കഴിഞ്ഞ ദിവസം അന്തരിച്ച പി.എൻ.ദാസിനെ ഓർക്കുകയാണ് കവി കെ.ജി.ശങ്കരപ്പിള്ള.
ക്രൂരതയ്ക്കെതിരായ പ്രതിരോധത്തിന്റെ സൗമ്യതേജസ്സായിരുന്നു പി.എൻ.ദാസ്. അലിവ് ആത്മബലമായ അപൂർവ്വ പ്രബുദ്ധത. പുതിയ നാഗരികതയിലെ ഹിംസയ്ക്കും ഉന്മാദത്തിനും വെളുത്ത ഇരുട്ടിനിമെതിരെ ദാസിന്റെ ആത്മജ്വാല എന്നും ജ്വലിച്ച് നിന്നു. രോഗ, ലോക, പീഡിതർക്കൊപ്പം സഫലസാന്ത്വനമായി.
1971-ൽ ഞാനാദ്യം കാണുന്നത് പട്ടാമ്പിക്കോളെജിൽ നിന്ന് അധികം ദൂരെയല്ലാത്ത കൊച്ചുമുഹമ്മദിന്റെ പൊളിഞ്ഞ വീട് കെട്ടിക്കൊടുക്കുന്നതിൽ മുഴുകിയ ദാസ്, മോഹനൻ, നാരായണന്മാരെ ഒരാളെന്ന പോലെ ഒന്നിച്ചായിരുന്നു. ‘മനുഷ്യൻ’ എന്നൊരു കൈയെഴുത്ത് മാസിക അന്നവർ നടത്തിയിരുന്നു. നിശിതമായി വരുന്ന നീതിബോധവും ഗോർക്കിയും യൂഗോയും എം. ഗോവിന്ദനും എം.എൻ.റോയിയും മറ്റനേകരും അവർക്ക് കൂട്ടാവുന്നത് കണ്ടു. മോഹനന്റെയും നാരായണന്റെയും ചിത്രങ്ങളും എഴുത്തും ‘മനുഷ്യനി’ലുണ്ടായിരുന്നു.
അക്കാലത്ത് പലപ്പോഴും പട്ടാമ്പിപ്പുഴക്കരയിലെ നിലാത്തുറസ്സിൽ ദാസും വി. മോഹനനും ടി.നാരായണനുമൊപ്പം രാപ്പാർക്കാൻ കഴിഞ്ഞു. മണലിൽ നാട്ടിയ ചില്ലുവിളക്കിന്റെ വെട്ടത്തിൽ ടാഗോറിന്റെ ‘വസുന്ധര’ വായിച്ചു. ഞങ്ങൾക്കും പുഴയ്ക്കും കുറുകേ പല പാട് രാപ്പക്ഷി പാടിപ്പോയി. ‘വസുന്ധര’യിലെ ധ്രുവാതീത വാൽസല്യത്തിൽ ലയിച്ചിരുന്ന ദാസിനെ ഈ നിമിഷം ഞാനോർക്കുന്നു.
നീതിക്കും സ്വാതന്ത്ര്യത്തിനുമായുള്ള ജനകീയപ്പോരാട്ടങ്ങളിലും തടവറയിലെ പീഡാനുഭവ പരമ്പരയിലും സഹനത്തിലും ധ്യാനത്തിലും എഴുത്തിലും സേവന ശുശ്രൂഷകളിലും നീരാടിത്തെളിഞ്ഞുണർന്ന ദാസെന്ന മഹാ വിശുദ്ധിക്കും സൂക്ഷ്മശക്തിക്കും , ദാസിനെക്കുറിച്ചുള്ള തീരാസ്മരണകൾക്കും, പ്രണാമം.