ഓള്‍ ഇന്ത്യ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ് ഇന്‍ അപ്ലൈഡ് ആര്‍ട്ട്‌സ്, ഗുജറാത്ത് ലളിതകലാ അക്കാദമി, ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹാന്‍ഡിക്രാഫ്റ്റ്‌സ് ബോര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്നിവയില്‍ അംഗമായിരുന്നു. വെന്‍ ഗോഡ് സ്ട്ട് മെയ്ഡ് ദി ആനിമല്‍സ് ഹി മെയ്ഡ് ദെം ഓള്‍ അലൈക്ക്, ദി ബട്ടര്‍ഫ്‌ലൈ ആന്‍ഡ് ദി ക്രിക്കറ്റ്, എ സമ്മറി സ്‌റ്റോറി, അവര്‍ ഫ്രണ്ട്‌സ് ദി ഓഗേഴ്‌സ്, ദി ടെയ്‌ല് ഓഫ് ദി ടോക്കിങ് ഫെയിസ് എന്നിവയാണ് രചിച്ച പ്രധാന പുസ്തകങ്ങള്‍.