മീശക്കാരൻ കേശു

എസ്.ഐ. കേശു സ്റ്റേഷനിൽ വന്നാൽ ആദ്യം ചെയ്യുന്നത് തന്റെ കപ്പടാ മീശ ചുരുട്ടി പിരിച്ച് മുകളിലേക്ക് ഉയർത്തി നിർത്തുന്നതാണ്. പിന്നെ തല ഉയർത്തി സീറ്റിൽ ഞെളിഞ്ഞിരിക്കും. അപ്പോഴാണ് പാവം പീസിമാർ ചില കള്ളന്മാരെ തൂക്കിയെടുത്ത് മുന്നിലെത്തിക്കുന്നത്.
“സാർ.. ഇവമ്മാരെ ഇന്നലെ രാത്രി ടൗണീന്ന് പൊക്കിയതാ.. മോട്ടിക്കാനിറങ്ങിയതാ..”
കേശു മീശ ഒന്നുകൂടി പിരിച്ചുവച്ചു. ഉണ്ടക്കണ്ണുകൾ ഉരുട്ടി.
“…സാർ.. ഞങ്ങൾ നടക്കാനിറങ്ങിയതാ…”
“ഛീ..റാസ്ക്കൽസ്..നട്ടപ്പാതിരക്കാണോടാ നടക്കുന്നേ..? സത്യം പറഞ്ഞോണം..?”
കേശു മീശ ഒന്നുകൂടി പിരിച്ചു. മുഷ്ടി ചുരുട്ടി.
“…സത്യം പറയാമോ..ഞങ്ങൾ മോട്ടിക്കാനിറങ്ങിയതാണേ…ഞങ്ങളെ ഇടിക്കല്ലേ…”
പേടിച്ച് വിറച്ചുപോയി ആ പഞ്ചപാവങ്ങൾ. ഫലമോ..? തറ മുഴുവൻ മൂത്രാഭിഷേകം..!
“ഛേ..!? എന്തുവാടേ ഈ കാണിച്ചേ..?”
“സാർ.. ഞങ്ങൾ അറിയാതെ..?”
“അതിന് ഈ തറ മുഴുവൻ നാറ്റിക്കണോ..? ശ്ശോ!! എന്തൊരു നാറ്റം..?? വേഗം തറ തുടച്ച് വൃത്തിയാക്കെടാ റാസ്ക്കസ്..?”
പാവം കള്ളന്മാർ കുത്തിയിരുന്ന് തറ മുഴുവൻ തുടച്ച് വൃത്തിയാക്കി.
രാത്രിയായി. ഡ്യൂട്ടി കഴിഞ്ഞ് കേശു വീട്ടിലെത്തി.
ഭീകരഭാര്യ മുന്നിൽ!!? പുരികം രണ്ടും മീശ പോലെ മേൽപ്പോട്ട് പിരിച്ചു വച്ചിരിക്കുന്നു!
“ങ്ങും..!? …എന്താ ഇത്ര താമസിച്ചേ…??”
“..അത്..സ്റ്റേഷനിൽ ഇത്തിരി പണി ഉണ്ടായിരുന്നു..അതുകോണ്ടാ..” കേശു വിനീതനായി മൊഴിഞ്ഞു.
“..ങ്ങാ..ശരി..ഇന്നത്തേക്ക് ക്ഷമിച്ചിരിക്കുന്നു…ഇനി താമസിച്ചു വന്നാലുണ്ടല്ലോ..?
ഭാര്യയുടെ ഗർജ്ജനം കേട്ടതും തറയിൽ “..ശൂർ..ർ..” എന്ന ശബ്ദം കേൾക്കാൻ തുടങ്ങി!
“..ഛേ..! ..എന്തവാ മനുഷ്യാ ഈ കാണിച്ചേ…?…എന്തൊരു നാറ്റം..? വേഗം തറ മുഴുവൻ തുടച്ച് വൃത്തിയാക്ക്..?”
പാവം കേശു ഇപ്പോഴും തറ തുടച്ചു കൊണ്ടിരിക്കുകയാണ്…

………………….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here